UPDATES

ട്രെന്‍ഡിങ്ങ്

ലഡാക്കിലും ഹാദിയ മോഡല്‍ കേസ്; മുസ്ലീങ്ങള്‍ ലേ വിടണമെന്ന് ബുദ്ധിസ്റ്റുകള്‍; സംഘര്‍ഷം

ഹാദിയുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയാണ് ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്നതെങ്കില്‍ ലേയില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 

ബുദ്ധമതക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ജമ്മു–കാശ്മീരിലെ ലഡാക്ക് ജില്ലയിലെ ലേയില്‍ മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ലേയില്‍ കച്ചവടം നടത്തുന്ന കാര്‍ഗില്‍ ജില്ലയില്‍ നിന്നുള്ള മുസ്ലീം സമുദായക്കാര്‍ സെപ്റ്റംബര്‍ 14-നുള്ളില്‍ സ്ഥലം വിടണമെന്ന് ബുദ്ധമതക്കാരുടെ സംഘടനയായ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ (എല്‍.ബി.എ) അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനു പിന്നാലെ മൂന്നിടത്തെങ്കിലും സംഘര്‍ഷമുണ്ടായെന്നും ഇതില്‍ രണ്ടെണ്ണം മുസ്ലീം പുരുഷന്മാര്‍ ബുദ്ധിസ്റ്റ് സ്ത്രീകളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടാണെന്നുമാണ് റിപ്പോര്‍ട്ട്.

ലേയിലുള്ള ബുദ്ധമത വിശ്വാസിയായ സ്റ്റാന്‍സിന്‍ സാല്‍ഡോണ്‍ എന്ന യുവതി 2015-ല്‍ ഇസ്ലാം മതം സ്വീകരിച്ച് ഷിഫാഹ എന്ന പേരു സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 31-ന് യുവതിയും കാര്‍ഗിലില്‍ നിന്നുള്ള മുസ്ലീം വിശ്വാസിയുമായി വിവാഹം നടന്നു. ഈ വാര്‍ത്ത പുറത്തെത്തിയതോടെയാണ് ഒരാഴ്ച മുമ്പ് ലേ സംഘര്‍ഷഭരിതമായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതി എവിടെയാണ് ഉള്ളതെന്ന് തങ്ങള്‍ക്കറിയില്ലെന്നും മാതാപിതാക്കളുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നുമാണ് എല്‍.ബി.എയുടെ പരാതി. ഇതിനിടെയാണ് വിവാഹക്കാര്യം പുറത്തെത്തിയത്. തുടര്‍ന്ന് ലേയില്‍ മാര്‍ച്ച് നടത്തിയ എല്‍.ബി.എ, ഒരാഴ്ചയ്ക്കുള്ളില്‍ ലേ വിടണമെന്ന് കാര്‍ഗിലില്‍ നിന്നുള്ളവര്‍ക്ക് അന്ത്യശാസനം നല്‍കുകയായിരുന്നു. ടൂറിസ്റ്റ് സീസണില്‍ കാര്‍ഗിലില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ലേയില്‍ ധാരാളമായി ജോലിക്കെത്തുകയും അവിടെ താമസിക്കുകയും പതിവാണ്.

കേരളത്തിലെ വിവാദമായ ഹാദിയ കേസുമായി സമാനതകളുള്ളതാണ് ഇപ്പോള്‍ ലേയില്‍ നടക്കുന്ന സംഭവവികാസങ്ങളും. ഹാദിയ കേസില്‍ നിരവധി കോടതി നടപടികള്‍ക്ക് ശേഷം ഹാദിയ വീട്ടുതടങ്കലിലായെങ്കില്‍ ദമ്പതികളെ ഉപദ്രവിക്കരുതെന്ന നിര്‍ദേശമാണ് ലേയിലെ വിഷയത്തില്‍ കോടതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹാദിയ കേസില്‍ നിന്നു വിരുദ്ധമായി ലേ സംഭവവികാസമുണ്ടാക്കിയിരിക്കുന്നത് സാമുദായിക സംഘര്‍ഷത്തിനാണ്. ഇവിടെ ഇപ്പോഴും സ്ഥിതിഗതികള്‍ മോശമായി തുടരുന്നു.

അരലക്ഷത്തോളം പേരാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഇവിടെ ആരോടും ഒരിക്കലും മോശമായി പെരുമാറാറില്ല. എന്നാല്‍ ലേയിലെ മതനേതൃത്വത്തിന് ശക്തമായ ചില സന്ദേശങ്ങള്‍ ഇപ്പോള്‍ നല്‍കേണ്ടതുണ്ട്. അതായത്, അവര്‍ക്ക് ഇവിടെ ഇനി ജോലി ചെയ്യാനോ ഞങ്ങളുടെ പെണ്‍കുട്ടികളെ തട്ടിയെടുക്കാനോ കഴിയില്ല“- എല്‍.ബി.എ വൈസ് പ്രസിഡന്റ് പി.റ്റി കുന്‍സാങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ആളാണെന്നും മതം തെരഞ്ഞെടുക്കാനും ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നുമുള്ള കാര്യം താന്‍ അംഗീകരിക്കുന്നുവെന്ന് കുന്‍സാങ് പറഞ്ഞു. എന്നാല്‍ മാതാപിതാക്കളോട് സംസാരിക്കാന്‍ ആ പെണ്‍കുട്ടിയെ എന്തുകൊണ്ടാണ് അനുവദിക്കാത്തത് എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. ആ പെണ്‍കുട്ടി എവിടെയാണ് ഉള്ളതെന്നു പോലും മറച്ചു വയ്ക്കുന്നത് എന്തിനാണെന്നും കുന്‍സാങ് ചോദിക്കുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ലഡാക്ക് പോലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് പെണ്‍കുട്ടി ജമ്മുവിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പോലീസും പെണ്‍കുട്ടിയുടെ സഹോദരനും ഇവിടേക്ക് പുറപ്പെട്ടെങ്കിലും ദമ്പതികളെ ഉപദ്രവിക്കരുതെന്ന് സെപ്റ്റംബര്‍ എട്ടിന് കോടതി വിധി ഉണ്ടായതോടെ വിഷയത്തില്‍ ഇടപെടാതെ പോലീസ് മടങ്ങി.

എന്നാല്‍ ജമ്മുവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയുമായി സംസാരിച്ചെന്നും തനിക്ക് തന്റെ കുടുംബത്തിലുള്ളവരുമായി സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് പെണ്‍കുട്ടി അറിയിച്ചതെന്നും എല്‍.ബി.എ അംഗങ്ങള്‍ പറയുന്നു.

ഈ സംഭവത്തിനു പിന്നാലെയാണ് മൂന്നു വട്ടം ലേയില്‍ സംഘര്‍ഷം നടന്നത്. ഇതില്‍ രണ്ടെണ്ണം ബുദ്ധിസ്റ്റ് സ്ത്രീകളും മുസ്ലീം പുരുഷന്മാരും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു. ഒരെണ്ണം ബുദ്ധിസ്റ്റുകള്‍ മാംസാഹാരം കഴിക്കാത്ത പൂര്‍ണ ചന്ദ്രനുള്ള ദിവസം കാര്‍ഗിലില്‍ നിന്നുള്ള മാംസവ്യാപാരി തന്റെ കട തുറന്നു വച്ചു എന്നതിന്റെ പേരിലായിരുന്നു.

ലേ ടൗണില്‍ ടൂറിസം സീസണ്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ടു തന്നെ കനത്ത പോലീസ് സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സ്ഥലത്തെ മൂന്ന് പ്രധാന മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എല്‍.ബി.എ, ഷിയാ മുസ്ലീം ഗ്രൂപ്പിന്റെ അന്‍ജുമാന്‍ ഇമാമിയ സുന്നി ഗ്രൂപ്പിന്റെ അന്‍ജുമാന്‍ മൊയിന്‍-ഉല്‍-ഇസ്ലാം എന്നിവരുമായി ജില്ലാ ഭരണകൂടം സമാധാന യോഗം നടത്തിയിരുന്നു.

കാര്‍ഗില്‍, ലേ എന്നീ ജില്ലകള്‍ സാമൂഹികപരമായും രാഷ്ട്രീയമായും വ്യത്യസ്തത പുലര്‍ത്തുന്നവരാണെങ്കിലും അന്യോന്യം ഇടകലര്‍ന്നാണ് ലേയില്‍ ജീവിക്കുന്നത്. എന്നാല്‍ മതംമാറ്റവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇവിടെ സംഘര്‍മുണ്ടായിട്ടുണ്ട്. 1989-ല്‍ ബുദ്ധിസ്റ്റുകളും മുസ്ലീങ്ങളുമായി ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 90-ലേറെ ബുദ്ധിസ്റ്റ് പെണ്‍കുട്ടികളാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നാണ് എല്‍.ബി.എയുടെ ആരോപണം.

സേലത്തെ കോളേജില്‍ പഠിക്കാന്‍ പോയ ഹാദിയ 2015-ല്‍ തന്നെ ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിതമാരംഭിച്ചിരുന്നു. ഇക്കാര്യം മാതാപിതാക്കള്‍ അറിഞ്ഞതോടെ അഖില എന്ന ഹാദിയയെ പഠിക്കുന്ന സ്ഥലത്തു നിന്ന് തിരികെ വിളിക്കുകയും എന്നാല്‍ അഖില അതിന് തയാറാകാതെ സുഹൃത്തുക്കളായ മുസ്ലീം സഹോദരിമാര്‍ക്ക് ഒപ്പം പോവുകയും ചെയ്തു. തുടര്‍ന്ന് പിതാവ് അശോകന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു. ഇതിനിടയില്‍ അഖിലയുടെ മതംമാറ്റ നടപടികള്‍ എസ്.ഡി.പി.ഐയുടെ സഹായത്തോടെ മഞ്ചേരിയിലെ സത്യസരണിയില്‍ നിന്ന് പൂര്‍ത്തിയാക്കുകയും ഹാദിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഹാദിയയെ കാണാനില്ലെന്ന് കാട്ടി അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഈ സമയത്ത് പോലീസ് തന്നെ ഹരാസ് ചെയ്യുന്നു എന്ന് പരാതിപ്പെട്ട് ഹാദിയയും കോടതിയെ സമീപിച്ചു. എന്നാല്‍ അശോകന്റെ ഹര്‍ജി ഡിസ്‌പോസ് ചെയ്ത കോടതി ഹാദിയയ്ക്ക് സ്വന്തം മതവിശ്വാസം തെരഞ്ഞെടുക്കാനും ഇഷ്ടമുള്ളിടത്ത് താമസിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി എസ്.ഡി.പി.ഐക്കാര്‍ ഏര്‍പ്പെടുത്തിയ സൈനബയ്‌ക്കൊപ്പം പോകാനും അനുവദിച്ചു.

എന്നാല്‍ മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി അശോകന്‍ വീണ്ടും കോടതിയെ സമീപിച്ചു. കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹാദിയയെ എങ്ങോട്ടോ മാറ്റി എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ മാതാപിതാക്കളുടെ പോകാന്‍ കോടതി ഹാദിയയോട് പറഞ്ഞെങ്കിലും ഹാദിയ ഇത് കുട്ടാക്കിയില്ല. തുടര്‍ന്ന് ഒരുമാസത്തോളം സൈനബയ്‌ക്കൊപ്പം ഹാദിയ മിസിംഗ് ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് വിട്ടു. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ താന്‍ ഒരുമാസമായി കോടതിയുടെ തടവിലാണെന്ന് ഹാദിയ ചൂണ്ടിക്കാട്ടിയതോടെ വീണ്ടും സൈനബയ്‌ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹാദിയയുടെ പഠനം തുടരുന്നതുമായി ബന്ധപ്പെട്ട വാദം നടക്കുകയും സംഘടനയുടെ സഹായം ഉണ്ട് എന്ന് സൈനബ അറിയിച്ചെങ്കിലും ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകനൊപ്പം ഹാദിയയെ കോളേജിലേക്ക് അയച്ചു. എന്നാല്‍ ഇതിന്റെ മൂന്നാം ദിവസം കേസ് പരിഗണിച്ചപ്പോഴാണ് ഷഫീന്‍ ജഹാനുമായി ഹാദിയ കോടതിയിലെത്തുകയും ഹാദിയയെ കോളേജിലേക്ക് വിട്ട ദിവസം തന്നെ സൈനബയുടെ വീട്ടില്‍ വച്ച് വിവാഹം നടക്കുകയും ചെയ്തിരുന്നു എന്ന് അറിയിക്കുന്നത്. തുടര്‍ന്ന് മൊത്തം സംഭവികാസങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തുന്നതും എന്‍.ഐ.എ അന്വേഷണം വരെ എത്തി നില്‍ക്കുന്നതും.

ലേയില്‍ പെണ്‍കുട്ടിയുടെ വിവാഹത്തോടെയാണ് മാതാപിതാക്കള്‍ പരാതിയുമായി രംഗത്തു വന്നത് എന്നതാണ് ഇവിടെയുള്ള വ്യത്യാസം. ഹാദിയുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയാണ് ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്നതെങ്കില്‍ ലേയില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍