UPDATES

ട്രെന്‍ഡിങ്ങ്

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിനെ കോണ്‍ഗ്രസ് എക്കാലവും പിന്തുണച്ചിരുന്നു: മന്‍മോഹന്‍ സിംഗ്

20 പ്രതിപക്ഷ പാര്‍ട്ടികളാണ് ചന്ദ്രബാബു നായിഡുവിന്റെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നായിഡുവിന്റെ സമരം പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റൊരു ശക്തിപ്രകടനമായി.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിനെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ന്യൂഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയതായിരുന്നു മന്‍മോഹന്‍ സിംഗ്.

ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാനയും പുതിയ ആന്ധ്രപ്രദേശും രൂപീകരിച്ച സമയത്ത് (2014 ഫെബ്രുവരി) മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ എല്ലാ പാര്‍ട്ടികളും പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തെ പിന്തുണച്ചിരുന്നതായും ഇത് നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പത്ത് വര്‍ഷത്തേയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആന്ധ്രപ്രദേശിന് നല്‍കും എന്നാണ് മന്‍മോഹന്‍ സിംഗ് അന്ന് രാജ്യസഭയില്‍ പ്രഖ്യാപിച്ചത്.


2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയ് വിമര്‍ശനം ആവര്‍ത്തിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഗുജറാത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആന്ധ്രപ്രദേശിന്റെ കാര്യത്തിലും മോദി രാജധര്‍മ്മം പാലിച്ചില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രപ്രദേശിന് അവകാശപ്പെട്ടത് കിട്ടിയില്ലെന്ന് പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച് നായിഡു പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായിരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ ആന്ധ്രയിലെ ജനങ്ങള്‍ക്കൊപ്പമാണ്. മോദി ആന്ധ്രപ്രദേശിന് നല്‍കിയ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. എവിടെപ്പോയാലും മോദി നുണ പറയുകയാണ്. എന്ത് തരം പ്രധാനമന്ത്രിയാണിത്? – രാഹുല്‍ പറഞ്ഞു.

റാഫേല്‍ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് മോദിയെന്നും രാഹുല്‍ പറഞ്ഞു. റാഫേല്‍ കരാറില്‍, പ്രതിരോധ കരാറുകളിലെ അഴിമതിവിരുദ്ധ വ്യവസ്ഥകള്‍ മോദി സര്‍ക്കാര്‍ മറികടന്നത് സംബന്ധിച്ച ദ ഹിന്ദു റിപ്പോര്‍ട്ട് രാഹുല്‍ ചൂണ്ടിക്കാട്ടി.


ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഒരു ദിവസത്തെ ഉപവാസ സമരം. ആന്ധ്രപ്രദേശ് ഭവന് മുന്നില്‍ ‘ധര്‍മ്മ പോരാട്ട ദീക്ഷ’ എന്ന പേരിലാണ് ഒരു ദിവസത്തെ ഉപവാസം. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ ചന്ദ്രബാബു നായിഡുവിന്റെ സമരത്തിന് പിന്തുണയുമായെത്തി.


ഇന്നലെ ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ആന്ധ്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നായിഡുവിനെ കടന്നാക്രമിക്കുകയും നായിഡു തിരിച്ചടിക്കുകയും ചെയ്തിരുന്നു.

20 പ്രതിപക്ഷ പാര്‍ട്ടികളാണ് ചന്ദ്രബാബു നായിഡുവിന്റെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നായിഡുവിന്റെ സമരം പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റൊരു ശക്തിപ്രകടനമായി. ആന്ധ്രപ്രദേശ് വിഭജന സമയത്ത് കേന്ദ്ര സര്‍്ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക സംസ്ഥാന പദവി എന്ന വാഗ്്ദാനം പാലിക്കണമെന്നാണ് നായിഡുവും ടിഡിപിയും ആവശ്യപ്പെടുന്നത്. ഈ വാഗ്ദാനം പാലിക്കാതെ മോദി സര്‍ക്കാര്‍ വഞ്ചിച്ചു എന്ന് ആരോപിച്ചാണ് ടിഡിപി മാര്‍ച്ചില്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുകയും എന്‍ഡിഎ വിടുകയും ചെയ്തത്. തുടര്‍ന്ന് ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ സജീവ സംഘാടകനായി മാറുകയായിരുന്നു ചന്ദ്രബാബു നായിഡു. ആന്ധ്രയില്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നായിഡുവിന്റെ ആഹ്വാനത്തെ തുടര്‍ന്നുണ്ടായത്.

നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നായിഡു നിവേദനം നല്‍കും. ഉത്തരാന്ധ്രയില്‍ നിന്നും റായലസീമയില്‍ നിന്നും പ്രതിഷേധക്കാരെ ഡല്‍ഹിയിലെത്തിക്കുന്നതിനായി രണ്ട് സ്പഷല്‍ ട്രെയിനുകളാണ് ആന്ധ്ര സര്‍ക്കാര്‍ വാടകയയ്‌ക്കെടുത്തിരിക്കുന്നത്. 2013ല്‍ സംസ്ഥാന വിഭജനത്തില്‍ ആന്ധ്രക്ക് തുല്യനീതി ആവശ്യപ്പെട്ട് നായിഡു ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കുകയാണ് ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍