UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരിച്ചെത്തിയ അലോക് വർമ 5 ഓഫീസർമാരെ സ്ഥലംമാറ്റി; ഡയറക്ടറെ പുറത്താക്കാന്‍ മോദി ധൃതി കൂട്ടുന്നത് റാഫേൽ ഭീതിയാലെന്ന് രാഹുൽ ഗാന്ധി

സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വർമ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കഴിഞ്ഞദിവസം ചാർജെടുത്തതിനു പിന്നാലെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു. തന്റെ അസാന്നിധ്യത്തിൽ ഡയറക്ടറുടെ ചുമതല വഹിച്ച എം നാഗേശ്വർ റാവു തനിക്കില്ലാത്ത അധികാരങ്ങളുപയോഗിച്ച് നടത്തിയ സ്ഥലംമാറ്റങ്ങളാണ് അലോക് വർമ റദ്ദാക്കിയത്.

അതെസമയം അലോക് വർമയെ പൂർണ അധികാരങ്ങളോടെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേരുന്നതിനിടയിലാണ് ഈ നീക്കങ്ങളെല്ലാം നടന്നതെന്നത് ശ്രദ്ധേയമാണ്. മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എകെ സിക്രി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച ആദ്യയോഗം ചേർന്നതിനു ശേഷം ഇന്നും സമിതി പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിയിരുന്നു.

അർധരാത്രിയിൽ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടൊപ്പം അലോക് വർമ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഈ അധികാരങ്ങൾ അലോക് വർമയ്ക്ക് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

ഇപ്പോഴത്തെ ട്രാൻസ്ഫറുകളും റദ്ദാക്കൽ നടപടികളുമെല്ലാം അലോക് വർമയുടെ അധികാരത്തിൽ വരുന്നുണ്ടോയെന്ന വിഷയം ചർച്ചയായിട്ടുണ്ട്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതിവിധി നിലനിൽക്കെത്തന്നെയായിരുന്നു അലോക് വർമയ്ക്കു പകരമെത്തിയ നാഗേശ്വരറാവു പത്തുപേരെ സ്ഥലം മാറ്റിയത്. ഇപ്പോൾ ആ പത്തുപേരുടെയും സ്ഥലംമാറ്റം റദ്ദാക്കുകയാണ് വർമ ചെയ്തിരിക്കുന്നത്.

മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എകെ ശർമ അടക്കമുള്ള അഞ്ചു പേരാണ് സ്ഥലംമാറ്റപ്പെട്ടിരിക്കുന്നത്.

അതെസമയം അലോക് വർമയെ പുറത്താക്കാൻ മോദി ധൃതി കൂട്ടുകയാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. റാഫേൽ കരാറുമായി ബന്ധപ്പെട്ട അന്വേഷണത്തെയാണ് മോദി ഭയപ്പെടുന്നത്. ഇക്കാരണത്താലാണ് സമിതിക്കു മുമ്പാകെ ഹാജരായി തന്റെ ഭാഗം പറയാൻ അലോക് വർമയെ പ്രധാനമന്ത്രി അനുവദിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍