UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരക്ഷ ക്യാമറകള്‍ സ്ത്രീകളെ രക്ഷിക്കുമോ?

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ മാസം ഒരു ഷോപ്പിംഗ് മാള്‍ പരിസരത്തുനിന്ന് കാറില്‍ ലിഫ്റ്റ് ചോദിച്ച നൈജീരിയന്‍ യുവതിയെ ഓടുന്ന കാറില്‍വച്ച് നാലുപേര്‍ ബലാത്സംഗം ചെയ്യുകയും കാറില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒരു സിസി ടിവി ക്യാമറയാണ് സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്. സിസി ടിവിയില്‍ പതിഞ്ഞ കാറിന്റെ ഒരു മങ്ങിയ ചിത്രത്തില്‍ നിന്നാണ് മണിക്കൂറുകള്‍ക്കകം പോലിസ് അവരെ വലയിലാക്കിയത്. 

ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന നഗരത്തില്‍ (കഴിഞ്ഞ കൊല്ലം റിപ്പോര്‍ട്ട് ചെയ്ത ബലാത്സംഗ കേസുകള്‍ 2069 ആണ്)  ഒരു മില്യണ്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പുതിയ ദില്ലി സര്‍ക്കാര്‍. ഈ നടപടിയിലൂടെ ഇത്തരം അതിക്രമങ്ങള്‍ കുറക്കാന്‍ ആകും എന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ ഇതുമൂലം സ്ത്രീകളുടെ സ്വകാര്യത ഇല്ലാതാകുന്ന ഒരവസ്ഥയാണ് വരിക എന്ന വാദവും നിലനില്‍ക്കുന്നു. കൂടാതെ 16 മില്യണ്‍ ജനങ്ങള്‍ പാര്‍ക്കുന്ന ഈ നഗരത്തില്‍ ഇത് എത്രമാത്രം ഫലപ്രദമാകും എന്നതിലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 

തിരഞ്ഞെടുപ്പിനിടെ പല സ്ത്രീകളും ഞങ്ങളോട് ആവിശ്യപ്പെട്ടതാണ് ഇത്. ക്യാമറകള്‍ ഉണ്ടെങ്കില്‍ തങ്ങളെ ആരെങ്കിലും ശ്രദ്ധയോടെ നോക്കുന്നുണ്ട് എന്ന തോന്നല്‍ വലിയ സുരക്ഷിതത്വബോധം തരും എന്നും അവര്‍ പറഞ്ഞതായി ആം ആദ്മിയിലെ മുതിര്‍ന്ന അംഗമായ ആശിഷ് ഖൈത്താന്‍ പറഞ്ഞു. സ്ത്രീ സുരക്ഷക്കായി നമുക്ക് ഇത്തരം സാങ്കേതികവിദ്യയുടെ സഹായം തേടേണ്ടതുണ്ട്. അദ്ദേഹം കൂട്ടിചേര്‍ത്തു.

2012 ഡിസംബര്‍ മാസത്തില്‍ 23 കാരിയെ ഓടുന്ന ബസ്സില്‍ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം രാജ്യത്തെമ്പാടും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സ്ത്രീ സുരക്ഷ ഒരു പ്രധാന പ്രശ്‌നം തന്നെ ആണെന്ന് കണ്ടെത്തി. 

സ്‌കൂളുകളിലും, റയില്‍വേ സ്റ്റേഷനിലും, ഓഫീസുകളിലും. സിനിമാകൊട്ടകകളിലും, അമ്പലങ്ങളിലും പള്ളികളിലും, ചന്തകളിലും, മാളുകളിലും ഒക്കെ ആയി ഏകദേശം 4000 ത്തില്‍ കൂടുതല്‍ സുരക്ഷ ക്യാമറകള്‍ നഗരത്തിലുണ്ട്. സബര്‍ബന്‍ ട്രെയിനുകളിലെ വനിതാ കോച്ചില്‍ ക്യാമറകള്‍ സ്ഥാപിക്കും എന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയം അറിയിച്ചു. 

നഗരത്തിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനിലും സ്ത്രീകള്‍ക്കായുള്ള ഹെല്‍പ് ഡെസ്‌ക് ലഭ്യമാണ്. കൂടാതെ 1200 പുതിയ വനിത പൊലീസ് ഓഫീസര്‍മാരെയും നിയമിച്ചു കഴിഞ്ഞു. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനായി ബസുകളില്‍ യൂണിഫോം ഇട്ട ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരിക്കും. എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സഹായം എത്തിക്കാന്‍ സാധിക്കുന്ന ഒരു ഡ്രൈവര്‍ കൂട്ടം ആണ് ഇനി നമുക്കാവശ്യം. 

എന്നിരുന്നാലും, പല പൊതു വാഹനങ്ങളിലും ഉള്ള ജിപിഎസ് സംവിധാനവും, അലാറം ബട്ടനും പ്രവര്‍ത്തനരഹിതമാണ്. ചിലതാകട്ടെ മോഷണം പോയി. 

ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ ഒരു സര്‍വെയില്‍ 97 ശതമാനം സ്ത്രീകളും ഈ നഗരത്തില്‍ വച്ച് തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമത്തിനു വിധേയരായിട്ടുണ്ടെന്നു പറഞ്ഞു. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാന്‍ ശ്രമിക്കുക എന്നതിന് പ്രാധാന്യം നല്‍കാത്തത് ഒരു വലിയ പ്രശ്‌നമാണെന്നും ഇവര്‍ പറയുന്നു. 

‘സുരക്ഷ ക്യാമറകള്‍ എനിക്ക് ആത്മവിശ്വാസം തരുന്നുണ്ട്. എന്നാല്‍ ബലാത്സംഗത്തെ ഇല്ലാതാക്കാന്‍ ഇവ എത്രത്തോളം സഹായിക്കും?’, സൈക്കോളജി വിദ്യാര്‍ത്ഥിയായ 18 കാരി രാധിക ഖുരാന ചോദിക്കുന്നു. ചിലപ്പോള്‍ അവള്‍ അവിടെ ഈ നേരത്ത് എന്തിനാ പോയത്? ഏതു വസ്ത്രമാണ് അവള്‍ അപ്പോള്‍ ധരിച്ചിരുന്നത്? ആരുടെ കൂടെ ആയിരുന്നു എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ക്ക് പിന്തുണ ആയിപ്പോലും ഇത്തരം ദൃശ്യങ്ങളെ ആളുകള്‍ ഉപയോഗിച്ചേക്കാം. 

അധികാരികള്‍ക്ക് സ്ത്രീ സംരക്ഷണത്തിന് നിയമം മൂലം നടപടികള്‍ കൈക്കൊള്ളുന്നതിനെക്കാള്‍ നഗരത്തില്‍ അങ്ങോളം ഇങ്ങോളം ക്യാമറകള്‍ ഘടിപ്പിക്കുക എന്നത് ഏറെ എളുപ്പമാണ്. ഇന്ത്യയിലെ 2.2 മില്യണ്‍ വരുന്ന പോലീസ് സേനയുടെ മൂന്നില്‍ ഒന്ന് മാത്രമേ സ്‌റ്റേഷനുകളില്‍ യഥാര്‍ത്ഥ പോലിസ് ജോലി ചെയ്യുന്നുള്ളൂ. മറ്റുള്ളവര്‍ എല്ലാം ഒന്നുകില്‍ ഗവണ്‍മെന്റ് ഓഫീസില്‍ ജോലി അല്ലെങ്കില്‍ വിഐപികള്‍ക്ക് സുരക്ഷയ്ക്കായി നിയമിക്കപ്പെടുന്നു. 

നഗരത്തില്‍ ക്യാമറകള്‍ വയ്ക്കുന്നതോടെ നമ്മുടെ ഭരണ സംവിധാനത്തിലും, പോലീസിലും, നിയമപരിരക്ഷയിലും ഒക്കെ നിലനില്‍ക്കുന്ന പരിമിതികളെ തുടച്ചു നീക്കുക എന്ന കര്‍ത്തവ്യത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഈയിടെ ഇന്ത്യന്‍ നഗരങ്ങളിലെ സുരക്ഷ എന്ന വിഷയത്തില്‍ സര്‍വേ സംഘടിപ്പിച്ച മിലന്‍ വൈഷ്ണവ് പറയുന്നു. ഇദ്ദേഹം കാര്‍ണേജ് എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന സംഘടനയ്‌ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. 

എന്നാല്‍ പലപ്പോഴും സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ അവര്‍ക്ക് പരിചയമുള്ള, ഉദാഹരണത്തിന് അയല്‍ക്കാരോ, ബന്ധുക്കളോ പോലെയുള്ള ആളുകള്‍ ആയിരിക്കും. അതിനാല്‍ നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അത്ര പ്രാധാന്യം അര്‍ഹിക്കുന്നതല്ല എന്നാണ് വിമര്‍ശകരുടെ വാദം. 

സ്വകാര്യതയ്ക്കുള്ള അവകാശവും, സുരക്ഷാ ക്യാമറകളും എന്ന വിഷയത്തില്‍ ലോകമെമ്പാടും വിവാദങ്ങളും ചര്‍ച്ചകളും നടന്നു വരികയാണ്. കഴിഞ്ഞ ദശകത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ചാരപ്രവര്‍ത്തനത്തിനും, അവരെ നിരീക്ഷിക്കാനുമായി പൊലീസ് ഇത്തരം ക്യാമറകളെ ഉപയോഗിച്ചത്, ഇഗ്ലണ്ടിലും, അമേരിക്കയിലും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

2013ല്‍ മെട്രോയില്‍ രണ്ടു പേര്‍ ചുംബിക്കുന്ന വീഡിയോ സുരക്ഷാ ഉദ്യോഗസ്ഥര്‍ അശ്ലീല സൈറ്റുകളില്‍ പരസ്യപ്പെടുത്തിയത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. 

2011ല്‍ അമേരിക്കന്‍ സിവില്‍ ലിബറേറ്റസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ അമിത നിരീക്ഷണവും, സൂം ചെയ്യാനും എല്ലാ ദിശകളില്‍ നിന്നും ദൃശ്യങ്ങള്‍ ലഭ്യമാക്കാനും സഹായകമാകുന്ന അത്യാധുനിക ക്യാമറകളും പൗരന്റെ സ്വാകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. 

ഇത്തരം സുരക്ഷാ ക്യാമറകളുടെ പരിമിതികളെക്കുറിച്ച എല്ലാ രാജ്യങ്ങളിലും വിവാദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ഹാ ഇതെത്ര നല്ല കാര്യം എന്ന് തോന്നാം. എന്നാല്‍ ഇത്തരം ക്യാമറകള്‍ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരെ സദാചാര പോലീസിംഗിനുള്ള ഒരു ആയുധമായി തീര്‍ന്നേക്കാം എന്ന് ജാഗോരിയിലെ(വനിതാ നിയമസഹായ സംഘം) മുതിര്‍ന്ന ഉപദേഷ്ടാവായ കല്‍പ്പന വിശ്വനാഥന്‍ രണ്ടു മാസം മുമ്പ് ജാഗോരി സംഘടിപ്പിച്ച തലസ്ഥാന നഗരിയിലെ സുരക്ഷ എന്ന പരിശോധനാ പരിപാടിയില്‍ പറഞ്ഞു. ‘ആരാണ് ഈ ദദൃശ്യങ്ങള്‍ പരിശോധിക്കുന്നത്? ആരാണ് നടപടികള്‍ സ്വീകരിക്കുക? സ്ത്രീ സംരക്ഷിക്കപെടേണ്ട ഒന്നാണ് എന്ന ചിന്തയില്‍ നിന്നാണ് സുരക്ഷ ക്യാമറ എന്ന പരിഹാരം വരുന്നത്. എന്നാല്‍ ഞങ്ങളുടെ സ്വാതന്ത്ര്യവും, അവകാശങ്ങളും സംരക്ഷിക്കൂ എന്നാണ് നാം പറയേണ്ടത്. 

എന്തിനു ചുറ്റിതിരിഞ്ഞു നടക്കുന്നു? എന്ന അവബോധപരിപാടിക്ക് നേതൃത്വം കൊടുത്ത സാമുഹ്യ പ്രവര്‍ത്തകര്‍ പറയുന്നതും ഇത് തന്നെയാണ്. ‘ദിനം പ്രതി എണ്ണം കൂടുന്ന ഇത്തരം ക്യാമറകള്‍ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വിലങ്ങുതടി ആണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. 

എന്നാല്‍ ഇത്തരം ക്യാമറകള്‍ പല കേസുകളിലും ഏറെ സഹായകരമാണെന്ന് പോലിസ് പറയുന്നു. ബസിനുള്ളില്‍ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തത് സിസിടിവി ദൃശ്യങ്ങള്‍ വച്ചാണ്. 

ബംഗളൂരുവില്‍ ഈയിടെ 8 വയസുള്ള ഒരു കുഞ്ഞിനെ മദ്യപാനിയായ ഒരു നിര്‍മാണ തൊഴിലാളി ബലാത്സംഗം ചെയ്ത് കൊന്നിരുന്നു. ഈ വ്യക്തി കുഞ്ഞിനേയും കൊണ്ട് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോകുന്നതും, അരമണിക്കൂറിനു ശേഷം ഒറ്റയ്ക്ക് മടങ്ങി വരുന്നതും ഒരു ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യത്തിന്റെ സഹായത്തോടെ പോലീസ് ഉടനെ 50 പോസ്റ്ററും 10000 ലഘുലേഖകളും തയ്യാറാക്കി. ഈ കുറ്റവാളിയെ 3 ദിവസത്തിനുള്ളില്‍ പിടികൂടി.

ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലിസിനെ സഹായിച്ചത്. ഇത്തരം ആക്രമങ്ങളെ തടുക്കാനുള്ള ഉപാധിയായും ഇവയെ ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷയെന്നു ഡല്‍ഹി പൊലീസ് വക്താവ് രജന്‍ ഭഗത് പറഞ്ഞു. പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാനായി ഒരു പരീക്ഷണം എന്ന നിലയില്‍ ഡല്‍ഹിയിലെ 200 ബസുകളില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.

എന്നും തിരക്കുള്ള ബസുകളില്‍ തങ്ങളെ തുറിച്ചു നോക്കുകയും, തരം കിട്ടിയാല്‍ സ്പര്‍ശിക്കാനും വലിച്ചടുപ്പിക്കാനും ശ്രമിക്കുന്ന പ്രവണതകള്‍ ഇതോടെ ഇല്ലാതാകും എന്ന പ്രതീക്ഷയിലാണ് ഡെന്റല്‍ ട്രെയിനിയായ 23കാരി തന്വി ഭരദ്വാജ്.

തന്റെ കണ്‍മുന്നില്‍ നടക്കുന്ന അക്രമങ്ങളെ തടയാന്‍ മുമ്പ് ഒന്നുമില്ലായിരുന്നു. ഇപ്പോള്‍ ഈ ക്യാമറ അതിനു സഹായകമായേക്കും എന്ന് ഒരു ബസ് ഡ്രൈവര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഞാന്‍ ഇത്തരം ശ്രമങ്ങളെ എതിര്‍ത്താല്‍ അവര്‍ വകവെക്കാതെ പോകുമായിരുന്നു എന്ന് ഡ്രൈവറായ സഞ്ജയ് കുണ്ടിര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ക്യാമറ ഉണ്ടെന്നു പറയുമ്പോള്‍ അത് അവരെ പേടിപ്പിക്കുന്നുണ്ട്. അവര്‍ ഉടനെ ഇത്തരം ശല്യങ്ങള്‍ നിര്‍ത്തുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍