UPDATES

ആർട്ടിക്കിൾ 35എ നീക്കും? ജമ്മുവിന് പൂർണ സംസ്ഥാന പദവി? എന്താണ് കാശ്മീരിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്നത്?

ഒമർ അബ്ദുള്ള ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ആർട്ടിക്കിൾ 35എയോ 375ഓ പിൻവലിക്കുക കേന്ദ്രത്തിന്റെ ഉദ്ദേശ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കശ്മീരിൽ യുദ്ധസമാനമായ തയ്യാറെടുപ്പുകൾ നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ആർട്ടിക്കിൾ 35എ പിൻവലിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാർക്ക് പ്രത്യേക അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നതാണ് 35എ. 1954ൽ ഒരു രാഷ്ട്രപതി ഉത്തരവിലൂടെയാണ് ഈ വ്യവസ്ഥ ഭരണഘടനയിൽ ഉൾച്ചേർത്തത്.

കഴിഞ്ഞദിവസം ഒമർ അബ്ദുള്ള ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ആർട്ടിക്കിൾ 35എയോ 370ഓ പിൻവലിക്കുക കേന്ദ്രത്തിന്റെ ഉദ്ദേശ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മൂന്നായി ഭാഗിക്കുക എന്ന ഉദ്ദേശ്യവും തങ്ങൾക്കില്ലെന്ന് ഒമറിന്റെ ആശങ്കകൾക്ക് മറുപടിയായി സത്യപാൽ മാലിക്ക് പറയുകയുണ്ടായി.

കാർഷിക ഭൂമികളെ ഒഴിവാക്കി മറ്റു ഭൂമിയിൽ പുറത്തു നിന്നുള്ളവർക്ക് ബിസിനസ് തുടങ്ങുവാനും മറ്റും കൈമാറ്റം ചെയ്യാനുള്ള വ്യവസ്ഥയാണ് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതെന്ന് വിവരമുണ്ട്. ഇതുവഴി പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. യുവാക്കൾ ഭീകരവാദത്തിലേക്ക് പോകുന്നത് തടയാൻ ജമ്മു കശ്മീരിൽ തൊഴിൽ ലഭ്യത കൂട്ടേണ്ടതുണ്ടെന്നും സർക്കാർ കരുതുന്നു.

ജമ്മുവിന് പൂർണ സംസ്ഥാന പദവി നൽകാനുള്ള ആലോചനയും കേന്ദ്ര സർക്കാരിനുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഇതിൽ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി നിലനിർത്തുകയും ചെയ്യുമെന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. ഇങ്ങനെ വന്നാൽ സ്വാഭാവികമായും ആർട്ടിക്കിൾ 370യും ആർട്ടിക്കിൾ 35എയും അസാധുവായിത്തീരും.

ആരൊക്കെയാണ് ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാർ എന്ന് നിർവ്വചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്കുണ്ട് ആർട്ടിക്കിൾ 35എ പ്രകാരം. സംസ്ഥാനത്തിനു പുറത്തുള്ളവർക്ക് ജമ്മു കശ്മീരിൽ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും വിലക്കുണ്ട് ഈ വകുപ്പു പ്രകാരം. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കശ്മീരിൽ സ്ഥിരമായി വന്നു പാർക്കുന്നതിനെയും തടയുന്നുണ്ട് ആർട്ടിക്കിൾ 35എ. സർക്കാർ ജോലികൾ നേടുന്നതിനും ക്ഷേമ പദ്ധതികളിൽ ഏർപ്പെടുന്നതിനുമെല്ലാം വിലക്കുണ്ട്.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കശ്മീരി സ്ത്രീകൾക്ക് ഭൂമിയിന്മേലുള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ വ്യവസ്ഥ പിന്നീട് കശ്മീർ ഹൈക്കോടതി ഇടപെട്ട് നീക്കം ചെയ്യുകയുണ്ടായി. 2002ലായിരുന്നു ഇത്.

ഈ വ്യവസ്ഥ നീക്കം ചെയ്യുകയാണെങ്കിൽ അത് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കശ്മീരിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കും. അതെസമയം ഈ ആർട്ടിക്കിൾ നീക്കം ചെയ്യുന്നത് വലിയ നിയമ-ഭരണഘടനാ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആർട്ടിക്കിൾ 370(1) നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്നതാണ് 35എ. ഇവയിൽ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങ്ങുമായി ഇന്ത്യൻ യൂണിയൻ ഏർപ്പെട്ട ട്രീറ്റി ഓഫ് ആക്സഷൻ അസാധുവാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍