UPDATES

വാര്‍ത്തകള്‍

‘40% വോട്ടിങ് മെഷീനുകൾ ശരിയായി പ്രവർത്തിച്ചില്ല; ഇലക്ഷൻ കമ്മീഷൻ ജോലി ചെയ്യുന്നത് പ്രധാനമന്ത്രിക്കു വേണ്ടി’: ചന്ദ്രബാബു നായിഡു

ഔദ്യോഗിക വിവരങ്ങൾ പ്രകാരം 4,583 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് തകരാറിലായതെന്ന് നായിഡു ചൂണ്ടിക്കാട്ടി.

രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടിയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് തെലുഗുദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പിൽ 40 ശതമാനത്തോളം വോട്ടിങ് മെഷീനുകൾ ശരിയായി പ്രവർത്തിക്കാതിരുന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ കമ്മീഷൻ ഒരു കോമാളിക്കളിയാക്കി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രശ്നത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്ന് ശരിയായ പ്രതികരണമുണ്ടായില്ലെങ്കിൽ താൻ കുത്തിയിരിക്കൽ സമരം നടത്തുമെന്ന് നായിഡു താക്കീത് നൽകി.

സംസ്ഥാനത്തെ നൂറ്റമ്പതോളം പോളിങ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് നായിഡു ആവശ്യപ്പെട്ടു. സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ. എന്നാൽ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതു പ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് നായിഡു പറഞ്ഞു. ‘ഇത് പേക്കൂത്താണ്. രാജ്യത്തെ വലിയ ദുരന്തമാണ്. എല്ലാം താറുമാറായിരിക്കുകയാണ്.’ -ഡൽഹിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഉന്നതോദ്യോഗസ്ഥരെ കണ്ട് തിരിച്ചിറങ്ങിയ നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെലുഗുദേശം പാർട്ടി നേതാക്കൾക്കൊപ്പമാണ് ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാൻ നായിഡു ഡൽഹിയിൽ അടിയന്തിരമായി വിമാനമിറങ്ങിയത്.

സംസ്ഥാനത്ത് വോട്ടിങ് മെഷീനുകൾ വ്യാപകമായി തകരാറിലായതു സംബന്ധിച്ച് പോളിങ് ദിനത്തിൽ തന്നെ നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ഗോപാൽ കൃഷ്ണ ദ്വിവേദ് വോട്ട് ചെയ്ത ബുത്തിൽപ്പോലും മെഷീൻ ശരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

25 പാർലമെന്ററി സീറ്റുകളിലേക്കും 175 അസംബ്ലി സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ആന്ധ്രയിൽ നടന്നത്.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം 4,583 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് തകരാറിലായതെന്ന് നായിഡു ചൂണ്ടിക്കാട്ടി. ഇതൊരു വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍