ഇന്ന് ആറുമണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ പ്രഖ്യാപിച്ചു. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചതിനു ശേഷമാണ് യെദ്യൂരപ്പയുടെ ഈ നീക്കം. താൻ ഗവർണറെ കണ്ടുവെന്നും ഇന്ന് ആറുമണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പത്തുമണിക്കു ശേഷം ഗവർണറെ കാണാൻ യെദ്യൂരപ്പ പോയിരുന്നു. ഇന്നുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാനും ഗവർണറോട് ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളെ അറിയിച്ചാണ് അദ്ദേഹം പോയത്.

അതെസമയം മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ കെആർ രമേഷ് കുമാർ അയോഗ്യരാക്കിയിട്ടുണ്ട്. വിമത നീക്കത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസ് നേതാക്കൾ രമേഷ് എല്‍ ജാർക്കിഹോളി, മഹേഷ് കാമത്തഹള്ളി എന്നിവരും, കെപിജെപി പാർട്ടി എംഎൽഎ ആർ ശങ്കറുമാണ് അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്. ഇവർ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമമാണ് ഇവർക്കെതിരെ സ്പീക്കർ പ്രയോഗിച്ചിരിക്കുന്നത്. 2023 മെയ് 23 വരെ ഇവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല.