UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ട്രപതി ഭവനില്‍ പ്രണബ് മുഖര്‍ജിയുടെ അവസാന ഇഫ്താര്‍; പങ്കെടുക്കാതെ മന്ത്രിമാരും ബിജെപി നേതാക്കളും

കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം കാരണമാണ് പോകാതിരുന്നതെന്ന് നഖ്‌വി

രാഷ്ട്രപതി പദത്തില്‍ നിന്നുള്ള പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, അദ്ദേഹം രാഷ്ട്രപതി ഭവനില്‍ അവസാനമായി നടത്തിയ ഇഫ്താര്‍ വിരുന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ബഹിഷ്‌കരിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ഇഫ്താറില്‍ പങ്കെടുത്തിരുന്നു. നേരത്തെ പ്രധാനമന്ത്രിമാര്‍ ഇഫ്താര്‍ വിരുന്നുകള്‍ നടത്തിയിരുന്നെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ഈ പതിവ് അവസാനിപ്പിച്ചിരുന്നു.

കേന്ദ്രമന്ത്രിമാരോ സര്‍ക്കാരിന്റെ ഏതെങ്കിലും പ്രതിനിധിയോ ബി.ജെ.പി നേതാക്കളോ ഇഫ്താറില്‍ പങ്കെടുത്തില്ലെന്ന് യെച്ചൂരി പിന്നീട് വ്യക്തമാക്കി. ഇത്ര വര്‍ഷത്തിനിടയില്‍ താന്‍ രാഷ്ട്രപതിമാര്‍ നടത്തുന്ന നിരവധി ഇഫ്താറുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ഒരു പ്രതിനിധി പോലും പങ്കെടുക്കാതിരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരോ ബി.ജെ.പി നേതാക്കളോ പങ്കെടുത്തില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി രാജ്യസഭാ എം.പി ജാവേദ് അലി ഖാനും പറഞ്ഞു. രാഷ്ട്രപതി നടത്തിയ കഴിഞ്ഞ മൂന്ന് ഇഫ്താര്‍ വിരുന്നുകളിലും താന്‍ പങ്കെടുത്തിരുന്നു. മുമ്പ് രാജ്‌നാഥ് സിംഗ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി, മഹേഷ് ശര്‍മ, വിജയ് ഗോയല്‍ തുടങ്ങിയവരെയൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആരും എത്തിയില്ല- അദ്ദേഹം പറഞ്ഞു.

മന്ത്രിമാരോ ബി.ജെ.പി നേതാക്കളോ ഇഫ്താറിനെത്തും എന്ന ധാരണയിലായിരുന്നു രാഷ്ട്രപതി ഭവനിലെ സീറ്റിംഗ് അറേഞ്ച്‌മെന്റ്‌സ്. ഇതനുസരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനും കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനും ഒരേ മേശയ്ക്കു ചുറ്റുമായിരുന്നു സീറ്റുകള്‍. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഘയോറൂള്‍ ഹസന്‍ റിസ്‌വി ഇഫ്താറിന് എത്തിയിരുന്നെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി അടിസ്ഥാനത്തിലായിരുന്നില്ല ക്ഷണിച്ചിരുന്നത്.

താന്‍ ചടങ്ങിന് പോകേണ്ടതായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷമാണ് കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയുടെ യോഗം വിളിച്ചു ചേര്‍ത്തതെന്നും നഖ്‌വി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആ യോഗം പ്രധാനപ്പെട്ടതായിരുന്നതിനാല്‍ അതൊഴിവാക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രധാനമന്ത്രി നാളെ വിദേശത്തേക്ക് പോവുകയാണ്. ആറരയ്ക്ക് തുടങ്ങിയ യോഗം അവസാനിച്ചത് ഏഴര-എട്ടുമണിയോടെയാണ്. ഒരു മന്ത്രിമാരും വന്നില്ലേ? സാധാരണ എല്ലാ മന്ത്രിമാരേയും വിളിക്കാറുള്ളതാണ്- നഖ്‌വി പറഞ്ഞു.

(കവര്‍ ചിത്രം- ഇന്ത്യന്‍ എക്സ്പ്രസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍