UPDATES

ട്രെന്‍ഡിങ്ങ്

“പാകിസ്താനെ ഞാന്‍ വിശ്വസിക്കുന്നു, കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥനാകാം”: ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ്

കഴിഞ്ഞദിവസം ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു മോദി.

കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത്തിന് തയ്യാറാണെന്ന തന്റെ മുന്‍ പ്രസ്താവന പുതുക്കി ഡോണള്‍‌ഡ് ട്രംപ്. തിങ്കളാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ തുടക്കത്തിലാണ് ട്രംപ് ഇത് പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂസ്റ്റണില്‍ നടന്ന വന്‍ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്തതിനു തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. കാശ്മീരിലേത് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി പ്രശ്നമാണെന്നും ഇതില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

ഇമ്രാന്‍ ഖാനും നരേന്ദ്രമോദിയും തയ്യാറാണെങ്കില്‍ താന്‍ മധ്യസ്ഥം വഹിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. “ഞാന്‍ പാകിസ്താനെ വിശ്വസിക്കുന്നു. കാശ്മീരില്‍ എല്ലാവരും നല്ല രീതിയില്‍ പരിചരിക്കപ്പെടുന്നത് കാണാനാഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഏറ്റവും മികച്ച ഒരു ഇടനിലക്കാരനാണ് ഞാനെന്നാണ് ഞാന്‍ കരുതുന്നത്,” ട്രംപ് പറഞ്ഞു.

നേരത്തെയും ട്രംപ് ഇതേ വാഗ്ദാനവുമായി വന്നിരുന്നു. ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നത്തില്‍ മറ്റൊരു കക്ഷിയുടെ ഇടപെടലാവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി അത് തള്ളുകയും ചെയ്തിരുന്നതാണ്.

കഴിഞ്ഞദിവസം ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു മോദി. പാകിസ്താന്റെ പേരു പറയാതെ ആ രാജ്യം ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഭീകരതയെ കയറ്റി അയയ്ക്കുന്നുവെന്നും മോദി ആരോപിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍