ഫെബ്രുവരി 21 ആരംഭിച്ച് 24 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമെന്നോണം വൈദികരുടെ ലൈംഗിക ചൂഷണത്തിനെതിരേയുള്ള ചര്‍ച്ചകളും നടപടികളും വിഷയമാവുകയാണ്
കത്തോലിക്ക വൈദികരില്‍ നിന്നും കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരകളാകുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ സിനഡില്‍ ചര്‍ച്ച നടത്തുന്ന മുംബൈ രൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാല്‍ ഓസ്വാള്‍ഡ് ഗ്രാഷ്യസ് തന്റെ മുന്നില്‍ വന്ന ലൈംഗിക ചൂഷണ പരാതികള്‍ അവഗണിച്ച വ്യക്തി. ബിബിസി നടത്തിയ അന്വേഷണത്തിലാണ് കര്‍ദിനാള്‍ ഗ്രാഷ്യസിന്റെ പ്രവര്‍ത്തികള്‍ വെളിച്ചത്തു വന്നിരിക്കുന്നത്. തന്റെ വീഴ്ച്ചകള്‍ അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്. ഫെബ്രുവരി 21 ആരംഭിച്ച് 24 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമെന്നോണം വൈദികരുടെ ലൈംഗിക ചൂഷണത്തിനെതിരേയുള്ള ചര്‍ച്ചകളും നടപടികളും വിഷയമാവുകയാണ്. കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക ചൂഷണത്തില്‍ വൈദികര്‍ പ്രതികളാകുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ സിനഡിനെ ഏറെ ആകാംക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്. എന്നാല്‍ ബാല ലൈംഗിക ചൂഷണത്തിനെതിരേയുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന നാലുപേരില്‍ ഒരാളും കത്തോലിക്ക സഭയിലെ മുതിര്‍ന്ന കര്‍ദിനാളുമായ ഓസ്വാള്‍ഡ് ഗ്രാഷ്യസിനെ കുറിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ സിനഡിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്.
സിനഡിന്റെ രണ്ടാം ദിവസമായ 22 ആം തീയതി(വെള്ളിയാഴ്ച്ച) collegiality;sent together എന്ന വിഷയത്തില്‍ പേപ്പര്‍ അവതരിപ്പിക്കുന്ന, കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ), ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് എന്നിവയുടെ പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാഷ്യസ് തന്റെ മുന്നില്‍ എത്തിയ വൈദികര്‍ പ്രതികളായ, രണ്ട് വ്യത്യസ്ത ബാലലൈംഗിക പരാതികളിലാണ് നീതിയുക്തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടത്. കുറ്റാരോപിതര്‍ക്കെതിരേ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ ഇരകള്‍ക്ക് പിന്തുണ കൊടുക്കാനോ കര്‍ദിനാള്‍ ഗ്രാഷ്യസ് തയ്യാറായില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2015 ല്‍ മുംബൈ സ്വദേശിയായ സ്ത്രീ അവരുടെ മകന് വൈദികനില്‍ നിന്നും നേരിട്ട ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതിയുമായി കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാഷ്യസിനെ സമീപിച്ചിരുന്നു. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോയ കുട്ടിക്കാണ് വൈദികന്റെ ഉപദ്രവം ഏല്‍ക്കേണ്ടി വന്നത്. ഈ സംഭവം നടന്ന് 72 മണിക്കൂറിനകം തന്നെ കര്‍ദിനാള്‍ ഗ്രാഷ്യസിനു മുന്നില്‍ പരാതി എത്തിയെങ്കിലും ഒരുനടപടിക്കും അദ്ദേഹം തയ്യാറായില്ലെന്നാണ് ഇരയായ കുട്ടിയുടെ മാതാവ് ബിബിസിയോട് പറയുന്നത്. വൈദികരില്‍ നിന്നും കുട്ടികള്‍ക്കെതിരേ ഉണ്ടാകുന്ന ലൈംഗിക ചൂഷണം സമകാലിക സാഹചര്യത്തില്‍ കത്തോലിക്ക സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയും മാര്‍പാപ്പ ഇക്കാര്യത്തില്‍ ഏറെ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെയാണ് സഭയിലെ ഈ മുതിര്‍ന്ന കര്‍ദിനാള്‍ തന്റെ മുന്നിലെത്തിയ ഇരകള്‍ക്കു നേരെ കണ്ണടച്ചത്. ബാല ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുന്ന നാലംഗ സമിതിയിലെ അംഗമായ കര്‍ദിനാള്‍ ബ്ലേസ് കുപിച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത് കുട്ടികള്‍ ഇരകളാകുന്നത് കര്‍ശനമായി തടയുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നാണ്. എന്നാല്‍ കര്‍ദിനാള്‍ കുപിച്ചിന്റെ സഹപ്രവര്‍ത്തകന്‍ ഇരകള്‍ക്ക് നീതി നിഷേധിച്ചവനാണ്. ഇത്തരമൊരു പശ്ചാത്തലമുള്ള കര്‍ദിനാള്‍ ഗ്രാഷ്യസ് വളരെ പ്രധാനപ്പെട്ട വേഷത്തില്‍ സഭയുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് സിനഡില്‍ സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. വൈദികരും മെത്രാന്മാരും പ്രതികളാകുന്ന, ഏതു വിധത്തിലുമുള്ള ലൈംഗിക ചൂഷണങ്ങളും മൂടിവയ്ക്കപ്പെടുകയാണ് ഇന്ത്യന്‍ കത്തോലിക്ക സഭയില്‍. അതിന്റെ പ്രതിനിധി തന്നെയാണ് ആഗോള സഭയെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി ചര്‍ച്ച നടത്തുന്നതെന്ന ആക്ഷേപമാണ് ക്രൈസ്തവ വിശ്വാസികള്‍ക്കുള്ളത്.
പീഡകരില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജിതനായൊരു വ്യക്തിയാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാഷ്യസ് എന്നാണ് വിശ്വാസികളുടെ ആരോപണം. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തിനെതിരേ പോരാടാന്‍ തയ്യാറായവര്‍ക്ക് ഒരു തരത്തിലുമുള്ള പിന്തുണ കര്‍ദിനാള്‍ ഗ്രേഷ്യസില്‍ നിന്നും കിട്ടിയിട്ടില്ലെന്ന പരാതിയാണ് ഇരകളുടെ മാതാപിതാക്കള്‍ക്കുള്ളത്. എന്റെ കുട്ടി വൈദികനില്‍ നിന്നും എന്തുതരത്തിലുള്ള പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നു കര്‍ദിനാളിനോട് ഞാന്‍ വിവരിച്ചതാണ്. എന്റെ കുഞ്ഞ് എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞുകൊടുത്തു. ഞങ്ങള്‍ക്കു വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു, പിന്നെ റോമിലേക്ക് പോയി. എന്റെ ഹൃദയം തകര്‍ന്നുപോയ സന്ദര്‍ഭമായിരുന്നു അത്; ഇരയാക്കപ്പെട്ട ആണ്‍കുട്ടിയുടെ അമ്മ ബിബിസിയോട് പറയുന്നു. ഒരമ്മ എന്ന നിലയില്‍ കര്‍ദിനാളിനെ കാണാന്‍ പോകുന്നത് ഒത്തിരി പ്രതീക്ഷകളോടെയായിരുന്നു. അദ്ദേഹത്തില്‍ നിന്നും എന്റെ കുട്ടിക്ക് കരുതല്‍ കിട്ടുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, അദ്ദേഹത്തിന് ഒന്നിനും സമയം ഉണ്ടായിരുന്നില്ല. റോമിലേക്കുള്ള യാത്രയ്ക്കു മാത്രമായിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തത്; ഇരയുടെ അമ്മയുടെ വാക്കുകള്‍. വൈദ്യസഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുപോലും തങ്ങളെ അവഗണിക്കുകയാണുണ്ടയതെന്നും ഈ അമ്മ പറയുന്നു. കുട്ടിക്ക് സംഭവിച്ച കാര്യങ്ങള്‍ വേദനയുണ്ടാക്കുന്നതാണെന്നു പറഞ്ഞപ്പോഴും അവന് ഏതെങ്കിലും തരത്തിലുള്ള വൈദ്യസഹായം വേണമോയെന്ന് ചോദിക്കാന്‍ അദ്ദേഹം തയ്യാറായില്ല, അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഏറ്റവും പെട്ടെന്ന് അതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്‌തേനെ.
ഈ പരാതി ശരിവയ്ക്കുന്നുണ്ട് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രാഷ്യസ്. പരാതിക്കാരി കാണാനെത്തിയ ദിവസം രാത്രി തന്നെ റോമിലേക്ക് പോയി എന്നും പരാതിയെക്കുറിച്ച് മറ്റ് അധികാരകേന്ദ്രങ്ങളെ അറിയിച്ചില്ലെന്നും സമ്മതിക്കുകയാണ് കര്‍ദിനാള്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരേ നടന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും ഈ വിവരം പൊലീസിനെ അറിയാക്കാതിരുന്ന നടപടി പോസ്‌കോ നിയമപ്രകാരം കര്‍ദിനാള്‍ ചെയ്ത ക്രിമിനല്‍ കുറ്റം കൂടിയാണ്. സഭയുടെ ഭാഗത്തു നിന്നും നീതി കിട്ടില്ലെന്നു മനസിലാക്കി കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ ഈ പരാതി പൊലീസില്‍ നല്‍കുകയാണുണ്ടായത്.
ഇത്തരത്തിലൊരു പരാതിയില്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കാതിരുന്ന തന്റെ പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്ന് കര്‍ദിനാള്‍ ഗ്രാഷ്യസിനോട് ബിബിസി ചോദിക്കുന്നു. വീഴ്ച്ച അംഗീകരിക്കുമ്പോള്‍ തന്നെ കുറ്റാരോപിതനെതിരെ ഉണ്ടായിരിക്കുന്ന പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച് പരിശോധിക്കേണ്ട കടമയും തനിക്കുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ കുറ്റാരോപിതനായ വൈദികനെ കുറിച്ച് ഇതിനു മുമ്പും പരാതികള്‍ കര്‍ദിനാളിനു മുന്നില്‍ എത്തിയിട്ടുണ്ടെന്നു ബിബിസിയോട് മറ്റൊരു വൈദികന്‍ വെളിപ്പെടുത്തുന്നുമുണ്ട്. പക്ഷേ, കര്‍ദിനാള്‍ വാദിക്കുന്നത്, ആ വൈിദകനെ കുറിച്ച് തനിക്ക് കൂടുല്‍ ഒന്നും അറിയില്ലെന്നാണ്.
മുംബൈ രൂപത ആര്‍ച്ച് ബിഷപ്പ് ആയി നിയമിതനായി ഒന്നുരണ്ടു വര്‍ഷത്തിനിപ്പുറമാണ് കര്‍ദിനാള്‍ ഗ്രാഷ്യസിനു മുന്നില്‍ മറ്റൊരു ലൈംഗിക പീഡന പരാതി വരുന്നത്. 2009 ല്‍. ധാന്യകേന്ദ്രത്തില്‍ വച്ച് വൈദികനാല്‍ പീഡനത്തിനിരയായ ഒരു സ്ത്രീയായിരുന്നു പരാതിക്കാരി. പക്ഷേ, തന്റെ പരാതിയില്‍ ആദ്യം ഒരുതരത്തിലുമുള്ള നടപടിക്ക് കര്‍ദിനാള്‍ തയ്യാറായില്ലെന്ന് പരാതിക്കാരി പറയുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു കത്തോലിക്ക ആക്ടിവിസ്റ്റ് ഗ്രൂപ്പ് ഈ വിഷയത്തില്‍ കര്‍ദിനാളിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ തയ്യാറായി. 2011 ല്‍ ആണിത്. ആറുമാസത്തോളം പരാതിയിന്മേല്‍ കമ്മിഷന്‍ അന്വേഷണം നടത്തിയെന്നു പറയുന്നു. പക്ഷേ, ഒരു നടപടിയും കുറ്റാരോപിതനായ വൈദികനെതിരേ ഉണ്ടായില്ല.
കുറ്റാരോപിതനെതിരേ യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ കര്‍ദിനാളിനെതിരേ മൂന്ന് വക്കില്‍ നോട്ടീസുകള്‍ അയക്കുകയും നിശബ്ദത തുടരുകയാണെങ്കില്‍ കോടതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നതായി ഈ പീഡന പരാതിയില്‍ ഇടപെട്ട വിര്‍ജീനിയ സല്‍ദാന ബിബിസിയോട് പറയുന്നു. വിവിധ സഭ കേന്ദ്രങ്ങളിലെ വനിത ഡെസ്‌കുകളില്‍ രണ്ടു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച വ്യക്തിയാണ് വിര്‍ജീനിയ.
‘ആ വൈദികന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല’ എന്നായിരുന്നു തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കര്‍ദിനാളില്‍ നിന്നുണ്ടായ മറുപടി; ബിബിസിയോട് വിര്‍ജീനിയ പറയുന്നു.
ഒരുത്തമ കത്തോലിക്ക വിശ്വാസിയായിരുന്ന താന്‍ ഇതിനുശേഷം പള്ളിയിലേക്ക് പോയിട്ടില്ലെന്നു വിര്‍ജീനിയ പറയുന്നു. അതിനുള്ള കാരണം വിര്‍ജീനിയയ്ക്കുണ്ട്. ആ മനുഷ്യന്‍ കുര്‍ബാന അര്‍പ്പിക്കുന്നത് കണ്ടു നില്‍ക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് തന്നെ പള്ളിയിലേക്ക് പോകണമെന്നു പിന്നീടെനിക്ക് തോന്നിയതുമില്ല.
കുറ്റാരോപിതനായ പ്രസ്തുത വൈദികനെ ഇടവകയിലെ വൈദിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പുറത്താക്കുകയുണ്ടായി. പക്ഷേ, അതിന്റെ കാരണം പുറത്തു പറയാന്‍ സഭയോ കര്‍ദിനാളോ തയ്യാറിയില്ല. പരാതി ലഭിച്ച്, നീണ്ട കാലം കഴിഞ്ഞുമാത്രം നടപടി സ്വീകരിക്കാന്‍ എന്തായിരുന്നു കാരണമെന്നു കര്‍ദിനാള്‍ ഗ്രാഷ്യസിനോട് ചോദിക്കുമ്പോള്‍, അതൊരു സങ്കീര്‍ണമായ കേസ് ആയിരുന്നുവെന്നാണ് മറുപടി. അതേസമയം കുറ്റാരോപിതനായ വൈിദകന്‍ ഇപ്പോഴും ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് ബിബിസിയുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
സഭ കുറ്റവാളികളെ ഈ രീതിയില്‍ സംരക്ഷിക്കുമ്പോള്‍, പീഡീക്കപ്പെട്ടവരും പരാതിക്കാരും നേരിടുന്നത് ഒറ്റപ്പെടലും അവഗണനകളും. യഥാര്‍ത്ഥ പ്രതികളും അവരെ സംരക്ഷിക്കുന്നവരും വിശ്വാസികള്‍ക്കിടയില്‍ ബഹുമാന്യരായി തന്നെ നിലനില്‍ക്കുന്നു. സഭയ്ക്കും പുരോഹിതര്‍ക്കും എതിരേ പൊലീസില്‍ പരാതി നല്‍കിയെന്ന പേരില്‍ തങ്ങള്‍ നേരിട്ടത് വലിയ രീതിയിലുള്ള അവഗണനയായിരുന്നുവെന്നു ഇരയായ ആണ്‍കുട്ടിയുടെ അമ്മ ബിബിസിയോടു പറയുന്നുണ്ട്. പൊലീസില്‍ പാരാതി കൊടുത്തതിന് മറ്റുള്ളവര്‍ക്ക് ഞങ്ങളോട് വിദ്വേഷമായി. പള്ളിയില്‍ കുര്‍ബാന കൂടാന്‍ പോയാല്‍ ഞങ്ങളോട് മിണ്ടാനോ ഒപ്പം ഇരിക്കാനോ മറ്റുള്ളവര്‍ തയ്യറാകുമായിരുന്നില്ല. ഞങ്ങള്‍ ഇരുന്നിടത്തു നിന്നും ആളുകള്‍ എഴുന്നേറ്റു പോയ അനുഭവങ്ങള്‍ വരെ ഉണ്ടായി. തീര്‍ത്തും ഒറ്റപ്പെടുത്തുന്ന സാഹചര്യം. പള്ളിയിലേക്ക് പോകുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി, താമസിക്കുന്നയിടം തന്നെ വിട്ടുപോകേണ്ടതായി വന്നു.
നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഇത്തരത്തില്‍ ആയിരിക്കുമെന്ന് തിരിച്ചറിവാണ് ഇരകളെ നിശബ്ദരായിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തുറന്നു പറയാന്‍ ആരും തയ്യാറാകുന്നില്ല. പറഞ്ഞാല്‍ തന്നെ തങ്ങള്‍ക്ക് എന്തു നീതി കിട്ടുമെന്നവര്‍ ചോദിക്കുന്നു. മുന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇരകളെ നിശബ്ദരാക്കുന്ന സാഹചര്യം സഭയ്ക്കുള്ളില്‍ നിലനിര്‍ത്തുന്ന പ്രവര്‍ത്തി തന്നെയാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാഷ്യസില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരകളെ സംരക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കാനും പരാജയപ്പെട്ടൊരാള്‍ക്ക് വത്തിക്കാന്‍ സിനഡില്‍ എന്ത് ആത്മാര്‍ത്ഥയോടെ കത്തോലിക്ക സഭയുടെ മൂല്യം നിലനിര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്നാണ് ചോദ്യം. വത്തിക്കാന്‍ സിനഡ് വെറുമൊരു പ്രഹസനമായി മാറുമോ എന്ന ഭയം കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാഷ്യസ് ഉണ്ടാക്കിയിട്ടുണ്ടെന്നു വിശ്വാസികള്‍ സമ്മതിക്കുന്നു.