UPDATES

ട്രെന്‍ഡിങ്ങ്

സിബിഐ സംഘം മതില്‍ ചാടിയെത്തി, പി ചിദംബരത്തിന്റെ അറസ്റ്റിന് മുൻപ് നാടകീയ രംഗങ്ങൾ; ചോദ്യം ചെയ്യൽ തുടരുന്നു

ഇന്ന് കോടതിയില്‍ ഹാജരാക്കും

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചതായി റിപ്പോർട്ട്. ഡൽഹി ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്താണ് നടപടികൾ‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് മുന്നോടിയായുള്ള വൈദ്യ പരിശോധന ഉള്‍പ്പെടെ ഇന്നലെ രാത്രി തന്നെ നടന്നിരുന്നു.

അതേസമയം, മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായ 7-4 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരിക്കും സിബിഐ കോടതിയിലെത്തുകയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതിനിടെ, മുൻ കൂർ ജാമ്യം സംബന്ധിച്ച പ്രത്യേക അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതിനാൽ നിലവിൽ അറസ്റ്റിലായ ചിദംബരത്തിന് ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിക്കാനാവുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ഒരു ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം 90 മിനിറ്റ് നീണ്ടു നിന്ന നാടകങ്ങൾക്ക് ഒടുവിലാണ് പി ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജോര്‍ ബാഗിലുള്ള അദ്ദേഹത്തിന്റ വസതിയിൽ നിന്നായിരുന്നു സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് മതില്‍ ചാടിയാണ് സിബിഐ സംഘം വീട്ടിലെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. അതിന് തൊട്ടു മുൻപ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണാനും പി ചിദംബരം തയ്യാറായി.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി താൻ ഒളിവിലായിരുന്നെന്ന വാർത്ത തള്ളിയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മാധ്യമങ്ങളെ കണ്ടത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും നിയമപരിരക്ഷ തേടുക മാത്രമാണ് ചെയ്തത് എന്നും ചിദംബരം എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ഒരു കുറ്റപത്രവുമില്ലെന്നും ചിദംബരം പറഞ്ഞിരുന്നു.

പി ചിദംബരത്തിന്റെ വാർത്താസമ്മേളനം

ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് എഐസിസി ആസ്ഥാനത്തേയ്ക്ക് കയറാന്‍ സിബിഐ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ജോര്‍ ബാഗിലെ ചിദംബരത്തിന്റെ വസതിക്ക് മുന്നില്‍ ചോര്‍, ചോര്‍ (കള്ളന്‍) വിളികളുമായി ബിജെപി അനുകൂലികളെന്ന് കരുതുന്ന ഒരു സംഘവും മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചു കൂടുകയും ചെയ്തിരുന്നു. ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്ന് കേസില്‍ കുറ്റാരോപിതനായ മകന്‍ കാര്‍ത്തി ചിദംബരം ആരോപിച്ചു.

ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ക്രമരഹിതമായി അനുമതി നല്‍കിയെന്നതാണ് കേസ്. പി ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡാണ് ഈ കമ്പനിക്ക് 307 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി നല്‍കിയത്.

രണ്ട് കേസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. 2017 ലാണ് സിബിഐ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് കേസ് റജിസ്റ്റര്‍ ചെയതത്. 2018 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണം തട്ടിപ്പിനുള്ള കേസും റജിസ്റ്റര്‍ ചെയ്തു. 2018 മാര്‍ച്ചില്‍ കമ്പനി ഉടമ ഇന്ദ്രാണി മുഖര്‍ജി കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മൊഴി നല്‍കി. ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കാന്‍ 10 ലക്ഷം ഡോളറിന്റെ കരാറില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമായി ഏര്‍പ്പെട്ടുവെന്നായിരുന്നു ഇവരുടെ മൊഴി.

READ MORE: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍