UPDATES

ജാതി സംവരണത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയം; 1997-ലെ യെച്ചൂരിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നത് എങ്ങനെ?

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ കുറിച്ച് സീതാറാം യെച്ചൂരിയോ പാര്‍ട്ടി കേന്ദ്ര നേതൃത്വമോ ഇത് വരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഏറെ കാലത്തിന് ശേഷം കേരളത്തില്‍ വീണ്ടും സാമ്പത്തിക സംവരണം സജീവ ചര്‍ച്ചാവിഷയവും വിവാദവുമായിരിക്കുന്നു. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മുന്നോക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സാമ്പത്തിക സംവരണ വാദം വീണ്ടും പുകയുന്നത്. സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധവും ജാതി സംവരണത്തെ അട്ടിമറിക്കുന്നതിന്റെ ആദ്യ പടിയുമാണെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകട്ടെ, ഒരുപടി കൂടി കടന്ന് സര്‍ക്കാര്‍ സര്‍വീസില്‍ ഇത്തരത്തില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനായി നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും തയ്യാറുണ്ടോ എന്ന വെല്ലുവിളി കൂടി മുന്നോട്ട് വച്ച് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കി.

1958ല്‍ ആദ്യ കേരള സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മിറ്റി, സംവരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജാതി സംവരണം തുടരേണ്ടതാണ് എന്ന് വ്യക്തമാക്കുമ്പോളും മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്നതിന്‍റെ ഭാഗമായി നിശ്ചിത സംവരണം വേണം എന്ന നിര്‍ദ്ദേശം കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്നോട്ട് വച്ചിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സവര്‍ണ ജാതിബോധമാണ് സംവരണത്തെ സംബന്ധിച്ച ഇത്തരം കാഴ്ചപ്പാടുകളിലേക്ക് അവരെ നയിക്കുന്നത് എന്നാണ് വിമര്‍ശകരുടെ വാദം. അതേസമയം ഇന്ത്യയിലെ ജാതി – വര്‍ഗ ബന്ധങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ് എക്കാലത്തും ദലിത് സംഘടനകളില്‍ നിന്ന് ഭിന്നമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുന്നത്. ഏതായാലും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റ സാമ്പത്തിക സംവരണ പരിപാടി സിപിഎമ്മിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിനിടയില്‍ ഇപ്പോഴത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 1997ല്‍ നടത്തിയ ഒരു പ്രസംഗം സിപിഎം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി സുന്ദരയ്യ സ്മാരക പ്രഭാഷണത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജാതിയേയും വര്‍ഗത്തേയും പറ്റി യെച്ചൂരി സംസാരിക്കുന്നത്.

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല

ഇന്ത്യയിലെ ജാതിയും വര്‍ഗവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുകയാണെന്നും ഇന്ത്യന്‍ വര്‍ഗസമരത്തിന്‍റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ജാതിവിരുദ്ധ പോരാട്ടം എന്നുമുള്ള യാഥാര്‍ത്ഥ്യബോധം യെച്ചൂരിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഫ്യൂഡല്‍ അധികാര ഘടനയെ തകര്‍ക്കുകയും ചെയ്താലേ ജാതി ഉന്മൂലനം സാധ്യമാകൂ എന്ന വസ്തുതയും കാണാം. എന്നാല്‍ തൊഴില്‍, വിദ്യാഭ്യാസ സംവരണങ്ങളെ കേവലം ജനാധിപത്യ വ്യവസ്ഥയുടെ ഇളവുകളായി കാണുന്ന തെറ്റായ ധാരണയുടെ പ്രശ്നവും ഇതിലുണ്ട്.

യെച്ചൂരിയുടെ ഈ പ്രസംഗത്തിന് ശേഷം സിപിഎമ്മിന്‍റെ ആറ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടന്നു. 2015 ഏപ്രിലില്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യെച്ചൂരി പറഞ്ഞത് നമുക്ക് ഒറ്റക്കാലില്‍ നടക്കാനാവില്ല എന്നായിരുന്നു. നടക്കുന്നത് പോയിട്ട്, സാമ്പത്തിക ചൂഷണത്തെ നേരിടാന്‍ പോലുമാകില്ല എന്നാണ്. ജാതി പ്രശ്‌നങ്ങളെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ പാര്‍ട്ടി അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. ജാതി പ്രശ്നത്തോടുള്ള സമീപനം പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായി. പൊളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ല, കേന്ദ്രകമ്മിറ്റിയിലേത് തീര്‍ത്തും ശുഷ്‌കം എന്നിങ്ങനെ സിപിഎം അതിന്റെ രൂപീകരണ കാലം മുതല്‍ കേട്ട് വരുന്ന വിമര്‍ശനങ്ങളെ, ഗൗരവമായി കാണാന്‍ പാര്‍ട്ടി തീരുമാനിച്ചു.

സംവരണം; പിണറായി മോഹന്‍ ഭാഗവതിന്റെ കാര്യക്കാരനാകുമ്പോള്‍

2015ല്‍ തുടക്കം കുറിക്കുകയും 2016 ആദ്യം രോഹിത് വെമുലയുടെ ആത്മാഹുതിയോടെ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കത്തിപ്പടരുകയും ചെയ്ത വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ലാല്‍ സലാം, നീല്‍ സലാം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇങ്ങനെയൊക്കെ ആയിട്ടും സിപിഎം നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാര്‍ മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണം എന്നൊരു തീരുമാനമെടുത്തു. ജാതി സംവരണത്തെ തന്നെ അട്ടിമറിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന തീരുമാനമാണ് ഇത് എന്നാണ് ഉയരുന്ന വിമര്‍ശനം. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ കുറിച്ച് സീതാറാം യെച്ചൂരിയോ പാര്‍ട്ടി കേന്ദ്ര നേതൃത്വമോ ഇത് വരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

യെച്ചൂരിയുടെ പ്രസംഗത്തില്‍ നിന്ന്: 

പി സുന്ദരയ്യ സ്മാരക പ്രഭാഷണം നടത്താന്‍ എന്നെ ക്ഷണിച്ചത് വലിയൊരു അംഗീകാരമായി ഞാന്‍ കരുതുന്നു. ഇക്കാര്യത്തില്‍ എന്റെ പരിമിതികളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. സഖാവ് പിഎസ് (പി സുന്ദരയ്യയെ പിഎസ് എന്ന ചുരുക്കപ്പേരിലാണ് പാര്‍ട്ടിക്കകത്ത് വിളിച്ചിരുന്നത്) ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വമാണ്. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പിഎസിന്റെ സംഭാവനകള്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അദ്ദേഹത്തെ തിളങ്ങുന്ന വ്യക്തിത്വമാക്കുന്നു. മറ്റ് പല സഖാക്കളേയും പോലെ വ്യക്തിപരമായി എന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്. നിലവിലെ ഇന്ത്യന്‍ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളുമായി അദ്ദേഹത്തിന്റെ ഓര്‍മ്മകളെ ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജാതിയേയും വര്‍ഗത്തേയും കുറിച്ചാണ്.

സുന്ദര രാമ റെഡ്ഡി എന്ന തന്റെ പേര് സുന്ദരയ്യ എന്നാക്കി അദ്ദേഹം മാറ്റിയത് ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായാണ്. വര്‍ഗസമരം തീവ്രമാക്കുന്നതിലൂടെ ജാതി വിഭജനങ്ങളെ മറികടക്കാന്‍ കഴിയുന്നതായുള്ള പാഠമാണ് തെലങ്കാനയില്‍ സുന്ദരയ്യയുടെ നേതൃത്വത്തില്‍ നടന്ന സായുധ പോരാട്ടം സാക്ഷ്യപ്പെടുത്തിയത്. സമീപ കാലത്ത് ജാതി ശാക്തീകരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ 1989ല്‍ ദേശീയ രാഷ്ട്രീയ അജണ്ടയില്‍ വന്നതോടെയാണിത്. ഒരു മാര്‍ക്‌സിസ്റ്റിനെ, കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജാതിയുടെ സ്വാധീനത്തെ വിലയിരുത്തുക എന്നത് മാത്രമല്ല, ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമിട്ടുള്ള തൊഴിലാളിവര്‍ഗ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള വഴികള്‍ അന്വേഷിക്കുക എന്നതും പ്രധാനമാണ്. ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജാതി ശാക്തീകരണം തൊഴിലാളി വര്‍ഗ ഐക്യത്തെ തകര്‍ക്കുന്നത് തടയാനാവില്ലെന്നാണ് സഖാവ് പിഎസ് ഞങ്ങളെ പഠിപ്പിച്ചത്.

സംവരണ വിവാദം; ദുരിതം അനുഭവിക്കുന്നവരെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിന് ശ്രമിക്കുന്നു

ഇന്ത്യയില്‍ വര്‍ഗവും ജാതിയും തമ്മിലുള്ള സംഘര്‍ഷം സംബന്ധിച്ച വാദങ്ങള്‍ തികഞ്ഞ അസംബന്ധമാണ്. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഏറെക്കാലമായി പ്രചരിപ്പിച്ച് വരുന്നത് കമ്മ്യൂണിസ്റ്റ്കാര്‍ വര്‍ഗവിഭജനത്തെ മാത്രമാണ് കാണുന്നതെന്നും ജാതി പ്രശ്‌നം ശ്രദ്ധിക്കുന്നതേ ഇല്ല എന്നുമാണ്. ഇത്തരത്തില്‍ യാന്ത്രികമായ ജാതി, വര്‍ഗ വിശകലനം നിലവിലെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വളരെ സങ്കുചിതമായി കണ്ട് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ്. നമ്മുടെ സമൂഹത്തിന്റെ ജാതിവിഭജനവും ഘടനയും നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട് വന്നതാണ്. ജാതികള്‍ക്കുള്ളിലും വിവിധ ജാതികള്‍ക്കിടയിലുമുണ്ടായ പരിഷ്‌കാരങ്ങള്‍ക്കും നവോത്ഥാനങ്ങള്‍ക്കും ഇടയിലും അടിസ്ഥാന ജാതിഘടനയും ദലിത്, പിന്നോക്ക ജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നിര്‍ബാധം തുടരുകയാണ്. ഈ സാമൂഹ്യവിഭജനത്തോടൊപ്പമാണ് ഇന്ത്യയിലെ വര്‍ഗങ്ങള്‍ രൂപപ്പെടുന്നത്.

മുതലാളിത്തം ഇന്ത്യയില്‍ ഇപ്പോഴും വികസിച്ച് വരുന്നതേയുള്ളൂ. ആധുനിക മുതലാളിത്ത വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടുള്ള സാമൂഹ്യ വികാസം നിലവിലെ ജാതി ഘടനയ്ക്കകത്ത് നിന്നുകൊണ്ട് തന്നെയാണ് സംഭവിക്കുന്നത്. അപ്പോള്‍ ജാതി വേഴ്‌സസ് വര്‍ഗം എന്നുള്ളതല്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നം. മറിച്ച് പരമ്പരാഗത ജാതി ഘടനയ്ക്കുള്ളില്‍ തന്നെയാണ് ആധുനിക മുതലാളിത്തം പുതിയ വര്‍ഗങ്ങളെ രൂപീകരിക്കുന്നത് എന്നതാണ്. വലിയൊരളവ് വരെ സാമൂഹ്യമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന, അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ തന്നെയാണ് സാമ്പത്തികമായി ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും. വര്‍ഗ ചൂഷണത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനും എതിരായ പോരാട്ടം പരസ്പര പൂരകമാണ്. ഈ പിന്നോക്ക ജനവിഭാഗങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും ചൂഷണം അനുഭവിക്കുകയും രണ്ട് തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയും ചെയ്യുന്നു. വര്‍ഗസമരത്തെ ജാതി വിരുദ്ധ പോരാട്ടമായി ബന്ധിപ്പിക്കുക എന്നത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍വഹിക്കേണ്ട പ്രധാന കടമകളിലൊന്നാണ്. ഇതിലൂടെ മാത്രമേ ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമിട്ടുള്ള തൊഴിലാളി വര്‍ഗ ഐക്യം ഇന്ത്യയില്‍ ശക്തിപ്പെടുത്താനാകൂ.

ജാതിവ്യവസ്ഥയുടെ ആവിര്‍ഭാവം സംബന്ധിച്ച വിശകലനങ്ങളിലേയ്ക്ക് ഞാന്‍ പോകുന്നില്ല. മാര്‍ക്‌സിന്റെ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനുമായി ഇതിനെ ബന്ധിപ്പിക്കാന്‍ പല ചിന്തകരും ശ്രമിച്ചിട്ടുണ്ട്. ഇത്തരം നിരീക്ഷണങ്ങള്‍ക്ക് ബൗദ്ധികമായും രാഷ്ട്രീയമായും പ്രാധാന്യമുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ ജാതി വ്യവസ്ഥ മുതലാളിത്ത പൂര്‍വ സാമ്പത്തികഘടനയുടെ മേല്‍ത്തട്ടാണ്. ഈ പൈശാചിക സംവിധാനത്തേയും അതിന്റെ അടിച്ചമര്‍ത്തലിനേയും തുടച്ചുനീക്കണമെങ്കില്‍ മുതലാളിത്ത പൂര്‍വ സങ്കുചിത സാമ്പത്തിക താല്‍പര്യങ്ങളുടെ അവശിഷ്ടങ്ങളെ ഉന്മൂലനം ചെയ്യണം. അതായത് ഫ്യൂഡലിസവും അര്‍ദ്ധഫ്യൂഡലിസവും ഇല്ലാതാക്കണം. ഇത്തരം ജാതി ഉന്മൂലനം സമഗ്രവും സങ്കീര്‍ണവുമായ കാര്‍ഷിക വിപ്ലവത്തിലൂടെ സാധ്യമാകും.

സംവരണം: നീല്‍ സലാമിനെ റദ്ദാക്കുന്ന ലാല്‍ സലാം

മുതലാളിത്ത പൂര്‍വ കാര്‍ഷികഘടനയെ മാറ്റാതെ ജാതി എന്ന മനോഭാവത്തെ മാറ്റാനാവില്ല. നമ്മുടെ കൊളോണിയല്‍ വിരുദ്ധ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കാര്‍ഷിക വിപ്ലവ പരിപാടിയുമായി മുന്നോട്ട് പോകാനുള്ള അവസരമുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയ മനോഭാവം ഇതിന് തടസമായി. ജാതി പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അതിന് പരിഹാരം കണ്ടെത്തുന്നതിന് ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ഫ്യൂഡല്‍, അര്‍ദ്ധ ഫ്യൂഡല്‍ കാര്‍ഷിക വര്‍ഗബന്ധങ്ങളെ തുടരാന്‍ അനുവദിച്ചതാണ് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ തുടരാനിടയാക്കിയത്. ജാതി വിരുദ്ധ സമരങ്ങള്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ നിന്ന് ഭിന്നിച്ചും കാര്‍ഷിക വിപ്ലവത്തിനായുള്ള സമരങ്ങളില്‍ നിന്ന് വേറിട്ടുമാണ് നടന്നത് എന്ന പ്രശ്നമുണ്ട്.

ബ്രിട്ടീഷ് ഭരണം പ്രത്യേകിച്ച് അത് കൊണ്ടുവന്ന റെയില്‍വെ പോലുള്ളവ ആധുനിക മുതലാളിത്ത സമൂഹത്തിന്റേതായ വര്‍ഗവിഭജനത്തിലേയ്ക്ക് ഇന്ത്യയെ നയിക്കുമെന്നായിരുന്നു കാള്‍ മാര്‍ക്‌സ് അടക്കമുള്ളവര്‍ കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ അതുണ്ടായില്ല. ഇന്ത്യന്‍ സമൂഹത്തെ അത്തരത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ കൊളോണിയല്‍ ഭരണകൂടം താല്‍പര്യപ്പെട്ടിരുന്നുമില്ല. സാമ്പത്തിക സാമൂഹ്യബന്ധങ്ങളെ അലോസരപ്പെടുത്താതെ ജനങ്ങളെ ചൂഷണം ചെയ്ത് മുന്നോട്ട് പോവുക എന്നതായിരുന്നു അവരുടെ സമീപനം. ശക്തമായ ഒരു തദ്ദേശീയ മുതലാളിവര്‍ഗം ഉയര്‍ന്നുവരുന്നത് ബ്രിട്ടീഷുകാര്‍ സമര്‍ത്ഥമായി തടഞ്ഞു. ഫ്യൂഡല്‍ ഭൂപ്രഭുക്കന്മാരുമായി അത് ധാരണകളുണ്ടാക്കി. ബ്രീട്ടിഷ് ബൂര്‍ഷ്വാ സംസ്‌കാരത്തിനും പ്രത്യയശാസ്ത്രത്തിനും ബദലായി ഇത്തരം പ്രണവണതയുടെ വക്താക്കള്‍ ഉയര്‍ത്തിപ്പിടിച്ചത് ഹിന്ദു പുനരുത്ഥാന പ്രത്യയശാസ്ത്രമാണെന്ന് രജനി പാമി ദത്ത് (ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്) ചൂണ്ടിക്കാട്ടുന്നു. എല്ലാ സാമൂഹ്യ, ശാസ്ത്രീയ വികസനങ്ങളേയും തീവ്രവലതുപക്ഷക്കാര്‍ എതിര്‍ത്തു. പാരമ്പര്യത്തിന്റെ ഭാഗമായി നിലനിര്‍ത്തിയിരുന്ന എല്ലാം മര്‍ദ്ദനങ്ങളും തുടര്‍ന്നുവെന്നും രജനി പാമി ദത്ത് പറയുന്നു. നമ്മുടെ ഇന്നത്തെ വര്‍ഗീയ ശക്തികളുടെ കാഴ്ചപ്പാടുകളും ഇത് തന്നെയാണ്. ഇത്തരക്കാര്‍ കാര്‍ഷിക വിപ്ലവത്തിന് എതിരാണ്. അവര്‍ ജാതി ഘടനയെ ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

രാജ്യത്തെ ഭൂപ്രഭുക്കന്മാര്‍ക്കെതിരെ വലിയ തോതില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയ സമയത്താണ് 1922ലെ ബര്‍ദോളി സമ്മേളനത്തില്‍ ജമീന്ദാര്‍മാരെ അനുകൂലിച്ചും ജമീന്ദാരി സമ്പ്രദായത്തിനെതിരായ പ്രക്ഷോഭങ്ങളെ തള്ളിക്കളഞ്ഞും കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്. ജമീന്ദര്‍മാരുടെ നിയമപരമായ അവകാശങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യന്‍ കാര്‍ഷിക വിപ്ലവത്തെ കോണ്‍ഗ്രസ് കയ്യൊഴിഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ബൂര്‍ഷ്വാസി അധികാരം പിടിച്ചടക്കാനുള്ള അതിന്റെ അമിതമായ ഉത്സാഹത്തിനിടെ ഒരു ഭാഗത്ത് സാമ്രാജ്യത്വവുമായും മറുഭാഗത്ത് ഫ്യൂഡലിസവുമായി സന്ധി ചെയ്തു. ഫ്യൂഡല്‍ വര്‍ഗവുമായി അധികാരം പങ്കിട്ടു. ഫ്യൂഡല്‍ വാഴ്ചയെ അത് സംരക്ഷിച്ച് നിര്‍ത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ജനകീയ സമരത്തെ സമഗ്രമായ കാര്‍ഷിക വിപ്ലവ പരിപാടിയുമായി ബന്ധിപ്പിച്ചത്. 1930ലെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ 1968ല്‍ സിപിഎമ്മിന് വേണ്ടി സഖാവ് പി സുന്ദരയ്യ നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന് നല്‍കിയ മെമ്മോറാണ്ടം വരെ കാര്‍ഷിക ബന്ധങ്ങളിലെ സമൂല മാറ്റങ്ങളിലൂടെ മാത്രമേ ജാതി ഉന്മൂലനം സാധ്യമാകൂ എന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടരുത്; കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനം സാമൂഹ്യ അട്ടിമറിയോ?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ജാതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയും അവ വലിയ തോതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും ഉന്നതശീര്‍ഷമായി നില്‍ക്കുന്ന പ്രസ്ഥാനങ്ങളിലൊന്ന് ജ്യോതിബാ ഫൂലെയുടെ നേതൃത്വത്തിലുണ്ടായതാണ്. ജ്യോതിബാ മഹാനായ ഒരു മതനിരപേക്ഷ ജനാധിപത്യവാദിയായിരുന്നു. അദ്ദേഹത്തിന്റെ സത്യശോധക് പ്രസ്ഥാനം ബ്രാഹ്മിണ്‍ ഹിന്ദു സാമൂഹ്യ വ്യവസ്ഥയുടെ മനുഷ്യത്വവിരുദ്ധതയ്ക്കും മര്‍ദ്ദനങ്ങള്‍ക്കും എതിരായി ശക്തമായി മുന്നോട്ട് പോയി. പ്രത്യയശാസ്ത്രപരമായി നോക്കിയാല്‍ ജ്യോതിബായുടെ പ്രസ്ഥാനം ഫ്യൂഡല്‍ വ്യവസ്ഥതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത ആക്രമണമായിരുന്നു. അതേസമയം ഫ്യൂഡല്‍ ഭൂബന്ധങ്ങളേയും കാര്‍ഷിഘടനയേയും ആക്രമിക്കാന്‍ അതിന് കഴിഞ്ഞില്ല. ഫ്യൂഡല്‍ മേല്‍ത്തട്ട് നിലനില്‍ക്കുന്നത് ഈ വര്‍ഗഘടനയുടെ അടിസ്ഥാനത്തിലാണ്.

ഡോ.അംബേദ്കറെ സംബന്ധിച്ചും ഈ പ്രശ്‌നമുണ്ട്. അതുല്യനായ, വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഈ പോരാളിക്ക് അവസാനം തന്റെ അനുയായികളോട് ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വന്നു. മതപരിവര്‍ത്തനം ജാതി ഹിന്ദുക്കളില്‍ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും അനീതിയില്‍ നിന്നും ദലിതരെ രക്ഷിച്ചില്ല. സാമൂഹ്യബന്ധങ്ങളും ഭൂബന്ധങ്ങളും മാറ്റമില്ലാതെ തുടര്‍ന്നു. സമത്വം, സാമൂഹ്യ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സംവരണം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ മാത്രം അംബേദ്‌കര്‍ പ്രസ്ഥാനം കേന്ദ്രീകരിച്ചു. അംബേദ്കറെ പോലെ വലിയൊരു നേതാവുണ്ടായിട്ടും ശക്തമായ ജനകീയ പ്രസ്ഥാനമുണ്ടായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല. തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ദ്രാവിഡ പ്രസ്ഥാനത്തിനും ഇതേ പ്രശ്‌നമുണ്ട്. ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മയ്ക്കും എതിരായി ശക്തമായൊരു ജനകീയ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ പെരിയാറിന് കഴിഞ്ഞു. അതേസമയം സാമ്പത്തികഘടനയെ അത് തൊട്ടില്ല.

വിദ്യാഭ്യാസ, തൊഴില്‍ സംവരണങ്ങള്‍ കൊണ്ടോ ഇളവുകള്‍ കൊണ്ടോ ദലിതരും പിന്നോക്ക വിഭാഗക്കാരും നേരിടുന്ന അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത് സാമൂഹ്യമായ അടിച്ചമര്‍ത്തലിന് അന്തിമമായ പരിഹാരവുമല്ല. നിലവിലെ സാമൂഹ്യ-സാമ്പത്തിക ഘടനയെ സംരക്ഷിച്ചുനിര്‍ത്തുന്ന വ്യവസ്ഥിതിയില്‍ അധികാരപങ്കാളിത്തം വ്യക്തികള്‍ക്ക് കിട്ടിയത് കൊണ്ട് ദലിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. പിന്നോക്ക വിഭാഗത്തിലെ നേതാക്കള്‍ അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ കൂടുതലായി അനുഭവിക്കുകയും പിന്നോക്ക വിഭാഗങ്ങളിലെ സാധാരണക്കാര്‍ എല്ലായ്‌പ്പോഴും പിന്നോക്കക്കാരായി തുടരുകയും ചെയ്യും. ബിഹാറിലും ഉത്തര്‍പ്രദേശിലും അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഇതിന് ഉദാഹരണങ്ങളാണ്.

തൊഴിലാളി വര്‍ഗത്തെ, മര്‍ദ്ദിതരെ ഐക്യപ്പെടുത്താനുള്ള ശ്രമം മൂലം, സാമ്പത്തിക ചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും എതിരായ സമരങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമം മൂലമാണ് കാന്‍ഷി റാമിനെ പോലുള്ള ദലിത് നേതാക്കള്‍ കമ്മ്യൂണിസ്റ്റുകളെ പ്രത്യേകിച്ച് സിപിഎമ്മിനെ ആക്രമിക്കുന്നത്. ദലിതര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും സംവരണം നല്‍കുന്നതിനെ കമ്മ്യണിസ്റ്റുകാര്‍ പിന്തുണക്കുന്നു. അതേസമയം ഇത് അന്തിമമായ പരിഹാരമാണെന്ന് കരുതുന്നില്ല.

യെച്ചൂരിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം:

https://cpim.org/content/caste-and-class-indian-politics-today

സംവരണ വിവാദം; ദുരിതം അനുഭവിക്കുന്നവരെ ഒന്നിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിന് ശ്രമിക്കുന്നു

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍