UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൗസല്യയെ ഇന്ത്യാവിരുദ്ധ പരാമര്‍ശം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു

ഇന്ത്യക്കാരിയായിരിക്കുക എന്നത് താങ്കളെ സംബന്ധിച്ച് എന്താണ് അര്‍ത്ഥം എന്നായിരുന്നു ചോദ്യം.

2016 മാര്‍ച്ചില്‍ തമിഴ്‌നാട്ടില്‍ മിശ്രജാതി വിവാഹത്തെ തുടര്‍ന്ന്‌, ജാതിവെറിയുടെ ഭാഗമായി കൊല ചെയ്യപ്പെട്ടയാളുടെ ഭാര്യയെ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡാണ് ബിബിസി തമിഴ് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് കൗസല്യ എന്ന യുവതിയെ പിരിച്ചുവിട്ടത്. ഇന്ത്യക്കാരിയായിരിക്കുക എന്നത് താങ്കളെ സംബന്ധിച്ച് എന്താണ് അര്‍ത്ഥം എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി കൗസല്യ സംസാരിച്ചത് ഇന്ത്യ എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് എന്ന് വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡ് ആരോപിക്കുന്നു.

അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ സംബന്ധിച്ചെങ്കിലും ധാരണ വേണമായിരുന്നു എന്ന് ഒരു ബോര്‍ഡ് അംഗം ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി പുറത്താക്കലിലേയ്ക്ക് നയിച്ചേക്കാം എന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. നീലഗിരിയിലെ കൂനൂരിന് സമീപം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തില്‍ ജൂനിയര്‍ അസിസ്റ്റന്റ് ആയാണ് കൗസല്യ പ്രവര്‍ത്തിക്കുന്നത്.

ഉദുമല്‍പേട്ടിലെ കുമാരലിംഗം സ്വദേശിയും ദലിതനുമായ ഭര്‍ത്താവ് ശങ്കറിനെ ഒബിസി വിഭാഗമായ തേവര്‍ സമുദായത്തില്‍ പെട്ട കൗസല്യയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൗസല്യയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വാടകക്കൊലയാളികള്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്ക് ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ കൗസല്യ കേസ് ഫയല്‍ ചെയ്യുകയും ഇവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശങ്കറിന്റെ കുടുംബത്തോടൊപ്പമാണ് ഇവര്‍ ജീവിച്ചത്.

നീലഗിരിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷവും സാമൂഹ്യ പ്രശന്ങ്ങളില്‍ കൗസല്യ സജീവമായി പ്രവര്‍ത്തിച്ചു. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴഗം അടക്കമുള്ള സംഘടനകളുമായി കൗസല്യ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ശക്തി എന്ന പറൈ ആര്‍ട്ടിസ്റ്റിനെ (പറ കൊട്ടുന്നയാള്‍) വിവാഹം കഴിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍