UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരിലുള്ള ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊല: 27 പേര്‍ക്കെതിരെ കേസ്

പൊലീസ് ഇന്‍സ്‌പെക്ടറേയും മറ്റൊരാളേയും ആള്‍ക്കൂട്ടം വധിച്ച സംഭവത്തില്‍ 27 പേര്‍ക്കെതിരെ കേസെടുത്തു. അതേസമയം ഗോവധത്തിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് ഒരു പൊലീസ് ഇന്‍സ്‌പെക്ടറേയും മറ്റൊരാളേയും ആള്‍ക്കൂട്ടം വധിച്ച സംഭവത്തില്‍ 27 പേര്‍ക്കെതിരെ കേസെടുത്തു. അതേസമയം ഗോവധത്തിന്റെ പേരിലും കേസെടുത്തിട്ടുണ്ട്. ബുലന്ദ്ഷഹര്‍ ജില്ലയിലെ ചിംഗ്രാവതി, മഹാവ് ഗ്രാമങ്ങളിലാണ് വ്യാപക അക്രമം അറങ്ങേറിയത്. ദാദ്രിയില്‍ ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് ഇന്നലെ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ആയിരുന്നു.

സുമിത് കുമാര്‍ എന്ന 21കാരനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. സുമിതിന്റെ മൃതദേഹം സംസ്‌കാരത്തിനായി ഗ്രാമത്തിലേയ്ക്ക് കൊണ്ടുവരാന്‍ പോലും പൊലീസ് അനുവദിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മീററ്റിലേയ്ക്ക് കൊണ്ടുപോയിരുന്നു. മീററ്റ് ഐജിയുടെ നേതൃത്വത്തിലുള്ള എസ് ഐ ടിയുടെ (പ്രത്യേക അന്വേഷണ സംഘം) അന്വേഷണവും മജിസ്‌ട്രേറ്റ് തല അന്വേഷണവും നടക്കുന്നുണ്ട്.

അക്രമികള്‍ തോക്കുകളുമായാണ് വന്നതെന്നും അവര്‍ സുബോധ് കുമാര്‍ സിംഗിന് നേരെ വെടിയുതിര്‍ത്തതായും പൊലീസ് ഡ്രൈവര്‍ പറയുന്നു. സുബോധ് കുമാറിന് നെറ്റിയില്‍ വെടിയേറ്റിരുന്നു. എന്നാല്‍ വെടിയേറ്റ പരിക്ക് മൂലമുള്ള ആഘാതത്തില്‍ നിന്നായിരിക്കാം ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടത് എന്ന് ബജ്രംഗ്ദള്‍ നേതാവ് പറയുന്നു. ‘തബ്ലിഗി ലിജ്‌തേമ’ എന്ന മുസ്ലീം ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ബുലന്ദ് ഷഹറില്‍ 15 ലക്ഷത്തോളം പേര്‍ എത്തിയിരിക്കുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന ആശങ്ക പൊലീസിനുണ്ട്. ഇതില്‍ ആറ് ലക്ഷത്തിനടുത്ത് പേര്‍ ഇപ്പോളും നഗരത്തില്‍ തുടരുന്നുണ്ട്.

25 പശുക്കളുടെ ശവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വ്യാപക അക്രമം അരങ്ങേറി. ദേശീയപാതയില്‍ നിന്ന് ഇവരെ ഒഴിപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് നാടന്‍ തോക്കുകളുപയോഗിച്ച് അക്രമികള്‍ വെടി വയ്ക്കാന്‍ തുടങ്ങിയത്.

യുപിയിലെ ആൾക്കൂട്ടക്കൊല: അക്രമികളെ സംഘടിപ്പിച്ചത് ഹിന്ദുത്വ സംഘടനകള്‍; നിശ്ശബ്ദത പാലിച്ച് യോഗി ആദിത്യനാഥ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍