UPDATES

സിബിഐയില്‍ ഒന്നാമനും രണ്ടാമനും തമ്മില്‍ പൊരിഞ്ഞ അടി; അസ്താനക്കെതിരെ കൈക്കൂലി കേസ്; റോ സ്പെഷല്‍ ഡയറക്ടര്‍ നിരീക്ഷണത്തില്‍

റോയില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍, മനോജ് അടക്കമുള്ളവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്ന് സിബിഐ ആരോപിക്കുന്നു. ഗോയലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അദ്ദേഹം സിബിഐയുടെ നിരീക്ഷണത്തിലാണ്.

സിബിഐയില്‍ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ സംഘര്‍ഷം രൂക്ഷം. അസ്താനയ്‌ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തത് ഈ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്. അലോക് വര്‍മയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളുമായി കാബിനറ്റ് സെക്രട്ടറിക്ക് അദ്ദേഹം പരാതി നല്‍കിയതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 12ലധികം ആരോപണങ്ങളാണ് അസ്താന, വര്‍മയ്ക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. മാംസ വ്യാപാരി മോയിന്‍ ഖുറേയ്ഷിയ്‌ക്കെതിരായ അന്വേഷണം, സെന്റ് കിറ്റ്‌സ് പൗരത്വം തേടുന്ന രണ്ട് ബിസിനസുകാരുമായി ബന്ധപ്പെട്ട കേസ്, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കല്‍ കേസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയും അടി മുറുകുകയും ചെയ്യുമ്പോള്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന പല കേസുകളുടേയും ഇതുവരെ പുറത്തുവരാതിരുന്ന വിശദാംശങ്ങള്‍ വരുന്നുണ്ട്. അതേസമയം വര്‍മയേയോ അസ്താനയേയോ സ്ഥാനത്ത് നിന്ന് നീക്കി മറ്റേതെങ്കിലുമിടത്ത് നിയമനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളയുന്നു. സിബിഐയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

വര്‍മയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന ഉന്നയിക്കുന്ന ആരോപണങ്ങള്‍:

മോയിന്‍ ഖുറേഷിക്കെതിരായ കേസിലെ മറ്റൊരു പ്രതി സന സതീഷ് ബാബു പറയുന്നത് സിബിഐ നടപടി ഒഴിവാക്കാന്‍ അലോക് വര്‍മയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ്. സന ഒരു തവണ മാത്രമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സനയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അലോക് വര്‍മ തന്നോട് പറഞ്ഞത്. അതേസമയം സമയം ഇതേ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് രാകേഷ് അസ്താനയ്‌ക്കെതിരെ ഒക്ടോബര്‍ 15ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൈക്കൂലി വാങ്ങിയത് അസ്താനയാണ് എന്നാണ് ആരോപണം. അസ്താനയടക്കമുള്ളവര്‍ക്ക് മൂന്ന് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സന മൊഴി നല്‍കിയെന്ന് എഫ്‌ഐആര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ നാലിന് ഇത് സംബന്ധിഷ് സന സതീഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി രണ്ട് ബിസിനസുകാര്‍ കരീബിയന്‍ രാജ്യമായ സെന്റ് കിറ്റ്‌സില്‍ പൗരത്വം തേടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ സിബിഐ ഡയറക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ആവശ്യമായ ഒരു നടപടിയുമെടുത്തില്ല. ഇതിലൊരാള്‍ കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിയാണ്. മറ്റേയാള്‍ ടു ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട പണ തട്ടിപ്പ് കേസിലെ പ്രതി.

പണതട്ടിപ്പ് കേസുകളില്‍ വസ്തു ജപ്തി ചെയ്യില്ലെന്ന് ഉറപ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയറക്ടര്‍ പിടിയിലായിരുന്നു. എന്നാല്‍ ഈ നടപടിയുടെ പേരില്‍ ഡയറക്ടര്‍ അലോക് വര്‍മ സിബിഐ ലക്‌നൗ യൂണിറ്റ് തലവെ ശകാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് സിബിഐയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചണ്ഡിഗഡിലെ ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസിലും സിബിഐ അലംഭാവം കാട്ടി.

അസ്താന കൈക്കൂലി കേസില്‍ ഒന്നാം പ്രതിയാണ്. റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) സ്‌പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും അസ്താനയ്‌ക്കെതിരായ എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോയല്‍ പ്രതിയല്ല. ഫോണ്‍ രേഖകള്‍, വാട്‌സ് അപ് സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ആറ് കേസുകളിലാണ് അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത് സിവിസിക്ക് മുമ്പാകെ സെപ്റ്റംബര്‍ 21ന് സിബിഐ അറിയിച്ചിരുന്നു. അലോക് വര്‍മയെ വ്യക്തിഹത്യ ചെയ്യാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുമാണ് രാകേഷ് അസ്താന ശ്രമിക്കുന്നതെന്ന് സിബിഐ ആരോപിക്കുന്നു. സിവിസിക്ക് വ്യാജ പരാതികള്‍ നല്‍കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ് അസ്താന എന്ന് സിബിഐ ആരോപിക്കുന്നു. ദുബായ്് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ മനോജ് പ്രസാദിനെ, സന സതീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ അസ്താനയ്‌ക്കെതിരെ നീങ്ങിയത്.

മോയിന്‍ ഖുറേഷിക്കെതിരെ 2014 ഫെബ്രുവരിയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബ്ലാക് ബെറി മെസഞ്ചര്‍ വഴി ഖുറേഷി, മുന്‍ സിബിഐ ഡയറക്ടര്‍ എപി സിംഗുമായി നടത്തിയ സംഭാഷണം വിവാദമായിരുന്നു. യുപിഎസ്‌സി അംഗമായിരുന്ന എപി സിംഗ് ഇതേത്തുടര്‍ന്ന് രാജി വച്ചു. 2017 ഫെബ്രുവരിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അസ്താനയുടെ നേതൃത്വത്തില്‍ സിബിഐ എസ്‌ഐടി കൈകാര്യം ചെയ്്ത വളരെ പ്രധാനപ്പെട്ട കേസുകളിലൊന്നായിരുന്നു ഇത്. ഒക്ടോബര്‍ നാലിന് സന സതീഷ്, രാകേഷ് അസ്താനയടക്കം നാല് പേര്‍ക്കെതിരെ മൊഴി നല്‍കി. 2017 ഡിസംബര്‍ മുതലുള്ള 10 മാസക്കാലം മൂന്ന് കോടി രൂപ ഇവര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പരാതി. കൂടുതല്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചതായും സതീഷ് മൊഴി നല്‍കി. മനോജ് പ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനായി 25 ലക്ഷം രൂപ നല്‍കി. 1.75 കോടി രൂപ വാങ്ങാനായി ഡല്‍ഹിയിലെത്തിയ മനോജ് പ്രസാദിനെ സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. റോയില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍, മനോജ് അടക്കമുള്ളവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്ന് സിബിഐ ആരോപിക്കുന്നു. ഗോയലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അദ്ദേഹം സിബിഐയുടെ നിരീക്ഷണത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍