UPDATES

കേരളം വെള്ളത്തിൽ മുങ്ങിയപ്പോൾ കേന്ദ്ര ജല കമ്മീഷൻ എന്തുചെയ്യുകയായിരുന്നു?

കൃത്യത കുറഞ്ഞ പ്രവചനങ്ങളാണ് കേന്ദ്ര ജല കമ്മീഷൻ നടത്തിയതെന്നു കാണാം.

കേന്ദ്ര ജല കമ്മീഷൻ എന്നൊരു സ്ഥാപനമുണ്ട്. ജലവിഭവ മന്ത്രാലയത്തിനു കീഴിലാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങളെ ജലവിഭവവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിൽ കൂട്ടിയോജിപ്പിക്കുന്നത് ജല കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ജലവിഭവത്തിന്റെ സംഭരണം, പരിപാലനം, ഉപയോഗം തുടങ്ങിയ എല്ലാ മേഖലകളിലും കമ്മീഷന് ഇടപെടാവുന്നതാണ്. ജലസേചനം, കുടിവെള്ളം, വൈദ്യുതിനിർമാണം തുടങ്ങിയ കാര്യങ്ങളിൽ കമ്മീഷന് ചുമതലകളുണ്ട്. ഇവയുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് പ്രളയ നിയന്ത്രണം സംബന്ധിച്ചുള്ളത്. പ്രളയസാധ്യതകൾ പഠിക്കുകയും പ്രവചിക്കുകയും ചെയ്യുക ഈ സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നാണ് എന്ന് ചുരുക്കം.

ഈവക കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് വേണ്ട ഉപദേശങ്ങൾ നൽകുകയും വേണ്ട പിന്തുണ നൽകുകയും ചെയ്യുക കേന്ദ്ര ജല കമ്മീഷന്റെ ചുമതലയാണ്. ജലവിഭവങ്ങള്‍ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും അവ യഥാസമയം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ട ചുമതല ജല കമ്മീഷനുണ്ട്.

മഴയും പ്രളയ സാധ്യതയും സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകേണ്ട ചുമതലയുള്ള കേന്ദ്ര ജല കമ്മീഷന് അതിനാവശ്യമായ വിവരങ്ങൾ കിട്ടുന്നത് ഏതു വഴിയാണ്? കേരളത്തിൽ നിന്ന് പ്രളയസാധ്യത സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര ജല കമ്മീഷന് ഏതെല്ലാം വഴികളുണ്ട്?

കേരളത്തിൽ പ്രളയ പ്രവചന കേന്ദ്രമില്ല!

ഇന്ത്യയിലെ ഏറ്റവുമധികം പ്രളയസാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ സൂചികയിൽ പറയുന്നുണ്ട്. ഈ സൂചികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലൊന്നിൽ കേരളം വരുന്നു. പഞ്ചാബ് ആണ് ഏറ്റവും പ്രളയസാധ്യതയുള്ള സംസ്ഥാനം. പിന്നാലെ പശ്ചിമബംഗാൾ, ബിഹാർ, യുപി, ആന്ധ്രപ്രദേശ്, ഹരിയാന, കേരളം, ആസ്സാം, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ക്രമത്തിൽ വരുന്നു. അതായത് കേരളം പ്രളയസാധ്യതയുടെ കാര്യത്തിൽ രാജ്യത്ത് ഏഴാംസ്ഥാനത്താണ്. 1950 മുതലുള്ള പ്രളയങ്ങളെ ആധാരമാക്കിയാണ് കേന്ദ്രം ഈ സൂചിക തയ്യാറാക്കിയത്.

ഇത്രയധികം പ്രളയസാധ്യതയുള്ള ഒരു സംസ്ഥാനം തങ്ങളുടെ നിരീക്ഷണ പട്ടികയില്‍ വന്നിരുന്നില്ലെന്നാണ് കേന്ദ്ര ജല കമ്മീഷൻ പറയുന്നത്. ഇതിന് അവർ പറയുന്ന കാരണം ഏറെ വിചിത്രമാണ്. കേരളം തങ്ങളെ പ്രവചനത്തിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് ജല കമ്മീഷന്റെ വാദം. അതായത് രാജ്യത്ത് ഏറ്റവുമധികം പ്രളയസാധ്യതയുള്ള പത്ത് സംസ്ഥാനങ്ങളിൽ ഏഴാമത് വരുന്ന ഒരു സംസ്ഥാനത്തിലെ പ്രളയപ്രവചനം നടത്താൻ കേന്ദ്ര ജലകമ്മീഷന് പ്രത്യേക അപേക്ഷ പോകണം. ഇനി പോകുകയാണെങ്കിൽ തന്നെയും ജല കമ്മീഷൻ എങ്ങനെയാണ് കൃത്യതയുള്ള വിവരങ്ങൾ ശേഖരിക്കുക? അതിനുള്ള ഏതെല്ലാം സംവിധാനങ്ങൾ അവർക്കുണ്ട്?

കേരളത്തിൽ കേന്ദ്ര ജല കമ്മീഷന് ഒരു പ്രളയ പ്രവചന കേന്ദ്രം ഇല്ല എന്നതാണ് വസ്തുത. നിലവിൽ തമിഴ്നാട്ടിലും കർണാടകത്തിലും സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂന്നിയാണ് കേരളത്തിന്റെ മഴയുടെ സാധ്യത ഇവർ പ്രവചിക്കുന്നത്. രാജ്യത്തെ മൊത്തം മഴസാധ്യതകളും അതിന്റെ തീവ്രതയുമെല്ലാം പ്രവചിക്കുന്നതിന്റെ കൂട്ടത്തിൽ കേരളത്തിന്റെ കാര്യവും പരാമർശിച്ചു പോകുന്നു എന്നതല്ലാതെ കേരളത്തിന്റെ പ്രളയസാധ്യത പ്രത്യേകം പഠിച്ച് റിപ്പോർട്ടുകളയയ്ക്കാൻ നിലവിൽ കേന്ദ്ര ജല കമ്മീഷന് ശരിയായ സംവിധാനങ്ങളില്ല. ജല കമ്മീഷൻ പറയുന്നതു പോലെ കേരളം കാലേക്കൂട്ടി അറിയിച്ചിരുന്നാൽപ്പോലും പ്രളയസാധ്യത പ്രത്യേകം പഠിച്ച് തിരിച്ചറിയാൻ അവർക്ക് കേരളത്തിൽ സ്വന്തമായൊരു കേന്ദ്രം ഇല്ല.

കേരളത്തിലെ ഡാമുകളിലും പുഴകളിലും വെള്ളം കയറുന്നതിന്റെ അളവും മഴയുടെ തോതും മനസ്സിലാക്കാനുമുള്ള സംവിധാനങ്ങളിൽ കവിഞ്ഞ് വേണ്ടത്ര സാങ്കേതിക സന്നാഹങ്ങൾ കേന്ദ്ര ജല കമ്മീഷന് സംസ്ഥാനത്തില്ലാത്തതിന്റെ പാപ്പരത്തം അവരുടെ പ്രവചനങ്ങളിലും കാണാവുന്നതാണ്.

ഉദാഹരണത്തിന്, ഇടുക്കി അടക്കമുള്ള ജലസംഭരണികളിൽ ക്രമാതീതമായി വെള്ളം ഉയരുകയും അതീവഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്ത ദിവസമാണ് ഓഗസ്റ്റ് 17. വൃഷ്ടിപ്രദേശത്ത് മേഘസ്ഫോടനം സംഭവിച്ചെന്ന് പിന്നീട് മുഖ്യമന്ത്രി തന്നെ വിശദീകരിച്ച പ്രകൃതിപ്രതിഭാസങ്ങളാണ് പിന്നീടുള്ള ദിനങ്ങളിലുണ്ടായത്.

ഈ ദിവസങ്ങളിലെ മഴവീഴ്ചയെക്കുറിച്ച് കൃത്യത കുറഞ്ഞ പ്രവചനങ്ങളാണ് കേന്ദ്ര ജല കമ്മീഷൻ നടത്തിയതെന്നു കാണാം. ഓഗസ്റ്റ് 15ന് (സംസ്ഥാനത്താകെ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ദിവസം) എത്തിയ റിപ്പോർട്ടിൽ അടുത്ത നാലുദിവസത്തെ മഴവീഴ്ചയെക്കുറിച്ച് പറയുന്നത് നോക്കുക. ഓഗസ്റ്റ് പതിനാറിന് ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത ദിവസങ്ങളില്‍ അത് കുറഞ്ഞുവരുമെന്നുമായിരുന്നു പ്രവചനം. പത്തൊമ്പതിന് അത്ര കടുത്ത മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നും പതിനഞ്ചാം തിയ്യതി പ്രവചനമുണ്ടായി. ഈ ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുകയും കേരളം വെള്ളത്തിനടിയിലാകുകയും ചെയ്തു.

ഇക്കാര്യത്തിൽ കേന്ദ്ര ജല കമ്മീഷനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. കേരളത്തെ കേന്ദ്രീകരിച്ചുള്ള പ്രളയ പ്രവചന സംവിധാനം ഒരുക്കുക അത്യാവശ്യമാണ് എന്ന വസ്തുത തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇതിനു വേണ്ട സമ്മർദ്ദങ്ങൾ ചെലുത്താൻ സംസ്ഥാനം ഇനിയും വൈകരുത്.

ഡാം സുരക്ഷ

ഇതോടൊപ്പം ഡാം സുരക്ഷ സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകൾക്ക് വേണ്ടത്ര ശ്രദ്ധയില്ലെന്ന സിഎജി റിപ്പോർട്ട് ഗൗരവത്തോടെ കണക്കിലെടുക്കേണ്ട സമയമാണിത്. രാജ്യത്തെ ഓരോ വലിയ ഡാമുകള്‍ക്കു വേണ്ടിയും അടിയന്തിര കർമപദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2006ൽ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകുകയുണ്ടായി. ഇക്കാര്യത്തിൽ 2011ൽ പരിശോധന നടത്തിയ സിഎജി കണ്ടെത്തിയത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു സംസ്ഥാന സർക്കാർ‌ പോലും വേണ്ട നടപടി എടുത്തില്ലെന്നാണ്. ഇത് തികഞ്ഞ അനാസ്ഥ തന്നെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍