UPDATES

ട്രെന്‍ഡിങ്ങ്

ബജ്രംഗ് ദളും ബിജെപിക്കാരനും മുന്‍ ഗ്രാമ മുഖ്യനും: ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊന്ന കലാപത്തിലെ പ്രതികള്‍ ഇവരാണ്‌

കൂടുതല്‍ പ്രതികളും കര്‍ഷകരും 10ാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയവരുമാണ്.

ബുലന്ദ് ഷഹിറില്‍ ഗോവധം ആരോപിച്ച് കലാപമഴിച്ചുവിടുകയും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത അക്രമി സംഘത്തില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരും മുന്‍ ഗ്രാമ മുഖ്യനുമുണ്ട് (പ്രധാന്‍) എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. 27 പേര്‍ക്കും പേരില്ലാതെ 60 പേര്‍ക്കുമെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പ്രതികളും കര്‍ഷകരും 10ാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയവരുമാണ്. പലരും കന്നുകാലി കടത്തില്‍ രോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ല തങ്ങളെന്നാണ് മിക്കവരും പറയുന്നത്. മിക്കവരും ജാട്ടുകളാണ്. ചിലര്‍ ലോധ് രാജ്പുത് സമുദായക്കാരാണ്. പലരുടേയും വീടുകളില്‍ തിരച്ചില്‍ നടത്താനെത്തിയ പൊലീസ് അതിക്രമം കാട്ടിയതായി പരാതിയുണ്ട്.

പ്രതികളില്‍ ചിലരെക്കുറിച്ച്‌:


യോഗേഷ് രാജ് – ബജ്രംഗ് ദള്‍ നേതാവ്

യോഗേഷ് രാജ് എന്ന ബജ്രംഗ് ദള്‍ നേതാവാണ് ഒന്നാം പ്രതി. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ഇയാള്‍ പൂവാലന്മാര്‍ എന്ന് സംശയിക്കുന്നവരെ നേരിട്ടുകൊണ്ടാണ് നാട്ടില്‍ സജീവമായത്. പ്രാദേശിക തര്‍ക്കങ്ങളില്‍ ഇടപെട്ടും കന്നുകാലി കടത്തുകാര്‍ എന്ന് ആരോപിക്കുന്നവരെ നേരിട്ടുമെല്ലാം ഇയാള്‍ ഗ്രാമത്തിലെ പ്രശ്‌നങ്ങളില്‍ സജീവമാണ്. ബജ്രംഗ് ദളിന്റെ ജില്ലാ കോര്‍ഡിനേറ്ററാണ് യോഗേഷ് രാജ് എന്ന് പൊലീസ് പറയുന്നു. യോഗേഷ് രാജിന്റെ വീടിന് മുന്നില്‍ സംഘപരിവാറിന്റെ അഖണ്ഡ ഭാരത സങ്കല്‍പ്പത്തിലുള്ള ഇന്ത്യയുടെ ഭൂപടമുണ്ട്. 2016 മുതല്‍ ബജ്രംഗ് ദള്‍ അംഗമാണ് ഇയാള്‍. യോഗേഷ് രാജ് ആണ് ഗോവധം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലീങ്ങള്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ടു എന്നാണ് യോഗേഷിന്റെ പരാതി. യോഗേഷിന് പരീക്ഷയുണ്ടായിരുന്നതായും പശുക്കളെ കൊന്നതായുള്ള വിവരമറിഞ്ഞ് ചെന്നുനോക്കിയതാണെന്നും സഹോദരി പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ പരീക്ഷയേ നടന്നിട്ടില്ലെന്ന് കോളേജ് അധികൃതരും പറയുന്നു. ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും യോഗേഷ് രാജിനെ പിടികിട്ടിയിട്ടില്ല.

കര്‍ഷകനായ ദേവേന്ദര്‍ (55), മകന്‍ ചമന്‍ (21) പൊലീസില്‍ ജോലിക്കായി ശ്രമിക്കുന്നു

സംഘര്‍ഷം നടക്കുമ്പോള്‍ തന്റെ മകന്‍ ട്യൂഷന്‍ ക്ലാസിലായിരുന്നു എന്നാണ് ദേവേന്ദര്‍ പറയുന്നത്. ഉറങ്ങിക്കിടന്ന മകനെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് എന്ന് ദേവേന്ദര്‍ പറയുന്നു. യോഗേഷ് രാജുമായി ചമന് ബന്ധമുണ്ടെന്ന് സമ്മതിക്കുന്ന കുടുംബം ഗോരക്ഷ പ്രവര്‍ത്തനങ്ങളില്‍ അയാള്‍ ഇടപെടാറില്ല എന്ന് പറയുന്നു. ദേവേന്ദറിനും ഗോവധത്തില്‍ അമര്‍ഷമുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല എന്നാണ് ഭാര്യ പറയുന്നത്.

രാജ്കുമാര്‍ (36) – മുന്‍ പ്രധാന്‍ (ഗ്രാമ മുഖ്യന്‍)

ചിംഗ്രാവതി ഗ്രാമത്തിലെ മുന്‍ പ്രധാന്‍ ആണ്. പശുക്കളെ കൊന്ന നിലയില്‍ ആദ്യം കണ്ടത് താനാണ് എന്നാണ് രാജ് കുമാര്‍ പറയുന്നത്. സ്വന്തമായി കൃഷിഭൂമിയുണ്ട്. നാല് എരുമകളും രണ്ട് പശുക്കളുമാണ് മറ്റ് വരുമാന മാര്‍ഗം. വിദ്യഭ്യാസ യോഗ്യത 12ാം ക്ലാസ്. 13ഉം എട്ടും വയസ് പ്രായമുള്ള കുട്ടികള്‍ ബുലന്ദ്ഷഹിറലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നു. ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ഭാര്യ പറയുന്നു.

ജിതേന്ദര്‍ മാലിക് (24) – ആര്‍മി ജവാന്‍

ജിതേന്ദര്‍ മാലികിന്റെ മാരുതി സുസൂക്കി കാറില്‍ എകെ 47ന്റെ ചിത്രവും ജാട്ട്, ആര്‍മി, മാലിക് എന്നിങ്ങനെ എഴുതിയ സ്റ്റിക്കറുകളുമുണ്ട്. അടുത്തിടെയാണ് സൈന്യത്തില്‍ ചേര്‍ന്നതെന്നും ശ്രീനഗറിലാണ് പോസ്റ്റിംഗ് എന്നും അമ്മ പറയുന്നു. ശുദ്ധ സസ്യാഹാരിയായ മകന്‍, മറ്റുള്ളവര്‍ മാംസം കഴിക്കുന്നതിനെക്കുറിച്ച് പറയുമ്പോള്‍ വഴക്കിടാറുണ്ടെന്ന് അമ്മയും അയല്‍ക്കാരും പറയുന്നു. കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്കുകള്‍ ജിതേന്ദര്‍ മാലിക് പരിശോധിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

മുകേഷ് (30) – ഡ്രൈവര്‍

പശു, കന്നുകാലി കടത്തുകാരെ പിടിക്കാനായി മുകേഷ് റെയ്ഡിന് പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഇതാദ്യമായാണ് ഗ്രാമത്തില്‍ ഗോവധം നടന്നതെന്നും ഇവര്‍ പറയുന്നു. അടുത്തിടെയാണ് വിവാഹിതനായത്. പിതാവ് ക്ഷേത്രത്തില്‍ പൂജാരിയാണ്.

സച്ചിന്‍ (35) – ബിജെപി പ്രവര്‍ത്തകന്‍

മഹാവോ ഗ്രാമത്തിലെ സച്ചിന്റെ വീടിന് മുന്നില്‍ തന്നെ തൊഴുത്താണ്. മകന്‍ ബിജെപി പ്രവര്‍ത്തകനാണ് എന്ന് അമ്മ പറയുന്നു. രാമക്ഷേത്രത്തെക്കുറിച്ച് വളരെ ആവേശത്തോടെ സംസാരിക്കാറുണ്ട്. അഴിമതി തുടച്ചുനീക്കുന്നതിനെക്കുറിച്ചും പറയാറുണ്ട്. 12ാം ക്ലാസ് വരെ പഠിച്ചു. കര്‍ഷകനാണ്. പിതാവിനെ കൃഷിയില്‍ സഹായിക്കുന്നു. കൃഷി ഭൂമിയും ആറ് എരുമകളുമുണ്ട്. പാല്‍ വില്‍പ്പനയുണ്ട്. ഗോവധത്തെ കുറിച്ച് കേട്ടാല്‍ പൊട്ടിത്തെറിക്കാറുണ്ട്.

വിനീത് (30) – തൊഴില്‍രഹിതന്‍

12ാം ക്ലാസ് വരെ പഠിച്ചു. ജോലിയില്ല. എട്ട് വയസുള്ള മകനുണ്ട്. അടുത്തിടെ വിനീതിന്റെ പശുക്കള്‍ രോഗം മൂലം ചത്തിരുന്നു. പശുക്കള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ കാമ്പില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു. അക്രമ സംഭവങ്ങള്‍ മൂലം നടന്നില്ല. പൊലീസ് തിരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്ഥലം വിട്ടു.

ടിങ്കു (18)

അടുത്തിടെ ഡല്‍ഹിയില്‍ ഒരു കോഴ്‌സിന് ചേര്‍ന്നതായും എന്നാല്‍ പൂര്‍ത്തിയാക്കിയില്ലെന്നും മുത്തശി ശാന്തി ദേവി പറയുന്നു. കൃഷിയില്‍ അച്ഛനെ സഹായിക്കാറുണ്ട്. ടിങ്കുവിന് ഒരു ജോലിക്കായി കുടുംബം ശ്രമിച്ചുവരുകയായിരുന്നു എന്നും ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും സമയമില്ലെന്നും അമ്മായി പറയുന്നു.

യുപിയിലെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ മുഖ്യപത്രിയായ യോഗേഷ് രാജ് ആരാണ്?

യുപിയിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ 69 ശതമാനവും നടന്നത് യോഗി സർക്കാർ വന്നതിനു ശേഷമെന്ന് കണക്കുകൾ

എന്റെ സഹോദരനെ കൊന്നത് ദാദ്രി കേസ് അന്വേഷിച്ചതിനാല്‍; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടറുടെ സഹോദരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍