UPDATES

ഇന്ത്യ

നിരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചോ? മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്രം

വിദേശകാര്യ മന്ത്രാലയത്തിന് ഒരു ഇന്ത്യക്കാരന്റെ പാസ്പോര്‍ട്ട് നമ്പർ അടക്കം അയാളുടെ യാത്രയെക്കുറിച്ചറിയാൻ വഴിയുണ്ടോ എന്ന ചോദ്യത്തിനാണ് 8(I) (J) വകുപ്പ് കാണിച്ചു മറുപടി നിഷേധിച്ചത്

നിയമം വെട്ടിച്ച് രാജ്യം വിട്ട രത്നവ്യാപാരി നിരവ് മോദിയുടെ യാത്ര, പാസ്പോര്‍ട്ട് വിവരങ്ങൾ വിവരാവകാശ നിയമം-2005 പ്രകാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചു. വിദേശകാര്യ മന്ത്രാലയം മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചിട്ടുണ്ടോ, അങ്ങനെയെങ്കിൽ എന്നാണ്, അയാൾക്ക് ഒന്നിലേറെ പാസ്പോർട്ടുണ്ടോ, അങ്ങനെയെങ്കിൽ എത്രയെണ്ണം, ഏതെല്ലാം പരമ്പരയിൽ ഉള്ളവ, എന്നീ ചോദ്യങ്ങൾക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ നൽകാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.

“മേല്പറഞ്ഞ ചോദ്യങ്ങൾക്കുള്ള വിവരങ്ങൾ, വിവരാവകാശ നിയമം 2015-ലെ 8(1) (j) വകുപ്പ് പ്രകാരം ഒഴിവാക്കപ്പെട്ടവയുടെ ഗണത്തിൽ പെടുന്നതിനാൽ, അത് അപേക്ഷകന് നൽകാനാവില്ല,” Central Public Information Officer (CPIO)യും അണ്ടർ സെക്രട്ടറിയുമായ എസ്. രാംജി മറുപറിയിൽ പറയുന്നു.

RTI Act, 2005 വകുപ്പ് 8(1)(j) പ്രകാരം, ആവശ്യപ്പെടുന്ന വിവരം വ്യക്തിപരമായ വിവരമായിരിക്കുകയും അത് വെളിപ്പെടുത്തുന്നത് ഏതെങ്കിലും പൊതുകാര്യമോ പൊതുതാത്പര്യമോ ആയി ബന്ധമില്ലാത്തതോ ആണെങ്കിലും, അത് ആ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റമാണെങ്കിലും ബന്ധപ്പെട്ട വിവരാവകാശ ഉദ്യോഗസ്ഥർ പൊതുതാത്പര്യം ഉണ്ടെന്നു കണ്ട്‌ ആ വിവരം വെളിപ്പെടുത്താൻ തീരുമാനിക്കാത്തിടത്തോളം ആ വിവരങ്ങൾ നൽകില്ല. അത്തരം വിവരങ്ങൾ പാര്‍ലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ നൽകുന്നത് നിഷേധിക്കാൻ കഴിയാത്തതാണെങ്കിൽ ആ വിവരങ്ങൾ മറ്റു വ്യക്തികൾക്ക്, നിഷേധിക്കാനാകില്ല.

“Nirav Modi Global Diamond Jewellery House” (2010-ൽ) സ്ഥാപകനായ നിരവ് മോദി ഇപ്പോൾ നിയമം അന്വേഷിക്കുന്ന കുറ്റവാളിയാണ്. 2018 ആദ്യം ഇന്ത്യയിലെ ബാങ്കുകളും അയാളും ഉൾപ്പെട്ട 2 ബില്യൺ ഡോളറിന്റെ തട്ടിപ്പ് സി ബി ഐ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് അയാൾ രാജ്യം വിട്ടത്. പഞ്ചാബ് നാഷണൽ ബാങ്കിലെ 2 ബില്യൺ ഡോളറിന്റെ വെട്ടിപ്പാണ്‌ അന്വേഷിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന് ഒരു ഇന്ത്യക്കാരന്റെ പാസ്പോര്‍ട്ട് നമ്പർ അടക്കം അയാളുടെ യാത്രയെക്കുറിച്ചറിയാൻ വഴിയുണ്ടോ എന്ന ചോദ്യത്തിനാണ് 8(I) (J) വകുപ്പ് കാണിച്ചു മറുപടി നിഷേധിച്ചത്.

2018 ജൂൺ 16-നു വിദേശകാര്യ മന്ത്രാലയത്തിൽ അപേക്ഷ നൽകിയെങ്കിലും അത് മൂന്നു ദിവസത്തിന് ശേഷം Consular, Passport & Visa Division (CPV) വിഭാഗത്തിലേക്ക് മാറ്റി. ഫെബ്രുവരി 2018-നു ശേഷമുള്ള മോദിയുടെ യാത്രകൾ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും 2018 ജൂണിൽ അയാൾ ഇന്ത്യയിലെ ഏത് വിമാനത്താവളം വഴി എപ്പോൾ കടന്നു എന്നതിനും, ആ വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അതെന്നും അതിനാൽ നൽകാനാവില്ല എന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകിയത്.

ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയിൽ പറയുന്നത്, മോദിക്കും ചോക്‌സിക്കും കോടതിയിൽ ഹാജരാകാൻ ആറാഴ്ച്ച സമയം (സെപ്റ്റംബർ 26 വരെ) നൽകിയിട്ടുണ്ട്. അതിനകം ഹാജരായില്ലെങ്കിൽ ഇരുവരെയും നിയമത്തെ വെട്ടിച്ചു പലായനം ചെയ്തവരാണ് പ്രഖ്യാപിക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും.

ഇരുവരുടെയും, ഇന്ത്യയിലും യു കെയിലും യു എ ഇയിലും ഉള്ള സ്വത്തുക്കൾ, Fugitive Economic Offenders Ordinance, 2018 അനുസരിച്ച് കണ്ടുകെട്ടാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് (ED) ഈ മാസമാദ്യം പ്രത്യേക കോടതി മുമ്പാകെ രണ്ട് അപേക്ഷകൾ നൽകിയിരുന്നു.

ഇന്ത്യൻ കോടതികളുടെ അധികാര പരിധിക്കു പുറത്തേക്കു കടന്നുകൊണ്ട് നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്ന സാമ്പത്തിക കുറ്റവാളികളെ അതിൽ നിന്നും തടയാന്‍ ഉദ്ദേശിച്ചാണ് ഈ ഓർഡിനൻസ്. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തുകൊണ്ട് ബാങ്കുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും പറ്റിയ നഷ്ടം നികത്താനും ഇത് ലക്ഷ്യമിടുന്നു.

ഇന്ത്യയിലെമ്പാടുമായി 260 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ സ്വർണം, രത്നങ്ങൾ, പ്ലാറ്റിനം, വെള്ളി, ആഭരണങ്ങൾ, മോഡി, ചോക്‌സി എന്നിവരുടെ കമ്പനികളുടെ വാച്ചുകൾ എന്നിവയെല്ലാം പിടിച്ചെടുത്തതായി ED പറയുന്നു. ഇരുവർക്കുമെതിരെ ഏജൻസി ഈ വര്‍ഷം മെയ് 24-നും ജൂൺ 26-നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഇതിനെത്തുടർന്ന് കോടതി ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മോദിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ജനുവരി 2018-നു സി ബി ഐ രേഖപ്പെടുത്തിയ രണ്ടു എഫ് ഐ ആറുകൾ അടിസ്ഥാനമാക്കി ED ഇരുവർക്കുമെതിരെ പണം വെട്ടിപ്പിന്റെ പേരിൽ രണ്ടു കേസുകളും രേഖപ്പെടുത്തി.

മോദിയും അയാളുടെ അമ്മാവൻ മെഹുൽ ചോക്‌സിയും ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ച് വേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയും ഉറപ്പുകളോ ആസ്തികളോ കൂടാതെയും തങ്ങളുടെ മൂന്നു സ്ഥാപനങ്ങൾക്കായി Letters of Undertaking (LOUs) നേടുകയും അങ്ങനെ ബാങ്കിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തു എന്ന് സി ബി ഐ ആരോപിക്കുന്നു.

നിയമത്തെ വെട്ടിച്ചു ഓടിപ്പോയ സാമ്പത്തിക കുറ്റവാളികളുടെ- നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ എന്നിവരടക്കമുള്ളവർ- സ്വത്തുക്കൾ, ശിക്ഷിക്കുന്നതിനു മുമ്പുതന്നെ കണ്ടുകെട്ടാനുള്ള ഒരു ബില്ലിന് രാജ്യസഭ ബുധനാഴ്ച്ച അംഗീകാരം നൽകി. Fugitive Economic Offenders Bill (FEOB)-നു കീഴിൽ നടപടികൾ എടുത്തു തുടങ്ങാനുള്ള സാമ്പത്തിക പരിധി 100 കോടി രൂപയാണ്.

ലോകസഭാ കഴിഞ്ഞയാഴ്ച്ച അംഗീകരിച്ച ഈ ബില്ലിന് ഇനി ഏപ്രിലിൽ കൊണ്ടുവന്ന ഓർഡിനൻസിന് പകരം നിയമമാകുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം. നിലവിലുള്ള Prevention of Money Laundering Act (PMLA) -ൽ കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വകുപ്പുണ്ട്. പക്ഷെ അത് ശിക്ഷിച്ചതിനു ശേഷമേ സാധ്യമാകൂ. കണ്ടുകെട്ടുന്നവ കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കളായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുതിയ ബില്ലിൽ കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അത്തരത്തിലുള്ള തടസങ്ങൾ ഒന്നുമില്ല.

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

ഇവന്‍ മുങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു: നിരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് എഴുതിയ ഹരിപ്രസാദ്‌

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍