UPDATES

രാമക്ഷേത്രം പണിയാന്‍ കാത്തിരിക്കുന്നവര്‍ ‘രാവണ’നെ പുറത്തുവിട്ടിരിക്കുന്നു: ചന്ദ്രശേഖര്‍ ആസാദ് മോചിതനാകുമ്പോള്‍

ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് പലിശ സഹിതം കിട്ടിയത് തിരിച്ചുകൊടുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ദലിതരോട് ആവശ്യപ്പെടുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

15 മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം ചന്ദ്രശേഖര്‍ ആസാദിന് ‘ആസാദി’ കിട്ടിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ദലിത് സംഘടനയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ സഹരണ്‍പൂര്‍ ജയിലിന് പുറത്ത് കാത്തുനിന്നിരുന്ന നൂറുകണക്കിന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദലിതര്‍ക്ക് നീതി കിട്ടുന്നത് വരെ പോരാടുമെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് പലിശ സഹിതം കിട്ടിയത് തിരിച്ചുകൊടുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ദലിതരോട് ആവശ്യപ്പെടുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

2017 ജൂണിലാണ് സഹരണ്‍പൂര്‍ കലാപ കേസില്‍ ദേശീയ സുരക്ഷ നിയമം ചുമത്തി ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. ഒളിവിലായിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ ഹിമാചല്‍പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2017 നവംബര്‍ ഒന്നിന് കേസില്‍ അലഹബാദ് ഹൈക്കോടതി ആസാദിന് ജാമ്യം അനുവദിച്ചെങ്കിലും നവംബര്‍ രണ്ടിന് യുപി പൊലീസ് എന്‍എസ്എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍എസ്എ പ്രകാരം 2018 നവംബര്‍ ഒന്ന് വരെ ആസാദിനെ തടവില്‍ വയ്ക്കാമായിരുന്നു. എന്നാല്‍ നേരത്തെ തന്നെ ആസാദിനെ വിട്ടയയ്ക്കാനുള്ള തീരുമാനം രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് എന്നാണ് സൂചന. ബിജെപിക്കെതിരെ ദലിത് രോഷം ശക്തമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് തണുപ്പിക്കാനുള്ള നീക്കമായാണ് ആസാദിന്റെ മോചനം വിലയിരുത്തപ്പെടുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ അമ്മ കമലേഷ് ദേവിയുടെ അപേക്ഷ പ്രകാരമാണ് നടപടിയെന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്. ആസാദിനൊപ്പം എന്‍എസ്എ പ്രകാരം ജയിലിലടയ്ക്കപ്പെട്ട മറ്റ് രണ്ട് പേര്‍ – ശിവകുമാറും സോനുവും ഉടന്‍ ജയില്‍ മോചിതരാകും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മായാവതിയുടേയും ബി എസ് പിയുടേയും പാര്‍ലമെന്ററി രാഷ്ട്രീയ പ്രഭാവം മങ്ങിനില്‍ക്കുന്ന സമയത്താണ് യുപിയിലെ ദലിത് രാഷ്ട്രീയത്തിന് പുതിയ വഴി വെട്ടിത്തുറക്കുമെന്ന അവകാശവാദവുമായി ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി അവതരിക്കുന്നത്. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ശക്തമായ ദലിത് പ്രസ്ഥാനം മുന്നോട്ട് വരുന്ന സമയത്ത് തന്നെയാണ് ഇതും സംഭവിക്കുന്നത്. ജിഗ്നേഷിനെ പോലെ അഭിഭാഷകനാണ് മറ്റൊരു ദലിത് ഐക്കണ്‍ ആയി മാറിയിരിക്കുന്ന ചന്ദ്രശേഖര്‍ ആസാദ്. ഉന്നത വിദ്യാഭ്യാസത്തിനായി 2014ല്‍ യുഎസിലേയ്ക്ക് പോകാനിരുന്ന ചന്ദ്രശേഖര്‍ ആസാദ് പിതാവിന്റെ അസുഖത്തെ തുടര്‍ന്ന് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ദലിതരുടെ അവകാശ സംരക്ഷണത്തിനായി 2016ലാണ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ദലിതര്‍ക്കായി പശ്ചിമ യുപിയില്‍ സ്കൂളുകള്‍ നടത്തുന്നുണ്ട് ചന്ദ്രശേഖര്‍ ആസാദ്. ഡെറാഡൂണിലെ ഡിഎവി പിജി കോളേജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി. ഡെറാഡൂണ്‍ കോടതികളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള കടുത്ത വിവേചനങ്ങളും അക്രമങ്ങളുമാണ് ഭീം ആര്‍മി രൂപീകരിക്കാന്‍ ആസാദിനെ പ്രേരിപ്പിച്ചത്.

ALSO READ: ചന്ദ്രശേഖര്‍ ആസാദ്: സംഘപരിവാറിനെ വിറപ്പിച്ച് പുതിയ ദളിത് നേതാവ് ഉദയം കൊള്ളുമ്പോള്‍

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഷാബിര്‍പൂരില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോടെയാണ് സഹരണ്‍പൂരിലെ സംഘര്‍ഷങ്ങളുടെ തുടക്കം. രവിദാസ് ക്ഷേത്രത്തില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കണമെന്ന ദലിതരുടെ ആവശ്യം സവര്‍ണ ഠാക്കൂര്‍ സമുദായക്കാര്‍ അംഗീകരിച്ചില്ല. പ്രതിമ സ്ഥാപിക്കണമെന്ന് ഒഴിവാക്കണമെന്നാണ് പൊലീസ് ദലിതരോട് ആവശ്യപ്പെട്ടത്. 2017 മേയ് അഞ്ചിന് മഹാറാണ പ്രതാപ് അനുസ്മരണവുമായി ബന്ധപ്പെട്ട് പ്രഠാക്കൂര്‍ സമുദായക്കാര്‍ വലിയ പ്രകടനവും ഘോഷയാത്രയും നടത്തി. അത്യുച്ചത്തില്‍ പാട്ട് വച്ചാണ് ഘോഷയാത്ര ദലിത് മേഖലകളിലൂടെ കടന്നുപോയത്. ഇത് ഇത് ദലിതര്‍ ചോദ്യം ചെയ്തു. സംഘര്‍ഷത്തിലേയ്ക്ക് തിരിഞ്ഞു. വാളുകളും മുളവടികളും നാടന്‍ തോക്കുകളുമായെത്തിയ ഠാക്കൂര്‍ അക്രമിസംഘം ദലിത് വീടുകള്‍ ആക്രമിച്ചു. 55 വീടുകള്‍ കത്തിച്ചു. വീടുകള്‍ക്കുമ മറ്റ് കെട്ടിടങ്ങള്‍ക്കും നേരെ പെട്രോള്‍ ബോംബുകളെറിഞ്ഞു. നിരവധി ദലിതര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടയില്‍ ഒരു ഠാക്കൂര്‍ സമുദായക്കാരന്‍ മരിച്ചു അഞ്ച് ദലിതര്‍ക്കെതിരെ കേസെടുത്തു.

ദിവസങ്ങള്‍ക്ക് ശേഷം അതുവരെ അറിയപ്പെടാതിരുന്ന ഭീം ആര്‍മി എന്നൊരു സംഘടന സഹരണ്‍പൂര്‍ ടൗണില്‍ മഹാപഞ്ചായത്ത് വിളിച്ചു. ഷാബിര്‍പൂരില്‍ ദലിതര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചു. വീണ്ടും സംഘര്‍ഷം. വാഹനങ്ങള്‍ക്ക് തീയിട്ടു. കല്ലേറുണ്ടായി. പൊലീസ് പോസ്റ്റ് തകര്‍ത്തു. ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ചുത്മാല്‍പൂര്‍ സ്വദേശിയായ യുവ അഭിഭാഷകന്‍ ചന്ദ്രശേഖര്‍ ആസാദ് പുതിയ ദലിത് നായകനാകുന്നു. ദലിത് മുന്നേറ്റത്തിന്റെ പുതിയ പ്രതീകമായി ഭീം ആര്‍മി മാറുന്നു. ആസാദും ഭീം ആര്‍മിയും രാജ്യവ്യാപകമായി ശ്രദ്ധ നേടി. രാവണ്‍ എന്ന ആസാദിന്റെ വിളിപ്പേര് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജൂണില്‍ ചന്ദ്രശേഖര്‍ ആസാദിനേയും ഭീം ആര്‍മി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുന്നു. ഒക്ടോബര്‍ 15ന് നേരത്തെ അറസ്റ്റ് ചെയ്ത അഞ്ച് ഭീം ആദ്മി പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്കെതിരെ എന്‍എസ്എ ചുമത്തി. നവംബര്‍ രണ്ടിന് ആസാദിനെതിരെയും എന്‍എസ്എ ചുമത്തി. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനും ജയിലില്‍ അടച്ചതിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ 15 മാസമായി ആസാദിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുകയായിരുന്നു.

ALSO READ: അടിക്ക് തിരിച്ചടി: യുപിയില്‍ ചന്ദ്രശേഖറിന്റെ പുതിയ ദളിത്‌ – അംബേദ്‌കറൈറ്റ് രാഷ്ട്രീയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍