UPDATES

വാര്‍ത്തകള്‍

ഛത്തീസ്ഗഢില്‍ കടുത്ത നടപടികളുമായി ബിജെപി; 10 സിറ്റിങ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സീറ്റില്ല

2014-ല്‍ ബിജെപിയെ പിന്തുണച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടാവരുതെന്ന കണക്കുകൂട്ടലിലിാണ് ബിജെപി.

ഛത്തീസ്ഗഢ് ലോക് സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത നിലപാടുമായി ബിജെപി. പത്ത് സിറ്റിങ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പുസമിതി യോഗത്തിന്റെ തീരുമാനം. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ ഇവര്‍ കൂടി കാരണമാണെന്നാണ് നേതൃത്വം ചൂണ്ടികാട്ടുന്നത്.

ചൊവ്വാഴ്ച രാത്രി വൈകി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലാണ് തീരുമാനം. റായ്പൂര്‍ എംപി രമേഷ് ബൈസ്, മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെ മകനും രാജ്നന്ദ് ഗാവ് എംപിയുമായ അഭിഷേക് സിംഗിനുമൊക്കെ ഈ തീരുമാനം തിരിച്ചടിയായേക്കും. രമണ്‍ സിങിനെ, രാജ്നന്ദ് ഗാവില്‍ മത്സരിപ്പിക്കണമോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്, ‘കൂട്ട വെട്ടിനിരത്തല്‍ ഛത്തീസ്ഗഢീല്‍ മാത്രമായിരിക്കില്ല. ഇതേ നടപടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത നടപടിയുണ്ടാകും’ എന്നാണ്.

‘ഛത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ മുഖമായി പുതിയ ആളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2018ലെ അസംബ്ലി ഇലക്ഷനിലെ തോല്‍വി കാരണം നിലവിലെ ബിജെപിയുടെ ഒരു എംപിയെയും പരിഗണിക്കുന്നില്ല’ എന്നാണ് ഡല്‍ഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

ഉള്‍പ്പാര്‍ട്ടി പിണക്കങ്ങള്‍, മുന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം, എംപിമാരുടെ പ്രവര്‍ത്തനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പതിനൊന്നില്‍ പത്തിടത്തും പുതിയ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചത്. 2014-ല്‍ ബിജെപിയെ പിന്തുണച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടാവരുതെന്ന കണക്കുകൂട്ടലിലിാണ് ബിജെപി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍