UPDATES

പ്രതിഷേധജ്വാലകളായി മെഴുകുതിരിവെട്ടങ്ങള്‍; ആസിഫയ്ക്ക് നീതി തേടി ആയിരങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഇന്ത്യ ഗേറ്റിനു മുന്നില്‍

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്

സമാനതകളില്ലാത്ത പ്രതിഷേധത്തിന് സാക്ഷിയായിരിക്കുകയാണ് രാജ്യതലസ്ഥാനത്തിന്റെ ഹൃദയവേദിയായ ഇന്ത്യ ഗേറ്റ്. മെഴുകുതിരി വെട്ടങ്ങളേന്തിയ ആയിരക്കണക്കിന് ജനങ്ങളാണ് ആസിഫ എന്ന കുരുന്നിന്റെ നീതിക്കുവേണ്ടി ഒരര്‍ദ്ധരാത്രിയില്‍ ഭരണകൂടത്തിനെതിരേ തടിച്ചുകൂടിയത്.

ജമ്മു കശ്മീരിലെ കതുവായില്‍ കൊടുംക്രൂരതയ്ക്ക് ഇരയായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരി ആസിഫയ്ക്ക് നീതി തേടി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് അര്‍ദ്ധരാത്രിയില്‍ ജനക്കൂട്ടം ഇന്ത്യ ഗേറ്റിനു മുന്നില്‍ തടിച്ചുകൂടിയത്. സമാനതകളില്ലാത്ത ഈ പ്രതിഷേധക്കൂട്ടം ആസിഫയ്‌ക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകളുടെ സുരക്ഷിതത്വവും ഒപ്പം ആസിഫ കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നും രാഹുലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മാര്‍ച്ചാണ് ഇന്ത്യ ഗേറ്റില്‍ എത്തിയത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ എന്റെ ഹൃദയവും ഈ രാത്രിയില്‍ വൃണപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഈ അതിക്രമങ്ങള്‍ ഇനിയും ഇങ്ങനെ സാധാരണപോലെ തുടരുന്നത് അനുവദിക്കാന്‍ ഇന്ത്യക്ക് കഴിയില്ല; മാര്‍ച്ചിന് ജനങ്ങളെ ആഹ്വാനം ചെയ്ത് രാഹുല്‍ തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. ഉന്നാവോ പീഢനം കൂടി ബന്ധപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആഹ്വാനം. നിശബ്ദമായും ശാന്തമായും നമുക്ക് ഒത്തുചേരാം, ഈ അതിക്രമങ്ങള്‍ക്ക് എതിരേയുള്ള പ്രതിഷേധമായും നീതി തേടിയും ഈ അര്‍ദ്ധരാത്രിയില്‍ ഇന്ത്യ ഗേറ്റിനു മുന്നില്‍ മെഴുകുതിരിവെളിച്ചം കയ്യിലേന്താമെന്നും രാഹുല്‍ ആഹ്വാനം നടത്തിയതോടെ ആയിരങ്ങളാണ് ഇന്ത്യാ ഗേറ്റിലേക്ക് ഒഴുകിയത്. സഹോദരി പ്രിയങ്ക വധേരയും വിവിധ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഉണ്ട്.

"</p "</p "</p

ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം പുറത്തുവന്നതോടെ, ആ എട്ടുവയസുകാരി നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളില്‍ രാജ്യം മുഴുവന്‍ വിറങ്ങലിച്ചിരിക്കുകയാണ്. മുസ്ലിം വിരോധത്തിന്റെ പേരില്‍ ഒരു പിഞ്ചു ബാലികയെ കൂട്ടബലാത്സംഗതതിന് ഉള്‍പ്പെടെ വിധേയയാക്കുകയും. ഒടുവില്‍ അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസുകാരിയാണ് ക്രൂരതയ്ക്ക് ഇരയായ ആസിഫ. ജനുവരി പത്തിനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. താമസ്ഥലത്തിന് സമീപം കുതിരയെ മേച്ചു കൊണ്ടു നില്‍ക്കുന്ന സമയത്താണ് റിട്ടയേര്‍ഡ് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. കതുവാ ജില്ലയിലെ ഹിരാനഗറിലെ രസാന ഗ്രാമത്തില്‍ നിന്നും ബേക്കര്‍വാലുകളെ തുരത്താനും അതിനവരെ ഭയപ്പെടുത്താനും വേണ്ടിയാണ് പ്രതികളായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ ഈ ക്രൂരത നടത്തിയത്. തട്ടിയെടുത്ത കുട്ടിയെ സഞ്ജി റാം നേതൃത്വം നല്‍കുന്ന ദേവസ്ഥാനില്‍(ക്ഷേത്രം) തടവില്‍ വച്ച് നിരന്തരം മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക് വിധേയാക്കുകയായിരുന്നു. നാലുദിവസത്തോളം തുടര്‍ന്ന ഈ പീഡനത്തിനുശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു. മരണം ഉറപ്പാക്കാന്‍ മുഖം കല്ലുകൊണ്ട് ഇടിച്ചു. അവളെ കൊല്ലാന്‍ തീരുമാനിച്ചതിന്റെ തൊട്ടുമുന്നിലത്തെ നിമിഷത്തില്‍ പോലും പ്രതികളിലൊരാളായ പൊലീസ് ഉദ്യോഗസ്ഥന്‍ ആ പിഞ്ചുശരീരത്തില്‍ ഒരിക്കല്‍ കൂടി തന്റെ കാമദാഹം തീര്‍ത്തിരുന്നു.

പ്രത്യേക അന്വേഷണസംഘമാണ് രണ്ട് സെപ്ഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള എട്ടു പ്രതികളെ പിടികൂടിയത്. എന്നാല്‍ കേസ് സിബിഐക്ക് വിടണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഇങ്ങനെയൊരു ക്രൂരത നടന്നിട്ടും ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രിക്കെതിരേയും പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

പിശാചുക്കളായ ഈ കുറ്റവാളികളെ സംരക്ഷിക്കാന്‍ ആര്‍ക്കാണെങ്കിലും എങ്ങനെ കഴിയുന്നു? മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയാണ് ആസിഫയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഇവിടെ ശിക്ഷ നടപ്പാക്കപ്പെടാതെ പോകരുത്. ചിന്തിക്കാന്‍ പോലുമാകാത്തൊരു പൈശാചിക കുറ്റകൃത്യം ഒരു നിഷ്‌കളങ്ക ബാലികയോട് ചെയ്ത സംഭവത്തില്‍ രാഷ്ട്രീയം ഇടപെടന്‍ നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ നമ്മള്‍ എന്തായി മാറിയിരിക്കുന്നു? രാഹുല്‍ ചോദിക്കുന്നു.

ആസിഫയുടെ കൊലാപതകത്തിന്റെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ജമ്മുവില്‍ വ്യാപകപ്രതിഷേധമാണ് നടക്കുന്നത്. ഈ പ്രതിഷേധം ഇപ്പോള്‍ ഇന്ത്യയൊട്ടാകെ അലയടക്കുന്നിതിന്റെ ദൃശ്യങ്ങളാണ് രാജ്യതലസ്ഥാനത്ത് ഈ അര്‍ദ്ധരാത്രിയില്‍ കണ്ടതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍