UPDATES

ബീഫ് രാഷ്ട്രീയം

വിശുദ്ധ പശുക്കളെ ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യന്‍ കര്‍ഷകരും കാലിക്കച്ചവടത്തിലെ സംഘപരിവാര്‍ അജണ്ടകളും

അലഞ്ഞുതിരിയുന്നവയേയും ഉത്പാദനക്ഷമമല്ലാത്ത കന്നുകാലികളെയും ശേഖരിച്ചുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ബിജെപി-ആര്‍എസ്എസ് ഓഫീസുകളിലും പോവാന്‍ കിസാന്‍ സഭ തീരുമാനം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017-ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) നിയമത്തിന്റെ വിജ്ഞാപനം ക്ഷീരോത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കര്‍ഷകരും തുകല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇറച്ചിവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. കമ്പോളത്തിലും ലാഭത്തിലും പ്രതിബന്ധങ്ങളില്ലാതെ ക്ഷീര, തുകല്‍, ഇറച്ചി വ്യാപാരരംഗത്തെ വന്‍കിട കുത്തകള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദരിദ്രര്‍ക്ക് നേരെ നടത്തുന്ന, വൃത്തിയായി ആസൂത്രണം ചെയ്ത ഒരു ആക്രമണമാണിത്. മൃഗങ്ങളോടുള്ള ദയയും പശുസംരക്ഷണവും മുതല്‍, നിയമവിരുദ്ധ അറവുശാലകളെ കുറിച്ചും മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനെക്കുറിച്ചുമൊക്കെ കുറെ കെട്ടുകഥകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നിര്‍ണായക സാമൂഹിക അടിത്തറയെ സംതൃപ്തിപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഐതിഹ്യം തളിച്ചതും ദൈവീകതയെ ഉണര്‍ത്തുന്നതും അവരുടെ ഭ്രമാത്മക ഭാവനകളെ സാധൂകരിക്കുന്നതിന് പേരില്ലാത്ത ഒരു റഷ്യന്‍ ശാസ്ത്രജ്ഞന്റെ സിദ്ധാന്തങ്ങളെ പൊക്കിപ്പിടിക്കുന്ന സംഘപരിവാര്‍ സൈദ്ധാന്തികരില്‍ നിന്നും ഉതിര്‍ന്നുവരുന്ന, ഭാവനാത്മകമായ കള്ളക്കഥകള്‍ നിറഞ്ഞ ഒരു സംവാദപശ്ചാത്തലം ഇതിനുണ്ടായിരുന്നു. തങ്ങളുടെ ലോകവീക്ഷണം അടിച്ചേല്‍പ്പിക്കാന്‍ ഭീഷണിയും ശാരീരിക ആക്രമണവും കൊലപാതകവും വരെ ചെയ്യുന്ന സംഘടിത ക്രിമിനല്‍ കിരാത ആള്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നാലെ എത്തി. ഈ വിജ്ഞാപനം ഫലത്തില്‍ കൊല്ലാനുള്ള ലൈസന്‍സാണ്; കൊള്ളയടിക്കാനും ലാഭം വാരിക്കൂട്ടാനുമുള്ള ലൈസന്‍സാണ്.

വിജ്ഞാപനം കന്നുകാലി വ്യാപാരത്തിന് കടുത്ത വിഘാതങ്ങള്‍ സൃഷ്ടിക്കും. വിത്തുകാളകള്‍, വണ്ടിക്കാളകള്‍, പശുക്കള്‍, എരുമകള്‍, കാളക്കുട്ടി, പശുക്കുട്ടി എന്നിവ തുടങ്ങി ഒട്ടകങ്ങളെ വരെ കന്നുകാലി ചന്തയില്‍ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വിവരവും ലഭ്യമായില്ല എന്നതാണ് ഏറ്റവും ആദ്യത്തെതും പ്രധാന്യം അര്‍ഹിക്കുന്നതുമായ കാര്യം. ഇന്ത്യയിലെ എല്ലാ ഭാഷകളിലുടെയും ഇത് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഒരു ശ്രമവും നടന്നില്ല. അടിസ്ഥാനപരമായി, കര്‍ഷകരുടെ ജീവിതത്തിലും ഉപജീവനമാര്‍ഗ്ഗത്തിലുമുള്ള ഒരു നിര്‍ണായക ഘടകത്തെ നിയന്ത്രിക്കാനാണ് അവര്‍ ശ്രമിച്ചതെങ്കിലും കര്‍ഷകരോട് ഒരു കൂടിയാലോചനയും നടത്തിയില്ല. പ്രകൃതി ദുരന്തങ്ങളും ഉത്പന്നങ്ങള്‍ക്ക് വിലയിടിയുന്നതും മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനായി ക്ഷീരോത്പാദനത്തിലേക്ക് തിരിയുന്ന ദരിദ്രരായ കര്‍ഷകര്‍ക്ക് ഈ നീക്കം വലിയ ആഘാതമായി മാറി. ഏത് തൊഴിലും ചെയ്യുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും വരുമാനമാര്‍ഗ്ഗമോ വ്യവസായമോ വ്യാപാരമോ നടത്താനുള്ള അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായും ഇത് മാറി. മതങ്ങള്‍ക്ക് ഉപരിയായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിലും ഇത് കനത്ത ആഘാതമുണ്ടാക്കുന്നു.

സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കൈകടത്തിക്കൊണ്ട് ഒരു ഫെഡറല്‍ സംവിധാനത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളേയും കേന്ദ്രം മറികടന്നിരിക്കുന്നു. കന്നുകാലിച്ചന്തകളുടെ നിയന്ത്രണം സംസ്ഥാനങ്ങളുടെ വിഷയമാണെന്ന് മാത്രമല്ല, കന്നുകാലി ചന്തകളെ നിയന്ത്രിക്കുന്നതിനുള്ള ഉപരിയായ നിയമങ്ങളൊന്നും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുമില്ല. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് ഏകദേശം എട്ട് സംസ്ഥാനങ്ങളില്‍ ഒരു നിരോധനവുമില്ല എന്ന വസ്തുത കണക്കിലെടുക്കാതെയാണ് കന്നുകാലി വ്യാപാരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വോപരിയായി, തലമുറകളായി നടന്നു വരുന്ന കന്നുകാലിച്ചന്തകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക കമ്പോളങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സൃഷ്ടിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തവുമാണ്.

ഏതെങ്കിലും കച്ചവടത്തെ നിരീക്ഷിക്കാന്‍ ചന്ത കമ്മിറ്റികള്‍, കാലിച്ചന്തയില്‍ നിന്നും വാങ്ങിയ കന്നുകാലികളുടെ വില്‍പനയിലുള്ള നിരോധനം തുടങ്ങിയ നിയന്ത്രണങ്ങളും ചട്ടങ്ങളും നിലവില്‍ വരുന്നതോടെ കന്നുകാലികള്‍ എന്ന നിര്‍വചനത്തില്‍ പറഞ്ഞിരിക്കുന്ന മുകളില്‍ വിവരിച്ച മൃഗങ്ങളെ വില്‍ക്കുന്നതിന് കര്‍ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ സാധിക്കാതെ വരും. ഇളം കന്നുകാലികള്‍, രോഗം ബാധിച്ചവ തുടങ്ങിയ മുകളില്‍ പറഞ്ഞ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനെ വിജ്ഞാപനം നിരോധിച്ചിരിക്കുന്നു. ഒരിക്കല്‍ വാങ്ങിയ കന്നുകാലികളെ ആറ് മാസത്തേക്ക് മറിച്ചുവില്‍ക്കാന്‍ സാധിക്കില്ല എന്ന് മാത്രമല്ല കച്ചവടം നടക്കുന്നില്ല എന്നുറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്യാം. കൈമാറ്റം പൂര്‍ണമായും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും കശാപ്പിന് വേണ്ടിയല്ലെന്നും തെളിയിക്കുന്നതിന് വാങ്ങുന്ന ആളും വില്‍ക്കുന്ന ആളും തമ്മില്‍ ദുര്‍വഹമായ പ്രക്രിയകളില്‍ ഏര്‍പ്പെടേണ്ടി വരുന്നു എന്ന് മാത്രമല്ല വാങ്ങുന്ന ആളെയും വില്‍ക്കുന്ന ആളെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില്‍ക്കുന്ന ആള്‍ തന്റെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും ചന്ത കമ്മിറ്റിക്ക് നല്‍കണം. ഭാവിയില്‍ പരിശോധനകള്‍ക്കായി വില്‍പന രേഖകളുടെ അഞ്ച് പകര്‍പ്പുകള്‍ അധികാരികള്‍ക്ക് നല്‍കണം എന്ന് മാത്രമല്ല, കന്നുകാലി വില്‍പനയ്ക്ക് യോഗ്യമല്ലെന്ന് മൃഗഡോക്ടര്‍ കണ്ടെത്തുന്ന പക്ഷം അതിനെ കണ്ടുകെട്ടാന്‍ അധികൃതര്‍ക്ക് അധികാരം നല്‍കുകയും ചെയ്തിരിക്കുന്നു. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു എന്ന പേരില്‍ കന്നുകാലികളെ കൂട്ടയടയാളത്തിന് വിധേയമാക്കുന്നിതിനോടൊപ്പം കന്നുകാലികളുടെ പ്രായവും ലിംഗവും ഉയരവും ഇനവും ശരീരവും നിറവും കൊമ്പും വാലും പാല്‍ലുത്പാദനവും പ്രത്യേക അടയാളങ്ങളുമൊക്കെ രേഖപ്പെടുത്തുന്ന ആധാര്‍ കാര്‍ഡുകള്‍ കൂടി ഏര്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, കര്‍ഷകരുടെയും കാലിവളര്‍ത്തലുകാരുടെയും കന്നുകാലികളെ വ്യാപാരം ചെയ്യുന്നവരുടെയും കന്നുകാലികളുമായി ബന്ധപ്പെട്ട മറ്റ് ജോലികള്‍ ചെയ്യുന്നവരുടെയും ജീവിതം വലിയ നെട്ടോട്ടമായി മാറും എന്ന കാര്യത്തില്‍ സംശയമില്ല. ജീവിതം ഉന്തിത്തള്ളി നീക്കുന്ന ദരിദ്രരായ കര്‍ഷകരെ ക്ഷീരോത്പാദനവും കന്നുകാലി വളര്‍ത്തലും കന്നുകാലി പ്രജനനത്തില്‍ നിന്നും ഭീഷണിപ്പെടുത്തി ഓടിക്കുക എന്നതാണ് അജണ്ട എന്ന് വ്യക്തമാണ്.

വളര്‍ത്തുമൃഗങ്ങളെ അടിസ്ഥാനമായ സാമ്പത്തികരംഗത്തോടും അതിനെ ആശ്രയിക്കുന്നവര്‍ക്കുമെതിരായ നേരിട്ടുള്ള ആക്രമണം
1970കളില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ ഫ്‌ളെഡ് പദ്ധതിയിലൂടെ, അമേരിക്കയെ   മറികടന്നുകൊണ്ട്  പാല്‍ ഉത്പാദനത്തില്‍ കമ്മി രാജ്യമായിരുന്ന ഇന്ത്യയെ ക്ഷീരോത്പാദനത്തില്‍ മിച്ച രാജ്യമായി വളര്‍ത്താന്‍ സാധിച്ചു. 30 വര്‍ഷം കൊണ്ട് പ്രതിശീര്‍ഷ പാല്‍ ലഭ്യതയുടെ അളവ് ഇരട്ടിയാവുകയും ഗ്രാമീണ തൊഴിലവസര സൃഷ്ടിയിലെ ഏറ്റവും സ്വയം-സുസ്ഥിര മേഖലയായി കന്നുകാലി വളര്‍ത്തല്‍ മാറുകയും ചെയ്തു. ക്ഷീരമേഖല ഇന്ത്യയില്‍ മൊത്തം 90 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും ഭൂരഹിത ദരിദ്രര്‍ക്കും ക്ഷീരമേഖല നിര്‍ണായക പ്രാധാന്യം ഉള്ളതാണെന്ന് മാത്രമല്ല, ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രധാന വരുമാന സ്രോതസ്സുമാണ്. കന്നുകാലികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാവുകയും 2012-13 വര്‍ഷത്തില്‍ അത് 205.5 ദശലക്ഷം ആവുകയും ചെയ്തു. 1990കളുടെ അവസാനത്തില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തീവ്രമായ കാര്‍ഷിക പ്രതിസന്ധിയിലേക്ക് നയിച്ചപ്പോള്‍ വിള ഉത്പാദനത്തില്‍ നിന്നും കന്നുകാലി വളര്‍ത്തലിലേക്ക് ഒരു വ്യതിയാനം സംഭവിച്ചു. ഈ പ്രവണത കഴിഞ്ഞ ഒന്നര ദശകങ്ങളായി കൂടുതല്‍ പ്രകടവുമാണ്. കടുത്ത ദാരിദ്രകാലത്ത് ഒരു ഉറപ്പായി കര്‍ഷകര്‍ വളര്‍ത്തുമൃഗങ്ങളെ കാണുന്നു. ഇന്ന് ഭക്ഷ്യധാനങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ സാമ്പത്തിക സംഭാവനകള്‍ കന്നുകാലി വളര്‍ത്തലിന് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഇന്നു ലോകത്തിലെ ഏറ്റവും വലിയ മാംസകയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2015-16 വര്‍ഷത്തില്‍ 26,681.56 കോടി രൂപയുടെ ബീഫാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കന്നുകാലി തുകലിനെ ആശ്രയിക്കുന്ന തുകല്‍ വ്യവസായത്തിന്റെ മൂല്യം 17.8 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മരുന്നുകളും നിര്‍മ്മാണവ്യവസായവും ഉള്‍പ്പെടെ 168 അനുബന്ധ വ്യവസായങ്ങള്‍ മാംസവ്യാപാരത്തെ ആശ്രയിക്കുന്നുണ്ട്. വളര്‍ത്തുമൃഗ സാമ്പത്തിക മേഖലയുടെ മൂല്യം ഇന്ന് 3.5 ലക്ഷം കോടി രൂപയിലേറെ വരുമെന്നാണ് കണക്കുകള്‍ പറയുന്നത്. മൊത്തം കാര്‍ഷിക ആഭ്യന്തര ഉത്പാദനത്തിന്റെ നാലില്‍ ഒന്നോളം വരുന്ന അത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 7.65 ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കാര്‍ഷികവൃത്തിയില്‍ നിന്നും ലഭിക്കുന്ന നിസാര വരുമാനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സാമ്പത്തിക ശാക്തീകരണത്തിന്റെ ഒരു തോന്നല്‍ അവരില്‍ ഉളവാക്കുന്നതിനും ക്ഷീരമേഖല കര്‍ഷകരെ സഹായിക്കുന്നു. ഒരു ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഇന്ത്യയിലെ ഭൂഉടമകളുടെ 48.4 ശതമാനവും. മൊത്തം കൃഷിഭൂമിയുടെ 25 ശതമാനം മാത്രം ഇവര്‍ കൈവശം വെക്കുമ്പോള്‍ കന്നുകാലികളുടെ അമ്പത് ശതമാനവും ഇവരുടെ ഉമസ്ഥതയിലാണ്. ഒരു ഒറ്റ വരയിലൂടെ അവരുടെ ഉപജീവനത്തെ കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. കന്നുകാലി കച്ചവടം നിയന്ത്രിക്കാനുള്ള നീക്കം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കും. ഇവിടെ ഉദ്യോഗസ്ഥരുടെ തടസങ്ങളോ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശല്യമോ ഇല്ലാതെ സ്വതന്ത്രമായി വിലപേശാനും സംസാരിക്കാനും ഇഷ്ടമുള്ള ഇനങ്ങളെ തിരഞ്ഞെടുക്കാനും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സാധിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ കര്‍ഷകര്‍ക്ക് ഒരു ഉറപ്പായി കന്നുകാലികള്‍ മാറുകയും ആരോഗ്യം, വിദ്യാഭ്യാസം, വിവാഹം മുതലായ അടിയന്തിരഘട്ടങ്ങളില്‍ അവര്‍ക്ക് അതിനെ വില്‍ക്കാനും സാധിക്കുന്നു. വിത്തുകള്‍, വളം, വയലില്‍ ജലസേചനം, തൊഴിലാളികളുടെ കൂലി, മറ്റ് കൃഷിച്ചിലവുകള്‍ എന്നിവയ്ക്കായി നിക്ഷേപിക്കുന്നതിന് പണം കണ്ടെത്താന്‍ അവര്‍ക്ക് ഇതിലൂടെ സാധിക്കുന്നു. തങ്ങളുടെ പ്രായം ചെന്ന, രോഗം ബാധിച്ച, ഉത്പാദനക്ഷമതയില്ലാത്ത കന്നുകാലികളെ ചന്തകളിലും കമ്പോളങ്ങളിലും വില്‍ക്കുകയും പുതിയവയെ വാങ്ങുകയും ചെയ്യുക എന്നത് പരമ്പരാഗതമായി കര്‍ഷകര്‍ തുടര്‍ന്നുവരുന്ന ഒന്നാണ്. ഡയറി ഫാമുകളുടെ വരുമാനത്തിന്റെ നാല്‍പത് ശതമാനവും ഉത്പ്പാദനക്ഷമം അല്ലാത്ത കന്നുകാലികളുടെ വില്‍പ്പനയിലൂടെയാണ് ലഭിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. പരമ്പരാഗത ആചാരങ്ങള്‍ക്കും കന്നുകാലി ചന്തകള്‍ എന്ന ഗ്രാമീണ രീതികള്‍ക്കും എതിരായ ഒരാക്രമണം കൂടിയാണ് ഈ വിജ്ഞാപനം.

വരള്‍ച്ചയോ കാര്‍ഷീക പ്രതിസന്ധിയോ ഉണ്ടാകുമ്പോള്‍, കര്‍ഷകര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനുള്ള ഒരു പ്രധാനമാര്‍ഗ്ഗമായി കാന്നുകാലി വില്‍പന മാറുന്നു എന്ന് മാത്രമല്ല, വിളനാശവും പ്രകൃതി ദുരന്തങ്ങളും മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിനെതിരായ ഒരു ഇന്‍ഷുറന്‍സായി അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കമ്പോളത്തിന് പുറത്ത് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയമപരമാണെന്ന് സര്‍ക്കാര്‍ ഇപ്പോഴും വാദിക്കുമ്പോഴും, തങ്ങളുടെ വീടുകള്‍ക്ക് വളരെ അടുത്തായിരിക്കും ഇത്തരം കമ്പോളങ്ങള്‍ എന്നതിനാല്‍ തന്നെ അത് കൂടുതല്‍ പ്രാപ്യമായതിനാല്‍ അവിടെയാണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുക എന്ന് മാത്രമല്ല, ദൂരെ സ്ഥലങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന്റെ ചിലവ് കുറയ്ക്കുന്നതിനും അവ കര്‍ഷകരെ സഹായിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബുദ്ധിമുട്ടുകളുടെ സമയത്ത് സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്കുള്ള പ്രധാനമാര്‍ഗ്ഗമാണ് കാന്നുകാലി വില്‍പന. കന്നുകാലി വില്‍പന നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന ഇത്തരം കര്‍ശന നിയമങ്ങള്‍ കര്‍ഷകരെ കൂടുതല്‍ കടബാധ്യതയിലേക്ക് തള്ളിവിടും. വാങ്ങിയ തീയതി മുതല്‍ ആറുമാസം വരെ കന്നുകാലികളെ വില്‍ക്കാനാവില്ലെന്നതും ഉത്പാദനക്ഷമമല്ലാത്ത കന്നുകാലികളെ വില്‍ക്കരുതെന്നുമുള്ള നിബന്ധനകള്‍ കര്‍ഷകരെ ഒരു ക്ഷാമസമാന സാഹചര്യത്തിലേക്ക് തള്ളിവിടും. ഇത്തരം സാഹചര്യങ്ങളില്‍ കന്നുകാലികളെ വാങ്ങാന്‍ ആളുണ്ടാവില്ലെന്ന് മാത്രമല്ല കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ എത്തുകയും ചെയ്യും. കനത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന്റെ കാര്യം തന്നെയെടുക്കാം. സ്വന്തം ഭക്ഷണം കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കാതിരിക്കുകയും ദുരിതാശ്വാസം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍, പ്രായമായതും ഉത്പാദനക്ഷമമല്ലാത്തതുമായ കന്നുകാലികളെ പോറ്റാന്‍ കര്‍ഷകര്‍ക്ക് എങ്ങനെയാണ് സാധിക്കുക?

മിക്ക സംസ്ഥാനങ്ങളിലും, ദുരിതകാലത്ത് കാലിത്തീറ്റ താങ്ങാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വരുമ്പോള്‍ മൃഗങ്ങളെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാവുന്ന സ്ഥിതിയിലേക്കാണ് കന്നുകാലി കച്ചവടത്തിലെ നിയന്ത്രണങ്ങള്‍ നയിച്ചിരിക്കുന്നത്. 2012ലെ വളര്‍ത്തുമൃഗ സെന്‍സസ് പ്രകാരം 53 ലക്ഷം തെരുവ് കാലികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ വെറും 1,850 രജിസ്റ്റര്‍ ചെയ്ത അഭയകേന്ദ്രങ്ങള്‍ മാത്രമാണ് രാജ്യത്തുള്ളത്. യഥാര്‍ത്ഥത്തില്‍ കണക്കുകള്‍ ഇതിനെക്കാള്‍ വലുതാണ്. ഇപ്പോള്‍ രാജ്യത്ത് 10 മുതല്‍ 12 ദശലക്ഷം വരെ ഉപേക്ഷിക്കപ്പെട്ട കന്നുകാലികള്‍ ഉണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്. മേയ്ക്കല്‍ സ്ഥലങ്ങള്‍ അതിവേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു; അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. വലിയ കൂട്ടമായി എത്തുകയും തങ്ങളുടെ കൃഷി നശിപ്പിക്കുകയും ചെയ്യുന്ന അക്രമാസക്തരായ കന്നുകാലികളെ അടിച്ചോടിക്കുന്നത് കര്‍ഷകര്‍ക്ക് അസാധ്യമായി മാറുന്നു. ഇതുമൂലം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് പ്രതിവര്‍ഷം സാമ്പത്തികരംഗത്തുണ്ടാവുന്നത്.

ഉത്പാദനക്ഷമമായ ഒരു പശുവിന്റെ ദൈനംദിന തീറ്റയ്ക്കും സംരക്ഷണത്തിനുമായി പ്രതിദിനം 300 രൂപ ചിലവാകുമെന്നാണ് കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ പറയുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ 10-12 ദശലക്ഷത്തോളം വരുന്ന അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കാനും സംരക്ഷിക്കാനും ഒരു വലിയ തുക തന്നെ വേണ്ടി വരുമെന്ന് മാത്രമല്ല, വില്‍ക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനാല്‍ കര്‍ഷകര്‍ക്കും, തുകല്‍, മാംസവ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്കും ഉണ്ടാവുന്ന നഷ്ടങ്ങള്‍ വേറെയും. അതിന്റെ യുക്തിരഹിതമായ നിലപാടില്‍ ഉറച്ചുനില്‍ക്കാനും പ്രായമായതോ ഉത്പാദനക്ഷമമല്ലാത്തതോ ആയ കന്നുകാലികളെ കര്‍ഷകര്‍ വില്‍ക്കാന്‍ പാടില്ലെന്നുമാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരില്‍ നിന്നും ഇവയെ വാങ്ങാനും സംരക്ഷിക്കാനുമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. അതോടൊപ്പം ഉത്പാദനക്ഷമമല്ലാത്ത കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരവും നല്‍കുകയും വേണം. ഇത്തരത്തില്‍ അതിഭീമമായ വിഡ്ഢിത്തം മൂലമുണ്ടാവുന്ന ബാധ്യത കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല.

തങ്ങളുടെ മതപരമായ ബാധ്യത നിര്‍വഹിക്കുന്നതില്ല കര്‍ഷകര്‍ കന്നുകാലികളെ വളര്‍ത്തുന്നത്. കന്നുകാലികളില്‍ നിന്നും പണം സമ്പാദിക്കാമെന്നും അതിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഉത്പാദനക്ഷമമല്ലാത്ത പശുക്കളെ വാങ്ങാന്‍ ആളുണ്ടാവും എന്ന ഉറപ്പ് ലഭിക്കാതിരിക്കുമ്പോള്‍ ‘വിശുദ്ധ പശുവിനെ’ ഉപേക്ഷിക്കാന്‍ അവര്‍ സ്വാഭാവികമായും നിര്‍ബന്ധിതരാവും. കര്‍ശന ഗോവധ വിരുദ്ധ നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ എരുമകളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന 2012ലെ വളര്‍ത്തുമൃഗ സെന്‍സസിലെ കണക്കുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. ഹരിയാന (77%), പഞ്ചാബ് (67%), ഉത്തര്‍പ്രദേശ് (61%), ഗുജറാത്ത് (51%), രാജസ്ഥാന്‍ (50%) എന്നിവിടങ്ങളിലെ കര്‍ഷകര്‍ എരുമകളെ വളര്‍ത്താന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുമ്പോള്‍ ഗോവധ നിരോധന നിയമം പ്രാബല്യത്തിലില്ലാത്ത സംസ്ഥാനങ്ങളിലാണ് കന്നുകാലി സംഖ്യയുടെ പങ്ക് കൂടുതലെന്ന് സാഗരി ആര്‍ രാംദാസ് ചൂണ്ടിക്കാണിക്കുന്നു: കേരളം (93%), പശ്ചിമ ബംഗാള്‍ (96.5%), അസാം (91%) എന്നിങ്ങനെയാണ് ആ സംസ്ഥാനങ്ങളിലെ കണക്കുകള്‍. വസ്തുത ഇതായിരിക്കെ, ‘ഗോരക്ഷ’ എന്ന സംഘപരിവാര്‍ യുക്തിക്കും എതിരാണ് ഫലത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

രഹസ്യ അജണ്ട: കുത്തക ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് സാമുദായിക വിഭജനം സൃഷ്ടിക്കുന്നു
പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആസൂത്രിത അക്രമപ്രചാരണങ്ങളും കാലിച്ചന്തകളില്‍ കന്നുകാലി കച്ചവടം നിരോധിക്കുന്നതിന് നിയമപരിക്ഷ നല്‍കുന്നതുമൊക്കെ കുറച്ച് ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആദ്യമായി, ബിജെപി സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കുക. രണ്ടാമതായി, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തെ ധ്രൂവീകരിക്കുക. മൂന്നാമതായി, ക്ഷീരമേഖലയില്‍ നിന്നും ചെറുകിട ഉത്പാദകരെ അകറ്റിനിറുത്തുക. നാലാമതായി, കരാര്‍ കൃഷി മാതൃകയുടെ അടിസ്ഥാനത്തിലുള്ള കോര്‍പ്പറേറ്റ് ക്ഷീരോല്‍പാദനം പ്രോത്സാഹിപ്പിക്കുക. അഞ്ചാമതായി, ബീഫ് വ്യാപാരത്തില്‍ സമ്പൂര്‍ണ കുത്തകവല്‍ക്കരണം ഉറപ്പുവരുത്തുക. അവസാനമായി, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, യുഎസ്എ, ന്യൂസിലാന്റ്, മറ്റ് രാജ്യങ്ങള്‍ എന്നിവടങ്ങളിലെ കുത്തകസംഘങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പോളം തുറന്നുകൊടുക്കുകയും പാലും പാലുത്പന്നങ്ങളും ഇറച്ചിയും ഇന്ത്യയില്‍ തള്ളാന്‍ അവരെ അനുവദിക്കുകയും ചെയ്യുക. ചെറുകിടക്കാരെ കുടിയൊഴിപ്പിച്ചുകൊണ്ട് വന്‍കിട മാംസവ്യാപാരികള്‍ക്ക് കമ്പോളത്തില്‍ കുത്തക നേടാനുള്ള വാതിലുകളും തീരുമാനം തുറന്നുകൊടുക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ കന്നുകാലി വ്യാപാരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം, കശാപ്പിനെ ക്രൂരതയുമായി താരതമ്യപ്പെടുത്താനും ഒറ്റ നീക്കത്തിലൂടെ വ്യാപാരവും കടത്തലും കന്നുകാലികളുടെ കശാപ്പും ബീഫ് ഭക്ഷിക്കുന്നതും ക്രൂരത എന്ന നിലയില്‍ ക്രിമിനല്‍വത്ക്കരിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ബീഫിന്റെ വന്‍കിട വ്യാപാരികളും കയറ്റുമതിക്കാരും ബിജെപിക്ക് ധനസഹായം നല്‍കുന്നവരും ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘപരിവാറുമായി അടുത്ത് ബന്ധമുള്ളവരാണെന്നും ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. മുസ്ലിങ്ങളാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് എന്ന പ്രചാരണത്തിന് കടകവിരുദ്ധമായി മിക്ക ബീഫ് കയറ്റുമതിക്കാരും ഹിന്ദുക്കളാണ്. സുനില്‍ കപൂറാണ് അറേബ്യന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമ, അല്‍ കബീറിന്റെ ഉടമ സതീഷ് സബര്‍വാളും എംകെആര്‍ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമ മദന്‍ അബോട്ടും പിഎംഎല്‍ ഇന്റസ്ട്രീസിന്റെ ഉടമ എഎസ് ബിന്ദ്രയുമാണ്. എന്തിനേറെ, ബിജെപി നേതാക്കളായ സംഗീത് സോമും യോഗേഷ് റാവത്തും അല്‍ ദുവ കമ്പനിയുടെ സഹഉടമകളാണ്. പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനവും യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിലും പ്രാദേശിക സമഗ്ര സാമ്പത്തിക പരിപാടിയിലും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതും കന്നുകാലി വ്യാപാരത്തില്‍ വിജ്ഞാപനം പുറത്തുവന്നതും ഒരേ സമയത്താണെന്നത് യാദൃശ്ചികമല്ല.

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ അയഥാര്‍ത്ഥമായ രീതിയില്‍ ഉയര്‍ന്നതാണ് എന്ന് വാദിച്ചുകൊണ്ട്, ഇന്ത്യയുടെ ക്ഷീരമേഖല തുറന്നുകൊടുക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍ ഏറെക്കാലമായി ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള തങ്ങളുടെ വാണിജ്യ ബന്ധങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ഏക തടസം ഉയര്‍ന്ന തീരുവയാണെന്ന് യൂറോപ്യന്‍ ക്ഷീരകമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ പാലിനെ പ്രതികൂലപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിലെ അമിതോത്പാദനം മൂലം ഇന്ത്യന്‍ കമ്പോളം തുറന്നു കൊടുക്കുന്നതിന് അവര്‍ സമ്മര്‍ദം ചെലുത്തും എന്ന് ഉറപ്പാണ്. ഒരു രീതിയിലും മത്സരിക്കാനാവാത്ത യൂറോപ്യന്‍ ഇറക്കുമതിക്കാര്‍ക്ക് ഇന്ത്യന്‍ ക്ഷീരകമ്പോളം തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇവിടുത്തെ സ്ത്രീകളാണെന്ന് പശ്ചിമ ഏഷ്യയെ ബാധിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്ന സെന്റര്‍ ഫോര്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് 2009ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്ഷീരമേഖലയില്‍ 75 ദശലക്ഷം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. കനത്ത സബ്‌സിഡിയുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ക്ഷീരകമ്പോളവുമായി മത്സരിക്കാന്‍ സാധിക്കില്ല എന്നിരിക്കെ ഇവര്‍ക്കെല്ലാം തൊഴിലുകള്‍ നഷ്ടപ്പെടും. ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളുടെയും വനിത സംഘങ്ങളുടെയും നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വില കുറഞ്ഞ ക്ഷീരോത്പന്നങ്ങള്‍ ഇന്ത്യന്‍ കമ്പോളത്തിലേക്ക് കുത്തിയൊഴുകുന്നതോടെ ദശലക്ഷക്കണക്കിന് ആശ്രിതകര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കൂടുതല്‍ കടക്കെണിയിലേക്കും ശാശ്വത ദാരിദ്രത്തിലേക്കും തള്ളിവിടുകയും അവര്‍ കാര്‍ഷിക മേഖലയില്‍ നിന്നും ക്ഷീരോത്പാദനത്തില്‍ നിന്നും പിന്‍വലിയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

ക്രൂരന്മാരായ സ്വയം പ്രഖ്യാപിത ‘ഗോരക്ഷ’കരുടെ നിരീക്ഷണങ്ങള്‍ വര്‍ദ്ധിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന ഒരു രാജ്യത്ത് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ഷകരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തും; ഫലത്തില്‍ ഇത് കൊലയ്ക്കുള്ള ഒരു ലൈസന്‍സ് കൂടിയായി മാറുന്നു. സമീപകാലത്ത് രാജസ്ഥാനില്‍ പെഹ്‌ലു ഖാനെ കൊല്ലുകയും ഝാര്‍ഖണ്ഡില്‍ കന്നുകാലികളുമായി പോകുന്നവരെ ആക്രമിച്ച് തല്ലിക്കൊല്ലുകയും ഒഡീഷയില്‍ നിയമപരമായി കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന റയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, ക്ഷീരകര്‍ഷകരെയും കന്നുകാലി പ്രജനനക്കാരെയും വളര്‍ത്തുന്നവരെയും വ്യാപാരികളെയും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ടുപോകുന്നവരെയും അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ക്രിമിനലുകളായ പശു സംരക്ഷക സംഘങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ഒരു ഉറപ്പും പുതിയ വിജ്ഞാപനം നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രക്രിയയോ വ്യവഹാരമോ വാഗ്ദാനം ചെയ്യുന്നില്ല. സംഘടിത കുറ്റവാളി സംഘങ്ങളെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇപ്പോള്‍ ആവശ്യം.

സംഘടിത പ്രതിരോധം സൃഷ്ടിക്കുക
2014-15ല്‍ അതിന്റെ കര്‍ക്കശമായ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിലൂടെ കുത്തക ലാഭവല്‍ക്കരണത്തിനായി കര്‍ഷകരുടെ ഭൂമിയും വിഭവങ്ങളും തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിയിരുന്നു. ഇപ്പോള്‍ നമ്മുടെ കന്നുകാലി സമ്പത്ത് കൊള്ളയടിക്കാനും കര്‍ഷകരെ ക്ഷീരോത്പാദനത്തില്‍ നിന്നും പുറത്താക്കാനുമാണ് അത് ശ്രമിക്കുന്നത്. കര്‍ഷകര്‍ക്കും ഗ്രാമീണ ദരിദ്രര്‍ക്കും എതിരെ, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ ഒരു സംഘടിത ആക്രമമായാണ് ഇതിനെ കിസാന്‍ സഭ കാണുന്നത്. ഈ അതിക്രമത്തിനെതിരെ ഒരു വിശാല, വിഷയാധിഷ്ടിത ഐക്യം രൂപപ്പെടുത്താനാണ് കിസാന്‍ സഭ ശ്രമിക്കുന്നത്. 2017 ജൂണ്‍ ഒമ്പതിന് രാജ്യവ്യാപകമായി വിജ്ഞാപനം ചുട്ടെരിക്കല്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്നു. ക്ഷീര കര്‍ഷകര്‍, കന്നുകാലി വ്യാപാരികള്‍, പ്രജനനം നടത്തുന്നവര്‍, വളര്‍ത്തുന്നവര്‍, ഗതാഗതം ചെയ്യുന്നവര്‍, ചത്ത കന്നുകാലികളുടെ തോലുരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെ നടക്കുന്ന ആക്രമണള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ അത് ഒരു സംയുക്ത പ്രചാരണത്തിന് രൂപം നല്‍കിയിട്ടുണ്ട്.

ഭൂമി അധികാര്‍ ആന്തോളന്‍ തുടങ്ങിയ സമാനമനസ്‌കരായ സംഘടനകളുമായി ചേര്‍ന്ന് ദേശീയ പ്രചാരണം സംഘടിപ്പിക്കുകയും ഗോരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ആക്രമണത്തിന് ഇരയായ പെഹ്‌ലു ഖാന്റെ കുടുംബത്തിനും മറ്റുള്ളവര്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്ക് ഭക്ഷിക്കുന്നതിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാതിരിക്കുകയും അനാവശ്യ വേദനയോ കഷ്ടപ്പാടോ അവര്‍ക്ക് ഉണ്ടാവരുത് എന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും മാത്രമാണ് 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം പറഞ്ഞിരിക്കുന്നതിനാല്‍ കോടതിയിലെ കേസുകളില്‍ ഈ വിജ്ഞാപനം പരാജയപ്പെടാനാണ് സാധ്യത. കശാപ്പിനായിട്ടാണെങ്കില്‍ പോലും കന്നുകാലികളെ വില്‍ക്കുന്നതിനായി കമ്പോളങ്ങളില്‍ കൊണ്ടുവരുന്നതോ അവയെ വാങ്ങുന്നതോ നിരോധിക്കുന്നത് പിസിഎ ചട്ടങ്ങള്‍ക്ക് കടകവിരുദ്ധമാണ്. കശാപ്പ് നിരോധിക്കുന്നതിനും കന്നുകാലികളെ സംരക്ഷിക്കുന്നിനുമുള്ള നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ് എന്ന് സൂചിപ്പിച്ചുകൊണ്ട്, ഭരണഘടനയുടെ ഏഴാം വകുപ്പ് പ്രകാരം, കന്നുകാലികളുടെ പരിപാലനം, സംരക്ഷണം, മെച്ചപ്പെടുത്തല്‍ എന്നിവയും കന്നുകാലികളുടെ രോഗം തടയല്‍, വെറ്റിനറി പരിശീലനവും പ്രവര്‍ത്തനവും എന്നിവ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജ്ഞാപനം അധികാരലംഘനവും നിയമസാധുതയില്ലാത്തതുമായി പരിഗണിക്കുന്നതിന് ഇത് പ്രാമാണിക കാരണങ്ങളാണ്. ഓരോ സംസ്ഥാനത്ത് നിന്നും ഒരു കര്‍ഷകനെ വീതം ഉള്‍പ്പെടുത്തിക്കൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനും കിസാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളെയും ഉല്‍പാദനക്ഷമമല്ലാത്ത കന്നുകാലികളെയും ശേഖരിച്ചുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ബിജെപി-ആര്‍എസ്എസ് ഓഫീസുകളിലും പോവുകയും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും അവരെ സംരക്ഷിക്കുകയും ഗോമാതാവിനും അവയുടെ ബന്ധുക്കളോടുമുള്ള പ്രേമം പ്രകടിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. കമ്പോളവിലയും ജീവിക്കാനുള്ള അവകാശവും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ ഉത്പാദനക്ഷമമല്ലാത്ത കന്നുകാലികളെ മടക്കി നല്‍കും. കര്‍ഷകര്‍ തങ്ങളുടെ പോരാട്ടം ശത്രുവിന്റെ വാതിലുകളിലേക്ക് വ്യാപിപ്പിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിജു കൃഷ്ണന്‍

വിജു കൃഷ്ണന്‍

കിസാന്‍ സഭ അഖിലേന്ത്യാ ഇന്ത്യ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍