UPDATES

പ്രതിപക്ഷത്തെ കുമ്പിടികള്‍ 2019നെ എങ്ങനെ നേരിടാമെന്നാണ് കരുതുന്നത്?

ഓരോ പ്രദേശത്തും, ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കുക, പരമാവധി വിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്നതാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന തന്ത്രം. എന്നാല്‍ ഇതിന് സഹായകമായ നീക്കങ്ങളല്ല രാജ്യസഭയില്‍ കണ്ടത്.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞടുപ്പ് നല്‍കുന്ന സന്ദേശം വ്യക്തമാണ്. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തുടച്ചുനിക്കാന്‍ ശേഷിയുള്ള പ്രതിപക്ഷം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. അത് ചിന്നി ചിതറി കിടക്കുകയാണ്. 2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ മഹാസഖ്യം മുതലുള്ള പ്രതിപക്ഷത്തിന്റെ ശക്തി പ്രകടനങ്ങള്‍ കത്തിയും മങ്ങിയും ഇങ്ങനെ മുന്നോട്ട് പോവുകയാണ്. ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തും, കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടഞ്ഞും അത് മുന്നോട്ട് പോയി. എന്നാല്‍ ഇത്തരം ജയങ്ങള്‍ക്കും ഇഫ്താര്‍ വിരുന്നുകള്‍ക്കും ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷവും മോദി സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിച്ച് കരുത്ത് കാട്ടാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെങ്കില്‍ അത് അവര്‍ക്ക് മുന്നില്‍ ഒരു അപായ സിഗ്നല്‍ തെളിയിക്കുന്നുണ്ട്.

പ്രതിപക്ഷത്തും ഫെഡറല്‍ മുന്നണിയിലും കുറുമുന്നണിയിലും കയ്യാലപ്പുറത്തുമെല്ലാം കാണുന്ന കുമ്പിടിയായ ബിജു ജനതാ ദള്‍ കൂലംഗുഷമായ ആലോചനകള്‍ക്ക് ശേഷം ബിജെപിയ്ക്കുള്ള പിന്തുണ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് ഫോണ്‍ ചെയ്തപ്പോളേക്കും പഴയ സഖ്യകക്ഷി മഞ്ഞ് പോലെ ഉരുകി എന്നാണ് പറയുന്നത്. കയ്യാലപ്പുറത്തെ മറ്റൊരു തേങ്ങയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയുടെ കൊട്ടയിലേയ്ക്ക് വീഴാതെ അവിടെ തന്നെ ഇരിക്കുന്നത് മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത കൊണ്ടൊന്നുമല്ല, മറിച്ച് ആന്ധ്രയോട് കാണിച്ച വഞ്ചനയില്‍ രോഷവുമായി, ബിജെപിയുടെ രക്തത്തിന് ദാഹിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നില്‍ക്കുന്നതുകൊണ്ടാണ്. മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്, പരസ്പരം ‘ദുശ്മനു’കളാണ് ഈ രണ്ട് പാര്‍ട്ടികളാണ്. സത്യത്തില്‍ ആദ്യം അവിശ്വാസ പ്രമേയത്തിന്റെ കാര്യം പ്രഖ്യാപിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആയിരുന്നു. ടിഡിപി, എന്‍ഡിഎ മുന്നണി വിടാതെ ബിജെപിയോടൊപ്പം നിന്നിരുന്നെങ്കില്‍ രാജശേഖര റെഡ്ഡിയുടെ മകന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ടിഡിപിക്കെതിരെ വൈഎസ്ആറും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യവും സുഗമമാകുമായിരുന്നു. എന്നാല്‍ ടിഡിപിയുടെ സമയോചിത ഇടപെടലുകള്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ടിഡിപിയേയും വൈഎസ്ആറിനേയും ഒരേസമയം ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇവിടെയാണ്‌ തിരഞ്ഞെടുപ്പിന് ശേഷം സാഹചര്യം ഒത്തുവന്നാല്‍ പരസ്യമായി സഹകരിക്കാം എന്നും അതുവരെ രഹസ്യമായി സഹായിക്കാം എന്നും ജഗന്‍മോഹന്‍ ധാരണയുണ്ടാക്കിയതായി വിവരങ്ങള്‍ വരുന്നത്. സിബിഐ എന്ന് കേള്‍ക്കുന്നതെ അദ്ദേഹത്തിന് ഇഷ്ടമല്ല.

പ്രണബ് മുഖര്‍ജിയേയും എച്ച്ഡി ദേവഗൗഡയേയും എല്‍കെ അദ്വാനിയേയും സീതാറാം യെച്ചൂരിയേയും ഒരേസമയം ഒപ്പമിരുത്തി ഭക്ഷണം കഴിക്കുന്ന, കഴിപ്പിക്കുന്ന നവീന്‍ പട്‌നായിക് മമത ബാനര്‍ജിയ്‌ക്കൊപ്പം ഫെഡറല്‍ മുന്നണിയെക്കുറിച്ചും ആലോചിച്ചിരുന്നു. എന്നാല്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനായി ഹരിവംശ് നാരായണ്‍ സിംഗിനെ അവരോധിക്കുന്നതിനായി സഹായം തേടിയപ്പോള്‍ തള്ളിക്കളയാനാകാത്ത എന്തെങ്കിലും ഓഫര്‍ മോദിയോ അമിത് ഷായോ നവീന് മുന്നില്‍ വച്ചിട്ടുണ്ടോ എന്നറിയില്ല. അല്ലെങ്കില്‍ തന്നെ മതേതരത്വം സംരക്ഷിക്കുക എന്നതൊന്നുമല്ല കാര്യമെന്ന് നവീന് അറിയാം. 2008ല്‍ കന്ധമാലില്‍ അമ്പതിലധികം ക്രിസ്ത്യാനികളെ ബജ്രംഗ് ദളുകാര്‍ കശാപ്പ് ചെയ്യുകയും നൂറ് കണക്കിന് വീടുകളും പള്ളികളും നശിപ്പിക്കുകയും ചെയ്തപ്പോളും മതേതരത്വം സംരക്ഷിക്കണം എന്ന് അന്ന് ബിജെപിയ്‌ക്കൊപ്പം ഭരിച്ചുകൊണ്ടിരുന്ന നവീന് തോന്നിയില്ല. കുറച്ച് കഴിഞ്ഞാണ് ബിജെപിയുമായി കൂട്ടുകെട്ട് വേണ്ട എന്ന് നവീന് തോന്നിയത്. എന്തായാലും ബിജെഡി തങ്ങളുടെ പഴയ സഖ്യകക്ഷിയുടെ സഹായാഭ്യര്‍ത്ഥന സ്വീകരിച്ച് ആവശ്യം നിറവേറ്റി. പ്രതിപക്ഷത്ത് ഉറച്ചുനില്‍ക്കുന്നതായി പറയുന്ന ഡിഎംകെയുടെ രണ്ട് എംപിമാരും തൃണമൂലിന്റെ ഒരു എംപിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കരുണാനിധിയുടെ സംസ്‌കാരചടങ്ങുകള്‍ക്കിടെ ആര്‍എസ്എസ് തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കുന്ന ഡിഎംകെയ്ക്കും എഐഎഡിഎംകെയെ ഒഴിവാക്കി ബിജെപി വിളിച്ചാല്‍ പോകാന്‍ മടിയുണ്ടാകില്ല. അത് കരുണാനിധി തന്നെ മുമ്പ് തെളിയിച്ചിട്ടുള്ളതുമാണ്.

യുപിയിലെ മൂന്ന് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകള്‍, രാജസ്ഥാനിലെ രണ്ട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകള്‍ ബിഹാറിലേയും മഹാരാഷ്ട്രയിലേയും ഉപതിരഞ്ഞെടുപ്പുകള്‍ – ഇതെല്ലാം പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതും വ്യക്തമായ ദിശാസൂചിയുമാണ്. ഉപതിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് തുടരെതുടരെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുന്നത് പ്രതിപക്ഷത്തിന് മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ആവശ്യമില്ലെന്നും ധാരണകള്‍ മാത്രം മതിയെന്നും തിരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണിയെന്നുമുള്ള നിലപാടുകള്‍ യുക്തിസഹമാണ്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് പരമാവധി എട്ട് മാസം മാത്രം സമയമുള്ളപ്പോളും ഒരു പ്രതിപക്ഷം ഉരുത്തിരിഞ്ഞിട്ടില്ല എന്നത് മോദിയേയും ബിജെപിയേയും സംബന്ധിച്ച് ആശ്വാസകരമാണ്.

രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി സഖ്യകക്ഷി നേതാവിനെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്വന്ത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. എന്നാല്‍ എന്‍സിപിയ്ക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കിലും എന്‍സിപി നേതാവ് വന്ദനെ ചവാന്റെ സ്ഥാനാര്‍ത്ഥിത്വത്തെ നവീന്‍ പട്‌നായികിന്റെ ബിജെഡി എതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. ബിജെഡിയുടേയും ശിവസേനയുടേയും പിന്തുണ വേണമെന്നാണ് ശരദ് പവാര്‍ ആവശ്യപ്പെട്ടത്. ഇതേ ബിജെഡി തന്നെയാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നവരെല്ലാം 2019ല്‍ ബിജെപി ബാന്ധവത്തിനുള്ള സാധ്യത സജീവമാക്കി നിര്‍ത്തുകയാണ്.

പരസ്പരം കടിച്ചുകീറുന്ന കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നാധിഷ്ഠിതമായ ധാരണകളെങ്കിലുമുണ്ടാക്കിയാല്‍ അത് ഉത്തരേന്ത്യയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. എന്നാല്‍ കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ ശത്രുതയും അയിത്തവുമാണ് എഎപിയോട് എന്നാണ് വിവിധ വിഷയങ്ങളിലെ അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലെങ്കിലും എഎപിയുമായി രമ്യതയിലെത്തി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി, ബിജെപിക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അവസാനം പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം പോലെയാകുമോ പ്രതിപക്ഷത്തെ സംബന്ധിച്ച് മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ചോദ്യമുണ്ട്. ഇവരില്‍ ആരാണ് ഹിന്ദുത്വ ഫാഷിസത്തെ ആദ്യം അടിക്കുക എന്ന ചോദ്യത്തില്‍ വലിയ അര്‍ത്ഥമില്ല. ഇവരെല്ലാം ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഓരോ പ്രദേശത്തും, ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കുക, പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്നതാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന തന്ത്രം. എന്നാല്‍ ഇതിന് സഹായകമായ നീക്കങ്ങളല്ല രാജ്യസഭയില്‍ കണ്ടത്.

മോദിയുടെ ധാർമികശുദ്ധി എന്ന തട്ടിപ്പ് പറിച്ചെറിയാന്‍ സമയമായി-ഹരീഷ് ഖരെ എഴുതുന്നു

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍