UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അണ്ണാ ഞാൻ ബസ്സിലാണ്, പുറത്തിറങ്ങാൻ പറ്റില്ല: യെദ്യൂരപ്പയോട് കോൺഗ്രസ്സ് എംഎൽ‌എ; ഓഡിയോ പുറത്ത്

വീട്ടിലേക്കോ മറ്റോ അത്യാവശ്യത്തിന് പോകണമെന്ന് പറഞ്ഞ് ഇറങ്ങൂ എന്നും തന്നെ വിശ്വാസമില്ലേയെന്നും യെദ്യൂരപ്പ ചോദിക്കുന്നുണ്ട്.

വിശ്വാസവോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ കോൺഗ്രസ്സ് എംഎൽഎ ബിസി പാട്ടീലിന് കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്. കോൺഗ്രസ്സാണ് ഈ ഓഡിയോ പുറത്തുവിട്ടത്.

സിനിമാതാരം കൂടിയായ ബിസി പാട്ടീൽ‌ ഹിരെകെരൂർ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. മുൻ പൊലീസുദ്യോഗസ്ഥനായ ഇദ്ദേഹം നടൻ നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

യെദ്യൂരപ്പയുടെ വിളി അറ്റൻഡ് ചെയ്ത ബിസി പാട്ടീൽ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. ഇപ്പോൾ എവിടെയുണ്ടെന്ന യെദ്യൂരപ്പയുടെ ചോദ്യത്തിന് ബസ്സിലാണെന്നും കൊച്ചിയിലേക്ക് പോകുകയാണെന്നും ബിസി പാട്ടീൽ മറുപടി നൽകുന്നു. എങ്ങോട്ടും പോകേണ്ട എന്തു വേണമെന്ന് പറഞ്ഞാൽ മാത്രം മതിയെന്ന് യെദ്യൂരപ്പ ഉടനെ വാഗ്ദാനം നൽകുന്നു. എന്നാൽ, താൻ ബസ്സിൽ കയറിക്കഴിഞ്ഞെന്നും ഇനി ഇറങ്ങാൻ കഴിയില്ലെന്നും പാട്ടീൽ മറുപടി പറയുന്നു.

വീട്ടിലേക്കോ മറ്റോ അത്യാവശ്യത്തിന് പോകണമെന്ന് പറഞ്ഞ് ഇറങ്ങൂ എന്നും തന്നെ വിശ്വാസമില്ലേയെന്നും യെദ്യൂരപ്പ ചോദിക്കുന്നുണ്ട്. അഞ്ചു മിനിറ്റിനകം തിരിച്ചു വിളിക്കാമെന്ന് പറഞ്ഞാണ് പാട്ടീൽ ഫോൺ വെക്കുന്നത്.

അതെസമയം, ഈ ഓഡിയോ മിമിക്രിയാണെന്ന് ആരോപിച്ച് ബിഎസ് യെദ്യൂരപ്പ രംഗത്തു വന്നിട്ടുണ്ട്.

നേരത്തെ മറ്റൊരു എംഎൽഎയെ ബിജെപി നേതാവ് ജനാർദ്ദൻ റെഡ്ഢി ഫോൺ ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു. അതിൽ ഇപ്പോൾ സമ്പാദിക്കുന്നതിന്റെ നൂറിരട്ടി സമ്പാദിക്കാമെന്നും മന്ത്രിസഭയിൽ ഇടം നൽകാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ തനിക്ക് ടിക്കറ്റ് നൽകിയവരെ ചതിക്കാനാകില്ലെന്നു പറഞ്ഞ് എംഎൽഎ തടിയൂരുകയായിരുന്നു.

കുറച്ചു മണിക്കൂറുകൾക്കുള്ളിൽ കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍