UPDATES

17 ഒബിസി ജാതികളെ പട്ടികജാതിയിലുൾപ്പെടുത്തി യോഗി സർക്കാർ‌; പാർലമെന്റിന്റെ അധികാരത്തിൽ കൈയിടരുതെന്ന് കേന്ദ്രം

ഈ പ്രശ്നം രാജ്യസഭയിൽ ബിഎസ്‌പി അംഗം സതീഷ് ചന്ദ്ര മിശ്രയാണ് ഉന്നയിച്ചത്.

ഒബിസി വിഭാഗത്തിൽ പെടുന്ന 17 ജാതികളെ പട്ടികജാതിയിൽ പെടുത്താനുള്ള ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ നീക്കത്തെ എതിർത്ത് കേന്ദ്ര സർക്കാർ. ഇത്തരമൊരു നടപടിക്ക് ഭരണഘടനാപരമായ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം എതിർക്കുന്നത്. പാർലമെന്റിനു മാത്രമാണ് ഇത്തരത്തിൽ ജാതികളെ തരംതിരിക്കുന്നതിനുള്ള അധികാരമുള്ളത്.

ഈ പ്രശ്നം രാജ്യസഭയിൽ ബിഎസ്‌പി അംഗം സതീഷ് ചന്ദ്ര മിശ്രയാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാരിന്റെ ഈ നടപടി ശരിയല്ലെന്ന് സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി തവാർ ചന്ദ് ഗെലോട്ട് മറുപടിയായി പറഞ്ഞു.

ജൂൺ 24നായിരുന്നു യുപി സർക്കാരിന്റെ ഈ വിചിത്രമായ തീരുമാനം വന്നത്. കശ്യപ്, രാജ്ധർ, ധിവാർ, ബിന്ദ്, കുംഹാർ, കേവാത്ത്, നിഷാദ്, ഭാർ, മല്ലാ, പ്രജാപതി, ധിമാർ, ബതാം, തുര്‍ഹ, ഗോദിയ, മഞ്ജി, മചുവ എന്നീ ജാതികളെ ഇനിമുതൽ പട്ടികജാതിയായി പരിഗണിക്കണമെന്ന നിർദ്ദേശം ജില്ലാ മജിസ്ത്രേറ്റുമാർക്കും കമ്മീഷണർമാർക്കും വരികയായിരുന്നു. ഈ വിഭാഗങ്ങൾക്ക് പട്ടികജാതിയാണെന്ന് കാണിക്കുന്ന ജാതി സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ഉത്തരവിലുണ്ടായിരുന്നു.

ഏതെങ്കിലും ജാതികളുടെ ഔദ്യോഗിക നിലയിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അത് നിർദ്ദേശമായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന് മന്ത്രി തവാർ ചന്ദ് ഗെലോട്ട് പറഞ്ഞു. കേന്ദ്രം പ്രസ്തുത നിർദ്ദേശം പരിഗണിച്ച് തീരുമാനമെടുക്കും. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ജാതി സർട്ടിഫിക്കറ്റുകൾ നൽകിയാൽ വിഷയം കോടതിയിലെത്തുമെന്നും മന്ത്രി താക്കീത് നൽകി. പാർലമെന്റിന്റെ അവകാശത്തിന്മേലുള്ള കൈകടത്തലാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും മൂന്നോ നാലോ സമാനമായ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൽ നിന്നും പാർലമെന്റിലെത്തിയിരുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. അവയൊന്നും അംഗീകരിക്കപ്പെടുകയുണ്ടായില്ല. ശരിയായ നടപടിക്രമങ്ങൾ പാലിക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നമുന്നയിച്ച ബിഎസ്പി മെമ്പറും ഇത് പാർലമെന്റിന്റെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 341 (2) പ്രകാരം പട്ടികജാതി പട്ടികയിൽ മാറ്റം വരുത്താൻ പാർലമെന്റിനു മാത്രമേ അധികാരമുള്ളൂ. പ്രസിഡണ്ടിനു പോലുമില്ലാത്ത അധികാരമാണ് സംസ്ഥാന സർക്കാർ പ്രയോഗിച്ചിരിക്കുന്നത്. 17 ജാതികളെ ഒബിസിയിൽ നിന്നും പട്ടികജാതിയിലേക്ക് കൊണ്ടുവരാൻ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നു പറഞ്ഞ മിശ്ര അത് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടാകണമെന്നും വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍