UPDATES

ബീഫ് രാഷ്ട്രീയം

കന്നുകാലികളുടെ പേരില്‍ ബിജെപി ജനാധിപത്യ കശാപ്പ് നടത്തരുത്

ഒന്‍പതാം ക്ലാസ്സില്‍ വച്ച് നിര്‍ത്തിയ ഇറച്ചി കഴിക്കല്‍ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. അത്തരം ഭക്ഷണങ്ങളോടുള്ള വിരോധം രാഷ്ട്രീയമല്ല, മാനസികം മാത്രമാകുമ്പോഴും അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു

കുട്ടിക്കാലം എത്രമാത്രം ആവേശങ്ങളിലൂടെയും കൗതുകങ്ങളിലൂടെയുമാണ് കടന്നു പോയതും ഒഴുകി തീര്‍ന്നതും. നാട്ടിന്‍പുറത്തിന്റെ പല കാഴ്ചകളും രസകരമായ അനുഭവങ്ങളായി ഇന്നും ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ നന്മകള്‍ കൊണ്ട് തന്നെയായിരിക്കാം എന്ന് തോന്നിയിട്ടുണ്ട്. ഗ്രാമത്തില്‍ ഒരു ഞായറാഴ്ച വരാന്‍ എല്ലാവരും കാത്തിരിക്കും, ആ ആഴ്ച ചന്തയില്‍ നിന്ന് വാങ്ങിയ കന്നിനെ അന്നാണ് വയലിന്റെ ഉണങ്ങി മെലിഞ്ഞ ഒരു ചരിവില്‍ വച്ച് വെട്ടാന്‍ തീരുമാനിച്ചിരിക്കുക. ചെല്ലുന്നവര്‍ പണം കൊടുത്ത് പങ്കു വാങ്ങി കറി വച്ച് കഴിക്കും. ഭക്ഷണം എങ്ങനെയാണ് ഒരു സാമൂഹികസാഹോദര്യത്തെയും ഒരുമിച്ചിരിക്കലിനെയും സ്വാധീനിക്കുന്നത് എന്നതിനുള്ള ഉത്തരമായിരുന്നു അത്തരം ഞായറാഴ്ചകള്‍, കാരണം ഇറച്ചി വാങ്ങാന്‍ മാത്രമല്ല ഒരാഴ്ചത്തെ നാട്ടിലെ വിശേഷങ്ങള്‍, രാഷ്ട്രീയം എല്ലാം ആ ഇടങ്ങളില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തുറന്നിട്ടിരുന്നു.

ഒന്‍പതാം ക്ലാസ് വരെ ഇറച്ചി കഴിച്ച ശീലത്തില്‍ നിന്നും അത്ര പെട്ടെന്ന് അവിടെ ഒരു തട രേഖയിട്ട് പെട്ടെന്നൊരു ദിവസം ഇറച്ചി ഭക്ഷണം ഒഴിവാക്കുമ്പോള്‍ പലരും കാരണങ്ങള്‍ അന്വേഷിച്ചിരുന്നു. രുചി എന്ന നാവും കണ്ണും തലച്ചോറും നിയന്ത്രിക്കുന്ന വികാരത്തിന്റെ തേരോട്ടങ്ങള്‍ അവസാനിച്ചു പോയിട്ടൊന്നുമല്ല, പക്ഷെ എപ്പോഴൊക്കെയോ ക്ലാസ്സിലെ അധ്യാപകര്‍ പറഞ്ഞു തന്ന വാക്കുകള്‍, ആവര്‍ത്തിച്ചു കേട്ട കഥകള്‍… ജീവിതത്തിലെ വലിയൊരു തീരുമാനം തീരെ മുന്നൊരുക്കമില്ലാതെയെടുക്കുമ്പോള്‍ ആ വാക്കില്‍ നിന്നു കൊണ്ട് തന്നെ മുന്നോട്ടു പോകാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്നതാണ് അത്ഭതപ്പെടുത്തിയത്. പിന്നീട് ജീവിതം പോലും അത്തരമൊരു രീതിയിലേക്ക് മാറി വന്നപ്പോള്‍ എല്ലാം അതിന്റെതായ വഴിയില്‍ കൂടി തന്നെ സഞ്ചരിക്കണമായിരുന്നു എന്ന് സ്വയം മനസിലായി. ഒരു ഭക്ഷണം കഴിക്കാതിരിക്കാന്‍ തോന്നി അതുപേക്ഷിക്കുന്നതു പോലെ അത്രയും കനപ്പെട്ട ഒരു തീരുമാനം തന്നെയാണ് ഒരു പ്രത്യേക ഭക്ഷണം കഴിക്കും എന്ന് പറയുന്നതും. കഴിക്കാതിരിക്കാന്‍ ഒരു വ്യക്തിക്ക് തീരുമാനമെടുക്കാം എന്നതിനുള്ള അവകാശം ഉള്ളത് പോലെ കഴിക്കാനുള്ള തീരുമാനം എടുക്കാനും മറ്റൊരാള്‍ക്ക് അവകാശമുണ്ട്. അതും ഒരു രാജ്യം മുഴുവന്‍ ഒരു കൂട്ടം മനുഷ്യരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു തടയിടാന്‍ ഒരുങ്ങുമ്പോള്‍.

ബീഫ് നിരോധനം വന്നപ്പോള്‍ മാത്രം ബീഫ് കഴിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായ സുഹൃത്തിനെ ഓര്‍മ്മ വരുന്നു. എന്താണ് മനുഷ്യന്റെ ഭക്ഷണ സ്വാതന്ത്ര്യം? അതിനു പരിധികളുണ്ടോ? രാജ്യത്തിലെ മനുഷ്യര്‍ പലരും പല നേരങ്ങളിലും കൃത്യമായി എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ഒരു രാജ്യം അതിനു പരിഹാരം കാണാന്‍ ശ്രമിക്കാതെ ശേഷിക്കുന്നവരുടെ കൂടി ഭക്ഷണ സ്വാതന്ത്ര്യത്തിനു മേല്‍ കൂച്ചു വിലങ്ങിടുമ്പോള്‍ ഭരണഘടനാ ലംഘനം കൂടിയാണെന്നത് സംശയം ഒന്നുമില്ല. മാനുഷിക നിയമമാണ് അവനവന്റെ വിശപ്പിനുള്ള ഭക്ഷണം കഴിക്കുക എന്നത്, മതിയായ സൗകര്യം ലഭ്യമാകുമ്പോള്‍ അവന്‍ അവന്റെ സ്വാദിനെയും തിരിച്ചറിഞ്ഞ് അത്തരം ഭക്ഷണ രീതിയും ജീവിതത്തിന്റെ ഭാഗമാക്കി. നൂറ്റാണ്ടുകള്‍ കടന്നു വന്നൊരു ഭക്ഷണ സംസ്‌കാരം എത്ര പെട്ടെന്നാണ് കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ ബലിയാടാക്കപ്പെടുന്നത്! പശുവിനെ വധിക്കുന്നതും മാംസം ഭക്ഷിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായിരുന്നെങ്കില്‍ കന്നുകാലികളെ വധിക്കുക എന്നത് കോര്‍പ്പറേറ്റ് ദൈവങ്ങളുടെ നിഗൂഢ നീക്കങ്ങളുടെ ഭാഗമായിരിക്കുന്നു. കാരണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന കശാപ്പ് നിരോധന നിയമം ഇങ്ങനെയാണ് പറയുന്നത്.

കൊല്ലുവാന്‍ വേണ്ടി കന്നുകാലികളെ വാങ്ങരുത്, കാര്‍ഷികാവശ്യങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് തെളിവു സഹിതം ഹാജരാക്കിയ ശേഷം കന്നുകാലിയെ വാങ്ങാം, വാങ്ങിയാല്‍ ആറു മാസത്തിനു ശേഷമേ തുടര്‍ വില്പന പാടുള്ളൂ തുടങ്ങി നിയമങ്ങള്‍ നീളുന്നു. മൃഗസ്‌നേഹികളായ കുറച്ചു പേര് നല്‍കിയ ഹര്‍ജിിയിന്മേല്‍ 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ടിലാണ് പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

വലിയ കണ്ടെയിനര്‍ ലോറികളില്‍ കണ്ണുകളില്‍ മുളക് തേച്ചും ശ്വാസം വിടാന്‍ പോലും നിവൃത്തിയില്ലാത്ത പോലെ വരിഞ്ഞു മുറുക്കി കെട്ടിയുമൊക്കെ ക്രൂരത കാട്ടി നാല്‍ക്കാലികളെ കൊണ്ട് പോകുന്നത് കാണുമ്പോള്‍ മൃഗസ്‌നേഹികള്‍ക്കു മാത്രമല്ല ഹൃദയം ഉള്ള എല്ലാവര്‍ക്കും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും; അത്തരം ക്രൂരതകള്‍ക്കെതിരെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ശ്രമിക്കാതെ ഒറ്റയടിയ്ക്ക് കന്നുകാലികളെ കൊല്ലുന്നത് തന്നെ നിര്‍ത്തലാക്കിയത് രാഷ്ട്രീയ പ്രേരിതമായ ചിന്ത തന്നെ എന്ന് പറയാതിരിക്കാന്‍ ആകില്ല. കന്നുകാലി കശാപ്പ് നിരോധിച്ചിട്ടില്ലെന്നും പൊതു ഇടങ്ങളിലുള്ള കശാപ്പാണ് നിരോധിച്ചതെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്, പക്ഷെ ഏറ്റവും താഴെക്കിടയിലുള്ള കശാപ്പ് തൊഴിലാളികളുടെ ജോലിയില്‍ മണ്ണ് വാരിയിട്ട് ഏതു കോര്‍പ്പറേറ്റ് ഭീമനെയാണ് രാജ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്? വിദേശ രാജ്യങ്ങളെ ഉദാഹരണമായി ചൂണ്ടി കാണിക്കുമ്പോള്‍ അവിടെയുള്ള പല മികച്ച ഉദാഹരണങ്ങളും നമ്മളെന്തേ കാണാതെയും പോകുന്നു?

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നായി പൊറോട്ടയും ബീഫും മാറിയതോടെ വലിയ തലത്തിലാണ് നമ്മുടെ ഭക്ഷ്യ സംസ്‌കാരം തന്നെ മാറിയത്. സ്വാദിന്റെ വലിയൊരു ലോകം മുന്നിലുള്ളപ്പോള്‍ ബീഫ് എന്ന പേരിന്റെ പിന്നിലുള്ള ചതിക്കുഴികള്‍ പോലും നമുക്കൊക്കെ പ്രശ്നമല്ലാതായി മാറി. എന്നാല്‍, ഭക്ഷണം ഒരാളുടെ സ്വകാര്യതയാണ്, തീര്‍ത്തും അയാളുടെ ആവശ്യങ്ങളുടെയും വൈകാരികതകളുടെയും സ്വകാര്യമായ അവകാശം. അത് നിഷേധിക്കപ്പെടുക എന്നാല്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കു മുകളില്‍ സ്വയം ഭരണതലവന്മാര്‍ തന്നെ കത്തി വയ്ക്കുന്നത് പോലെയാണ്. പ്രത്യേകിച്ചും ബിജെപി നയിക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കം നടത്തുമ്പോള്‍ സ്വാഭാവികമായും അതിലുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടും. മൃഗങ്ങളോടുള്ള ക്രൂരതകളുടെ പുറത്തു വേണ്ടിയിരുന്നത് നിരോധനം ആയിരുന്നില്ല, മറിച്ചു നിയന്ത്രണമായിരുന്നു. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയുള്ള നിരോധനങ്ങള്‍ മണ്ടത്തരങ്ങള്‍ എന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനൊപ്പം മാനുഷികമായ വൈകാരികതകള്‍ക്കു മുകളിലുള്ള കടന്നു കയറ്റങ്ങളുമാകും.

ഒന്‍പതാം ക്ലാസ്സില്‍ വച്ച് നിര്‍ത്തിയ ഇറച്ചി കഴിക്കല്‍ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. അത്തരം ഭക്ഷണങ്ങളോടുള്ള വിരോധം രാഷ്ട്രീയമല്ല, മാനസികം മാത്രമാകുമ്പോഴും അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ജനാധിപത്യം എന്നാല്‍ അങ്ങനെയല്ലേ, ഈ ലോകത്ത് ജീവിക്കേണ്ടത് നമ്മളും നമ്മുടെ അതെ ആശയം പേറുന്നവരും മാത്രമാകരുതല്ലോ. സമാന്തര ആശയങ്ങള്‍ പേറുന്നവരുടെ സംസാരങ്ങള്‍ക്കും ഇടങ്ങളുണ്ടാകണം, അവയും ചര്‍ച്ച ചെയ്യപ്പെടുകയും നീതിയുക്തം തീരുമാനങ്ങള്‍ ഉണ്ടാവുകയും വേണം. അത് നടപ്പിലാക്കുക തന്നെയാണ് ജനാധിപത്യം. അല്ലാതെ കോര്‍പ്പറേറ്റ് താല്പര്യങ്ങളോ രാഷ്ട്രീയ താല്പര്യങ്ങളോ പൊതു ജനത്തിന് മുകളില്‍ അടിച്ചേല്‍പ്പിക്കലല്ല. കന്നുകാലികള്‍ക്കും അവകാശങ്ങളുണ്ട്, അവയ്ക്കു മുകളില്‍ ക്രൂരമായ ഇടപെടലുകള്‍ നടത്താതെ തന്നെ അവയെ സംരക്ഷിക്കുകയും ഭക്ഷണാവശ്യങ്ങള്‍ക്കു വേണ്ടി വധിക്കുകയും ആവാം. മാംസ ഭക്ഷണം അത് ഇഷ്ടപ്പെടുന്നവന്റെ സ്വാതന്ത്ര്യമാണ്, ഭരണ ഘടന ഉറപ്പു നല്‍കുന്ന അവകാശവും. അത് നിഷേധിക്കുക എന്നത് ഫെഡറല്‍ നിലപാടില്‍ പ്രവര്‍ത്തിക്കുന്ന ഭാരതം പോലെയൊരു രാജ്യത്തിനു അനഭിലഷണീയമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീ പാര്‍വതി

ശ്രീ പാര്‍വതി

എഴുത്തുകാരി, മാധ്യമപ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍