UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നായിഡു ബിജെപി സഖ്യം വിടുന്നു; ഇന്ന് മന്ത്രിമാരുടെ രാജി; 2019-ന് കളമൊരുങ്ങുന്നു

എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുന്ന തീരുമാനവും ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചനകള്‍

2019 പൊതുതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങൂന്നതിന്റെ സൂചന നല്‍കിക്കൊണ്ട് തെലുങ്കുദേശം പാര്‍ട്ടി ബിജെപി നയിക്കുന്ന എന്‍ഡിഎ വിടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടി.ഡി.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാവിലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്നു രാജി വയ്ക്കും. തെലുങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആന്ധ്രാ പ്രദേശിന് നല്‍കാമെന്നേറ്റിരുന്ന സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ വിസമ്മതിക്കുന്നുവെന്നും ആന്ധ്രയെ അപമാനിക്കുന്ന വിധത്തിലാണ് കേന്ദ്രം പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ടി.ഡി.പി തലവനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി മന്ത്രിമാര്‍ രാജി വയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

എന്‍.ഡി.എയുടെ മറ്റൊരു സഖ്യകക്ഷിയായ ശിവസേന നേരത്തെ തന്നെ തങ്ങള്‍ അടുത്ത നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷികളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് ബിജെപി പെരുമാറുന്നതെന്ന് പഞ്ചാബിലെ ഘടകകക്ഷി അകാലി ദളും പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സഖ്യകക്ഷിയായ ടി.ഡി.പിയും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ലോക്‌സഭയില്‍ 19-ഉം രാജ്യസഭയില്‍ നാലും എം.പിമാരാണ് ടി.ഡി.പിക്ക് ഉള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം കൂടി മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് നായിഡുവിന്റെ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി എന്‍.ഡി.എ സഖ്യകക്ഷിയായി സംസ്ഥാനം ഭരിച്ചിട്ടും പ്രത്യേക സംസ്ഥാന പദവി അടക്കമുള്ളവ നേടിയെടുക്കാന്‍ നായിഡു പരാജയപ്പെട്ടെന്ന് ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നായിഡുവിന്റെ രാഷ്ട്രീയ നീക്കം.

ആന്ധ്ര വിഭജിച്ച് തെലുങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 14-ാം ധനകാര്യ കമ്മീഷന്‍ ശിപാശകള്‍ നടപ്പാക്കിയപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മൂന്ന് മലമ്പ്രദേശ സംസ്ഥാനങ്ങള്‍ക്കും മാത്രമേ പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ സാധിക്കൂ എന്ന നില വന്നു. ഇന്നലെ മാധ്യമങ്ങളെ കണ്ട ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രധാനമായും സൂചിപ്പിച്ചത് ഇതാണ്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും എന്നാല്‍ അതിനനുസരിച്ച് ഫണ്ടുകള്‍ 90:10 ശതമാനം അനുപാതത്തില്‍ നല്‍കാന്‍ കേന്ദ്രം തയാറാണെന്നും വ്യക്തമാക്കിയ ജയ്റ്റ്‌ലി നികുതി ഇളവുകള്‍ ആവശ്യമാണെന്ന നായിഡുവിന്റെ വാദം മറ്റു സംസ്ഥാനങ്ങളും ഉന്നയിക്കുമെന്നതിനാല്‍ സാധ്യമല്ല എന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി, പോളാവരം പദ്ധതി തുടങ്ങിയവയ്ക്ക് 33,000 കോടി രൂപ വീതം അനുവദിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിട്ടും നക്കാപ്പിച്ച മാത്രമാണ് കേന്ദ്രം നല്‍കുന്നതെന്നും പരാതിയുണ്ട്. താന്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 29 തവണ ഡല്‍ഹിയിലെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ ആന്ധ്രയോട് ചെയ്യുന്നതെന്നുമാണ് നായിഡു ആരോപിച്ചത്. വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി സഹമന്ത്രി വൈഎസ് ചൌധരി എന്നിവര്‍ രാജി വയ്ക്കുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിക്കാനായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ ലഭ്യമല്ല എന്നാണ് അറിയിച്ചതെന്നും നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. ആന്ധ്രയില്‍ ടി.ഡി.പിയുടെ സഖ്യകക്ഷിയായ ബിജെപിയുടെ രണ്ടു മന്ത്രിമാരും സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് ഇന്ന് രാജി വയ്ക്കുന്നുണ്ട്.

2004-ല്‍ എ.ബി വാജ്‌പേയി സര്‍ക്കാരില്‍ നിന്നും ടി.ഡി.പി ഇതേ വിധത്തില്‍ ഇറങ്ങിപ്പോയിരുന്നു. അന്ന് ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ തറപറ്റിച്ചാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇപ്പോള്‍ എന്‍ഡിഎ വിടുന്നത് സംബന്ധിച്ച് ഏതാനും ദിവസങ്ങളുടെ കാര്യം മാത്രമേയുള്ളുവെന്നും ബജറ്റ് സമ്മേളനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ നായിഡു തീരുമാനമെടുത്തേക്കുമെന്നുമാണ് ടി.ഡി.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 13-ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്ലീനറി സമ്മേളനം 16 മുതല്‍ നടക്കുന്ന സാഹചര്യത്തില്‍ ഇതിനു മുമ്പായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ യോഗം കരുതപ്പെടുന്നത്. ടി.ഡി.പിയേയും ഈ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുക എന്നാണ് ഇതുവരെയുള്ള സൂചനകള്‍.

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങള്‍ നടക്കുന്നതും പുതിയ സംഭവവികാസങ്ങളുടെ ഭാഗമാണ്. ചന്ദ്രശേഖര റാവുവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഖ്യസാധ്യതകള്‍ തേടിയതും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയുമായി ചര്‍ച്ചകള്‍ നടക്കുന്നതും മൂന്നാം മുന്നണി ശ്രമങ്ങള്‍ക്ക് ശക്തി കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങളെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സോണിയാ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നായിഡു കൂടി ഇതില്‍ പങ്കാളിയാകുമോ എന്നത് അനുസരിച്ചിക്കും 2019-ന്റെ രാഷ്ട്രീയ ഭാവി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍