UPDATES

ട്രെന്‍ഡിങ്ങ്

വാതില്‍പ്പടിയിലെത്തിയ ഏകാധിപത്യത്തെ നേരിടാന്‍ തെരഞ്ഞെടുപ്പ് പരിഷ്കരണവും അനിവാര്യമാണ്

കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ ഈയിടെ ഒരു പാര്‍ലമെന്ററി സമിതിക്ക് മുമ്പാക നിലവിലുള്ള FPTP സമ്പ്രദായത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും അത് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് നിരവധി കുഴപ്പങ്ങളുണ്ട്, ഇനിയെങ്കിലും അത് അംഗീകരിച്ചേ കഴിയൂ. ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കാന്‍ അതിനു കഴിയുന്നില്ല, വിജയികള്‍ക്ക് ഒറ്റയടിക്ക് നിരവധി സീറ്റുകള്‍ ലഭിക്കുന്നു, അതേ സമയം, വലിയൊരു വിഭാഗത്തിന്റെ അഭിപ്രായങ്ങളെ പുറത്തു നിര്‍ത്തുകയും ചെയ്യുന്നു. അതൊരിക്കലും വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ സ്വരങ്ങളെ പാര്‍ലമെന്റിലോ നിയമസഭകളിലോ പ്രതിനിധാനം ചെയ്യുന്നില്ല. അതേ സമയം, അധികാരത്തില്‍ വരുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരു സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് കാര്യങ്ങള്‍ നീക്കുന്നതിന് തടസവുമുണ്ടാകുന്നില്ല.

അല്ലെങ്കില്‍ ഈ ഉദാഹരണങ്ങള്‍ നോക്കൂ:

ഈ വര്‍ഷം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 മുസ്ലീം എം.എല്‍.എമാര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതായത്, യു.പി ജനസംഖ്യയുടെ 5.9 ശതമാനത്തെ മാത്രമാണ് അവിടെ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 3.4 കോടി വരുന്ന യു.പിയിലെ മുസ്ലീം സമൂഹം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 19.2 ശതമാനമുണ്ട് താനും.

2009-ല്‍ ബി.ജെ.പിക്ക് 18 ശതമാനം വോട്ടും 116 സീറ്റുകളുമാണ് ലോക്‌സഭയിലേക്ക് ലഭിച്ചത്. എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 19.35 ശതമാനം വോട്ടുകള്‍ നേടിയെങ്കിലും ലഭിച്ചത് വെറും 44 സീറ്റുകള്‍ മാത്രമാണ്.

2014-ല്‍ ഉത്തര്‍ പ്രദേശില്‍ ബി.എസ്.പി 19.6 ശതമാനം വോട്ടു നേടിയെങ്കിലും ഒറ്റ സീറ്റ് പോലും ലഭിച്ചുമില്ല.

ഒരു രാജ്യത്ത് വലിയൊരു ദേശീയ പാര്‍ട്ടിയാണ് ഉള്ളതെങ്കില്‍ നിലവിലുള്ള നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം (First-Past-The-Post> FPTP) മികച്ചതായിക്കാം. എന്നാല്‍ ഇന്ത്യ പോലാരു രാജ്യത്തെ കാര്യങ്ങള്‍ അങ്ങനെയല്ല. ഇത്രയധികം വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ നിലവിലുള്ള സമ്പ്രദായം അതിന്റെ ദുര്‍ബലതകള്‍ പുറത്തു കാണിച്ചു തുടങ്ങും. അതോടൊപ്പം, അത് ആ സമ്പ്രദായത്തെ തന്നെ തകര്‍ക്കാന്‍ പോന്നതുമാകും. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു അതിന്റെ ഏറ്റവും വലിയ ഉദാഹരണം. നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം എങ്ങനെ അതിന്റെ ദൗര്‍ബല്യങ്ങള്‍ പുറത്തു കാണിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പ്രകടിപ്പിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍.

ഇത്തരമൊരു 000 മാതൃകയില്‍ സംഭവിക്കുന്നത് വിജയികള്‍ സീറ്റുകള്‍ ഒന്നാകെ കൈക്കലാക്കുകയും എതിരഭിപ്രായമുള്ള വലിയൊരു വിഭാഗം, അവര്‍ ചിലപ്പോള്‍ 50 ശതമാനത്തിനും മുകളില്‍ വോട്ടുകള്‍ നേടിയെങ്കില്‍ പോലും പുറത്തു നിര്‍ത്തപ്പെടുകയും ചെയ്യും എന്നതാണ്. യു.പി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെപ്പില്‍ നാലു പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് അവിടെ വിജയിക്കാന്‍ അവിടെയുള്ള ആകെ വോട്ടിന്റെ 10 ശതമാനം മാത്രം നേടിയാല്‍ മതി എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

എന്താണ് പ്രതിവിധികള്‍?

ലോക രാജ്യങ്ങളില്‍ വിവിധ രീതികളിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേപ്പാളാണ് അതില്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്ന്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായ (FPTP) ത്തിന്റെയും ആനുപാതിക പ്രാതിനിധ്യത്തിന്റെയും മികച്ച ചേരുവയാണ് നേപ്പാളിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം.

ചില രാജ്യങ്ങള്‍ ‘സെക്കന്റ് ബാലറ്റ്’ എന്ന സമ്പ്രദായം പരീക്ഷിക്കുന്നുണ്ട്. അവിടെ സ്ഥാനാര്‍ഥികള്‍ 50 ശതമാനം വോട്ടെങ്കിലും നേടിയാല്‍ മാത്രമേ വിജയിക്കൂ. അതായത്, ആദ്യ തവണ വോട്ടെണ്ണുമ്പോള്‍ ഒരു സ്ഥാനാര്‍ഥിയും 50 ശതമാനം വോട്ടു നേടിയില്ലെങ്കില്‍ അവിടെ വീണ്ടും വോട്ടെടുപ്പ് നടത്തും. അതുപോലെ ചില രാജ്യങ്ങള്‍ ‘പാര്‍ട്ടി ലിസ്റ്റ്’ സമ്പ്രദായം പരീക്ഷിക്കുന്നുണ്ട്. അവിടെ നിങ്ങള്‍ വോട്ട് ചെയ്യുന്നത് പാര്‍ട്ടിക്കാണ്. പാര്‍ട്ടിയായിരിക്കും തങ്ങളുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്നത്. ഇതുപോലെ നിരവധി സാധ്യതകള്‍ ലോകമെമ്പാടും നിലനില്‍ക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍

കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ ഈയിടെ ഒരു പാര്‍ലമെന്ററി സമിതിക്ക് മുമ്പാക െനിലവിലുള്ള FPTP സമ്പ്രദായത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും അത് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, ലോ, നീതി വകുപ്പിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കമ്മിറ്റി അയച്ച ചോദ്യങ്ങള്‍ക്ക് ഭരണകക്ഷിയായ ബി.ജെ.പി മറുപടി പറയുകയോ തങ്ങളുടെ മറുപടി കമ്മിറ്റിയെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ മൂന്നു വട്ടം ബി.ജെ.പി സമയം നീട്ടി ചോദിക്കുകയും ചെയ്തു.

യു.പി തെരഞ്ഞെടുപ്പ് നടന്നതിന്റെ പശ്ചാത്തലത്തില്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായം തേടുകയായിരുന്നു. യു.പി തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് 312 സീറ്റുകളും 21.8 ശതമാനം വോട്ടുകള്‍ നേടിയ സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും 22.2 ശതമാനം വോട്ടുകള്‍ നേടിയ ബി.എസ്.പിക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. അതായത്, സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പിയും നേടിയ വോട്ട് ശതമാനത്തിന്റെ വ്യത്യാസം വെറും 18 ശതമാനമാണെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത് വന്‍ വ്യത്യാസമാണെന്നു കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍