UPDATES

പ്രിയങ്ക ഗാന്ധിയുടെ #CongressChallenge: മോദിയെയും യോഗിയെയും അവരുടെ കോട്ടയിൽ പൂട്ടുക

‘പ്രിയങ്ക ലാവോ കോൺഗ്രസ്സ് ബചാവോ’ (പ്രിയങ്കയെ കൊണ്ടുവരൂ, കോൺഗ്രസ്സിനെ രക്ഷിക്കൂ) എന്ന പ്രതീക്ഷാനിർഭരമായ മുദ്രാവാക്യം കോൺഗ്രസ്സ് അണികള്‍ക്കിടയിൽ ഏറെനാളായി നിലനിൽക്കുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവരുടെ കോട്ടയിൽ ചെന്നാക്രമിക്കുകയെന്ന ദൗത്യം നൽകിയാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയോടെ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയിരിക്കുന്നതെന്നത് സുവ്യക്തമാണ്. മോദിയുടെ മണ്ഡലമായ വാരാണസി കിഴക്കൻ യുപിയിലാണ്. ഡൽഹിയിലേക്കുള്ള പടിവാതിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന, രാഷ്ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശ് തന്നെയാണ് പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ ആദ്യ കാൽവെയ്പിന് വേദിയായിരിക്കുന്നത്. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പ്രിയങ്കയുടെ ഈ പ്രവേശം ഒരു തുറുപ്പുചീട്ടാണ്. എന്നാൽ നിർണായകമായ ചോദ്യം, ഈ നീക്കം കൊണ്ട് കോൺഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്ന് എന്ത് മാറ്റം വരുമെന്നതാണ്.

ഉത്തർപ്രദേശിൽ വിജയം കാണുക എന്നത് കേന്ദ്രത്തിൽ അധികാരമുറപ്പിക്കാനാഗ്രഹിക്കുന്ന ഏതൊരു പാർട്ടിയും ചെയ്യേണ്ട നിർണായകമായ കാര്യമാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആധിപത്യത്തിലമർന്നു കിടക്കുന്ന ഒരു സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യത്തിന് ഏറെ പ്രയാസമേറിയ ദൗത്യമായിരിക്കും ഇത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ഹൃദയഭാഗമാണ് വാരാണസി. ഇവിടെയാണ് പ്രിയങ്ക ഗാന്ധിക്ക് ചുമതല നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ-ആത്മീയ കേന്ദ്രമാണ് കിഴക്കൻ യുപി എന്ന വസ്തുതയും ശ്രദ്ധിക്കണം. ഇവിടുത്തെ ഗോരഖ്പൂർ മഠത്തിന്റെ മേലാധികാരിയാണ് ഇപ്പോഴും യോഗി. ഗോരഖ്പൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും അഞ്ചുതവണ വിജയിച്ചു കയറിയയാളാണ് ഈ കാവിവേഷധാരി.

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മായാവതിയും അഖിലേഷ് യാദവും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിനോട് ബിജെപി ഈ മണ്ഡലത്തിൽ തോറ്റത്. രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ്, സമാജ് വാദി നേതാവ് അഖിലേഷ് യാദവ് എന്നവരോടു ചേർന്ന് യുപിയിൽ തങ്ങളുടെ ഇടമുറപ്പിക്കാൻ മായാവതി ശ്രമം നടത്തുന്നതിനിടെയാണ് ഉത്തർപ്രദേശിലെ 80 ലോകസഭാ സീറ്റുകളിലും മത്സരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനം വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയത് വെറും 2 സീറ്റുകള്‍ മാത്രമാണ്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സീറ്റുകളായ അമേത്തിയും റായ് ബറേലിയും മാത്രം.

എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനം അണികളിൽ ആത്മവിശ്വാസത്തിന് ഇടിവ് വരുത്തിയിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. കോൺഗ്രസ്സ് ഇതര കക്ഷികളുമായി സഖ്യം ചേരുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങിലെ അസംബ്ലി തെരഞ്ഞെടുപ്പ് വിജയങ്ങൾക്കു ശേഷം പ്രത്യേകിച്ചും ഇത്തരമൊരു വിചാരമാണ് കോൺഗ്രസ്സ് പ്രവർത്തകരിൽ ശക്തമായിരുന്നത്. ഇതിനെ തല്ലിക്കൊഴിച്ചാണ് 80 സീറ്റിലും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നത്.

ഈ ആത്മവിശ്വാസ പ്രശ്നത്തെ പരിഹരിക്കാൻ പ്രിയങ്ക ഗാന്ധിയുടെ പ്രവേശത്തിന് സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ‘പ്രിയങ്ക ലാവോ കോൺഗ്രസ്സ് ബചാവോ’ (പ്രിയങ്കയെ കൊണ്ടുവരൂ, കോൺഗ്രസ്സിനെ രക്ഷിക്കൂ) എന്ന പ്രതീക്ഷാനിർഭരമായ മുദ്രാവാക്യം കോൺഗ്രസ്സ് അണികള്‍ക്കിടയിൽ ഏറെനാളായി നിലനിൽക്കുന്നതാണ്. തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയും വ്യക്തിപ്രഭാവവും പ്രിയങ്കയ്ക്കുണ്ടെന്നാണ് കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ പൊതുവിലുള്ള ധാരണ.

സഖ്യത്തോട് ചേരാതെയുള്ള നിൽപ്പ് യുപിയിൽ കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. നേരത്തെ ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ‌ പ്രിയങ്ക ഇടപെട്ടിരുന്നെങ്കിലും അത് കാര്യമായ ചലനങ്ങളുണ്ടാക്കിയിരുന്നില്ല. രണ്ട് ലോകസഭാ മണ്ഡലങ്ങളിൽ വിജയിച്ചുവെങ്കിലും ഇതേ മേഖലയിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളിൽ പാർട്ടി തോൽക്കുകയാണുണ്ടായത്.

1989ലാണ് കോൺഗ്രസ്സ് ഉത്തർപ്രദേശിന്റെ അധികാരകേന്ദ്രത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടത്. ആ പ്രതാപകാലത്തെ തിരിച്ചുപിടിക്കുകയാണ് പാർട്ടിയുടെ മുഖ്യ ലക്ഷ്യം. സംഘടനാപരമായ ദൗർബല്യങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ പതനത്തിന്റെ കാരണമായി പറയപ്പെടുന്നത്.

മണ്ഡൽ-മന്ദിർ രാഷ്ട്രീയവും, ദളിത് വോട്ടുകളിൽ ആധിപത്യം നേടിയ ബഹുജൻ സമാജ് പാർട്ടിയുടെ ആവിർഭാവവും വളർച്ചയുമെല്ലാമാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്ത് കോൺഗ്രസ്സിനെ പിന്നോട്ടടിപ്പിച്ചത്. ഉത്തർപ്രദേശിലെ സംഘടനാപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രിയങ്ക എല്ലായ്പോഴും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകസഭാ, അസംബ്ലി തെരഞ്ഞെടുപ്പുകളുടെ നയരൂപീകരണ ചർച്ചകളിൽ പ്രിയങ്കയുടെ സാന്നിധ്യമുണ്ടായിരുന്നു. 2012ല്‍ സംസ്ഥാനത്തെ പാർട്ടിയുടെ സ്റ്റാർ കാംപൈനർമാരുടെ പട്ടികയിൽ ഏറെക്കാലമായി പ്രിയങ്കയുടെ പേരും ചേർക്കപ്പെട്ടിരുന്നു.

പാർട്ടി പരിപാടികളിലും കുറച്ചുകാലമായി പ്രിയങ്ക സജീവമായിരുന്നു, കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ഇന്ദിരാഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പാർട്ടിയുടെ എമ്പത്തിനാലാം പ്ലീനറിയുടെ സംഘാടനത്തിലും പ്രിയങ്ക സജീവമായി രംഗത്തുണ്ടായിരുന്നു. പ്ലീനറിയുടെ ആദ്യദിനത്തിലെ സംഘാടനത്തിൽ പ്രിയങ്ക അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. അന്ന് മുതിർന്ന നേതാക്കളിടപെട്ട് തൊട്ടടുത്ത ദിവസം പ്രശ്നങ്ങൾ പരിഹരിക്കുകയുണ്ടായി. റായ് ബറേലിയിലും അമേത്തിയിലും കുടുംബത്തിന്റെ നിഴലായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പ്രിയങ്ക ഗാന്ധി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. 2019 തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ഇറങ്ങുന്നത് തങ്ങളുടെ തുറുപ്പു ചീട്ടുമായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍