UPDATES

മോദി സര്‍ക്കാരിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മഹാരാഷ്ട്ര സര്‍ക്കാരിനെ കുത്തുപാളയെടുപ്പിക്കുമോ?

ബാന്ദ്ര – കുര്‍ള കോംപ്ലക്‌സില്‍ ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനസ് നിര്‍മ്മിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് 48000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

മോദി സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച മുംബയ് – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മഹാരാഷ്ട്ര സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വിവരാവകാശപ്രകാരമുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ മറുപടി. നിലവില്‍ തന്നെ വലിയ കടത്തിലും സാമ്പത്തിക ബാധ്യതയിലുമാണ് മഹാരാഷ്ട്ര സര്‍ക്കാരെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നഗരവികസന വകുപ്പും ആസൂത്രണ, ധന വകുപ്പുകളും എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലടക്കം കര്‍ഷകര്‍ രംഗത്തുള്ളപ്പോളാണ് സര്‍ക്കാര്‍ വകുപ്പുകളും എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് ജപ്പാന്‍ സഹായത്തോടെയുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

ബാന്ദ്ര – കുര്‍ള കോംപ്ലക്‌സില്‍ ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനസ് നിര്‍മ്മിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് 48000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മുംബയ് മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ ബിസിനസ് കോംപ്ലക്‌സ് അടക്കമുള്ള പദ്ധതികളെ ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനസിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്കയെന്ന് മുംബയ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ പദ്ധതി ചെലവ് 1,08,000 കോടി രൂപയാണ്.

ഇന്ത്യയില്‍ ഈ പദ്ധതി സാമ്പത്തികമായി എത്രത്തോളം പ്രായോഗികമായിരിക്കും എന്നത് സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ് എന്ന് ആസൂത്രണ, ധന വകുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളെപ്പറ്റി പഠിക്കണം. ദീര്‍ഘകാലത്തേയ്ക്ക് പദ്ധതി നഷ്ടത്തില്‍ തുടരാനുള്ള സാധ്യതയുണ്ട്. വായ്പ സംബന്ധിച്ച്് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണം. നിലവില്‍ തന്നെ വലിയ കടബാധ്യതയിലാണ് സര്‍ക്കാരിന് വന്‍ തുകകള്‍ വായ്പയെടുക്കുന്നതിന് പരിമിതിയുണ്ട്. പ്രോജക്ടിന് കണക്കാക്കാനുള്ള വാര്‍ഷിക വരുമാനം ചെവിനേക്കാള്‍ കുറവാണ്. ഇത് വലിയ വരുമാനനഷ്ടത്തിന് സാധ്യതയുണ്ടാക്കുന്നുണ്ട് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ യാതൊരു സാമ്പത്തിക നേട്ടവുമില്ലാത്തതും വന്‍ നഷ്ടമുണ്ടാക്കുന്നതുമായുള്ള ഒരു പദ്ധതിക്ക് അംഗീകാരം നല്‍കി എന്നത് ഞെട്ടിക്കുന്ന കാര്യമാണ് എന്ന് വിവരാവകാശ അപേക്ഷയുമായി ആഭ്യന്തര വകുപ്പിനെ സമീപിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ ജിതേന്ദ്ര ഖാഡ്‌ഗെ പറയുന്നു. അതേസമയം 2017 ഫെബ്രുവരി മുതല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ മന്ത്രിതല സമിതി പ്രോജക്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. നിലവില്‍ മുംബയ് അഹമ്മദാബാദ് റൂട്ടിലെ 40 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. 2017 ജൂലായ് മുതല്‍ ഈ റൂട്ടില്‍ റെയില്‍വേയ്ക്ക് 30 കോടി രൂപയുടെ നഷ്ടമാണുള്ളത്.

2017 ജനുവരിയിലാണ് ഗതാഗത വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതി ചിലവ്, ടെണ്ടര്‍ നടപടികള്‍, ചിലവ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളിന്റെ ലോണ്‍ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. പൂനെ മെട്രോ പദ്ധതിക്ക് എസ്പിവി ലോണ്‍ ലോകബാങ്ക് നിഷേധിച്ചിരുന്നു. കേന്ദ്ര – സംസ്ഥാന പങ്കാളിത്തത്തിലാണ് പൂനെ മെട്രോ നടപ്പാക്കിയത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുള്ള ലോണ്‍ സംബന്ധിച്ച വ്യക്തതയായിട്ടില്ല. 750 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറില്‍ 320 കിലോമീറ്ററിനും 350 കിലോമീറ്ററിനും ഇടയില്‍ വേഗതയിലാണ് സഞ്ചരിക്കുക. മുംബയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കുള്ള എട്ട് മണിക്കൂര്‍ ട്രെയിന്‍ യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്ന് മൂന്നര മണിക്കൂറായി ചുരുക്കാമെന്നാണ് അവകാശവാദം. ഏഴ് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍