UPDATES

ട്രെന്‍ഡിങ്ങ്

മഹാരാഷ്ട്രയിലെ ‘സീറ്റ് വരള്‍ച്ച’ പരിഹരിക്കാന്‍ സിപിഎമ്മിന് കഴിയുമോ? ജെപി ഗാവിറ്റിന് ഇതിലുള്ള പങ്കെന്ത്?

കോണ്‍ഗ്രസ് – എന്‍സിപി സഖ്യവുമായി ധാരണയുണ്ടാക്കുന്നത് മഹാരാഷ്ട്രയില്‍ ഒരു ലോക്‌സഭ സീറ്റ് നേടാന്‍ ഇവിടെ സഹായകമാകും എന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്.

മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളായി എല്ലാ നിയമസഭ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഒരു സ്ഥാനാര്‍ത്ഥി വിജയിച്ച് നിയമസഭയിലെത്താറുണ്ട്. 2009ല്‍ സിപിഎം നേടിയത് പട്ടിക വര്‍ഗ മണ്ഡലമായ ദഹാനു ആയിരുന്നെങ്കില്‍ മറ്റൊരു ആദിവാസി സ്വാധീന മേഖലയായ കല്‍വാന്‍ മണ്ഡലമാണ് 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിജയിപ്പിച്ചത്. ആദിവാസി – കര്‍ഷക നേതാവായ ജെപി ഗാവിറ്റ്‌ ആണ് ഇവിടെ വിജയിച്ചത്. കിസാന്‍ സഭ നേതാവും ലോംഗ് മാര്‍ച്ചുകള്‍ അടക്കമുള്ള വലിയ കര്‍ഷക – ബഹുജന മുന്നേറ്റങ്ങളുടെ പ്രധാന നേതാക്കളിലൊരാളുമാണ് ജീവപാണ്ഡു ഗാവിറ്റ്‌. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജെപി ഗാവിറ്റ് ഇക്കുറി മഹാരാഷ്ട്രയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് – എന്‍സിപി സഖ്യമായി നടത്തുന്ന സീറ്റ് ചര്‍ച്ചകളില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

സിപിഎം സ്ഥാനാര്‍ത്ഥിയെ ഏറ്റവുമധികം തവണ മഹാരാഷ്ട്ര നിയമസഭയിലെത്തിച്ചത് സുര്‍ഗാന മണ്ഡലമാണ്. ജെപി ഗാവിറ്റ്‌ ഇവിടെ നിന്ന് ആറ് തവണ നിയമസഭയിലെത്തി. 1978 മുതല്‍ 2004 വരെയുള്ള ഏഴ് തിരഞ്ഞെടുപ്പുകളില്‍ ഇവിടെ 1995ല്‍ മാത്രമാണ് ഗാവിറ്റ് ഇവിടെ പരാജയമറിഞ്ഞത്. 2009ലെ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലം ഇല്ലാതായി. കഴിഞ്ഞ 30 വര്‍ഷത്തിലധികമായ സുര്‍ഗാന പഞ്ചായത്ത് സമിതി ഭരിക്കുന്നത് സിപിഎമ്മാണ്. വനാവകാശ നിയമപ്രകാരം 20,000 ഏക്കറിലധികം ഭൂമി സുര്‍ഗാന-കല്‍വാന്‍ മേഖലയില്‍ മാത്രം ആദിവാസികള്‍ക്ക് നല്‍കിയതില്‍ ഗാവിറ്റിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളും ഇടപെടലുകളും നിര്‍ണായകമാണ്. ഒരു ഫോണ്‍ കോള്‍ കൊണ്ട് ആയിരങ്ങളെ അണിനിരത്താന്‍ തക്ക വണ്ണം ജനസ്വാധീനമുള്ള ഗാവിറ്റിനെ പോലുള്ള നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത് എന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ സംഘടനാസംവിധാനം സിപിഎമ്മിനുണ്ടെങ്കിലും ഇത് വലിയ തോതില്‍ വോട്ടാക്കി മാറ്റാനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനും സിപിഎമ്മന് കഴിയാറില്ല. പാര്‍ട്ടി മഹാരാഷ്ട്രയില്‍ അവസാനമായി ഒരു ലോക്‌സഭ സീറ്റില്‍ ജയിച്ചത് 1991ലാണ്. കഴിഞ്ഞ വര്‍ഷം പാല്‍ഗഡ് മണ്ഡലത്തിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്നിച്ചുനിന്നത് പാല്‍ഗഡില്‍ ബിജെപിക്ക് ഗുണം ചെയ്യുന്നതാണ് കണ്ടത്. കോണ്‍ഗ്രസ് – എന്‍സിപി സഖ്യം മഹാരാഷ്ട്രയിലെ ഭണ്ഡാല ഗോണ്ടിയ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തപ്പോഴായിരുന്നു ഇത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ ദിന്‍ദോരിയില്‍ നിന്ന് ഗാവിറ്റിനെ ലോക്‌സഭയിലേയ്ക്ക് മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ ഹരിശ്ചന്ദ്ര ചവാന്‍ ആണ് കഴിഞ്ഞ മൂന്ന് തവണയായി ഇവിടെ എംപി. സ്വതന്ത്രനായി മത്സരിച്ച ഹരിശ്ചന്ദ്ര ചവാനെ പരാജയപ്പെടുത്തിയാണ് 1978ല്‍ ഗാവിറ്റ് നിയമസഭയിലെത്തിയതും. കോണ്‍ഗ്രസ് – എന്‍സിപി സഖ്യവുമായി ധാരണയുണ്ടാക്കുന്നത് മഹാരാഷ്ട്രയില്‍ ഒരു ലോക്‌സഭ സീറ്റ് നേടാന്‍ ഇവിടെ സഹായകമാകും എന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍ കിസാന്‍സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി എത്തുകയും സിപിഎം നേതാക്കളുമായി വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം താന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അതിനനുരിച്ച് താന്‍ മുന്നോട്ടുപോകുമെന്നുമാണ് ഗാവിറ്റ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍