UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുത്ത ലക്ഷ്യം ‘നിക്കാഹ് ഹലാല’യും ബഹുഭാര്യാത്വവും: മുസ്ലിം ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം

വിവാഹമോചനം ചെയ്ത ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്ന സമ്പ്രദായമാണ് നിക്കാഹ് ഹലാല.

മുത്തലാഖിനു പിറകേ മുസ്ലീം സമുദായത്തിലെ മറ്റു ചില ആചാരങ്ങളെയും എതിർക്കാനുറച്ച് കേന്ദ്ര സർക്കാർ. നിക്കാഹ് ഹലാല, ബഹുഭാര്യാത്വം തുടങ്ങിയ ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന പൊതുതാല്‍പര്യ ഹര്‍ജിയെ സുപ്രീം കോടതിയിൽ അനുകൂലിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നാല് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്രസര്‍ക്കാരിനും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡിനും പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു.

വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഭരണഘടനാ ബഞ്ച് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ലിംഗസമത്വം, നീതി എന്നിവ മുൻനിർത്തി മുത്തലാഖിനെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവികമായും നിക്കാഹ് ഹലാലയേയും ബഹുഭാര്യാത്വത്തേയും എതിര്‍ക്കേണ്ടതാണെന്ന് നിയമമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിവാഹമോചനം ചെയ്ത ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്ന സമ്പ്രദായമാണ് നിക്കാഹ് ഹലാല. ഒരേ സമയം പുരുഷൻ ഒന്നിലധികം ഭാര്യമാരെ പുലർത്തുന്ന രീതിയാണ് ബഹുഭാര്യാത്വം. ഇത് ലിംഗനീതിക്ക് എതിരാണെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്. 2017 ഏപ്രിലില്‍ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല, തുടങ്ങിയവ കാലഹരണപ്പെട്ട ആചാരങ്ങളാണെന്നും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നവയല്ലെന്നും സാമൂഹിക ജനാധിപത്യമെന്ന ലക്ഷ്യത്തിന് വിഘാതം നിൽക്കുന്നവയാണെന്നും പറഞ്ഞിരുന്നു. പുരുഷാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ആചാരങ്ങള്‍ മൌലികാവകാശങ്ങളായ ആർട്ടിക്കിൾ 14-നും 15-നും 21-നും എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.

എന്നാല്‍ ഒറ്റയടിക്കുള്ള മുത്തലാഖ് മാത്രമാണ് നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോകസഭ അംഗീകരിച്ചെങ്കിലും രാജ്യസഭയിൽ പാസായിട്ടില്ല. അതേസമയം, പുതിയ ബില്ലിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയമായ ഇടപെടല്‍ നടത്താനാണ് ബിജെപിയുടെ ശ്രമമെന്ന് ആരോപിക്കുന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്ലിംമത നേതാക്കള്‍ തന്നെ വിഷയത്തില്‍ പരിഹാരം കാണണമെന്ന നിലപാടിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍