UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രസ്വാമി: ഉപജാപകന്‍, ആത്മീയ വ്യവസായി, വിവാദനായകന്‍….

പ്രധാനമന്ത്രിയായിരിക്കെ നരസിംഹ റാവുവിന്റെ ഉപദേശകനായും ഉപജാപകനായുമെല്ലാം ചന്ദ്ര സ്വാമി നിറഞ്ഞുനിന്നു.

1980-കളിലും 90 കളിലും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത വിധം അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നിറഞ്ഞ് നിന്ന വിവാദ ആത്മീയ വ്യവസായിയും ആള്‍ദൈവവുമായിരുന്നു ചന്ദ്രസ്വാമി എന്നറിയപ്പെട്ട നേമി ചന്ദ്ര ജയിന്‍. പ്രധാനമന്ത്രിയായിരിക്കെ നരസിംഹ റാവുവിന്റെ ഉപദേശകനായും ഉപജാപകനായുമെല്ലാം ചന്ദ്ര സ്വാമി നിറഞ്ഞുനിന്നു. നിരവധി തട്ടിപ്പ് കേസുകള്‍ക്കും ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലായിരുന്നു എന്നും അദ്ദേഹം.

1998-ലാണ് രാജീവ് ഗാന്ധി വധത്തില്‍ ചന്ദ്രസ്വാമിക്ക് പങ്കുള്ളതായാണ് എംസി ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. ലണ്ടനിലെ വ്യവസായിയായ ലഖുഭായ് പഥക് അടക്കമുളളവരില്‍ നിന്ന് പണം തട്ടിയതിന്റെ പേരില്‍ ചന്ദ്രസ്വാമിക്കെതിരെ കേസുണ്ടായിരുന്നു. ലഘുഭായ് പഥക് കേസില്‍ ചന്ദ്രസ്വാമിയെ 1996ല്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നരസിംഹ റാവുവും കേസില്‍ പ്രതിയായിരുന്നെങ്കിലും 2003ല്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. ചന്ദ്രസ്വാമിയുടെ ഡല്‍ഹിയിലെ ആശ്രമത്തില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ ആയുധ ഇടപാടുകാരന്‍ അഡ്‌നാന്‍ ഖാഷോഗിയ്ക്ക് 11 മില്യണ്‍ ഡോളര്‍ പണം കൈമാറിയതിന്റെ ഡ്രാഫ്റ്റ് രേഖകള്‍ കണ്ടെത്തിയിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്, മുന്‍ ഗവര്‍ണര്‍ രമേഷ് ഭണ്ഡാരി, ബ്രൂണെയ് സുല്‍ത്താന്‍, ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഈഷ ഖലീഫ, ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ എന്നിവരുമായെല്ലാം ചന്ദ്രസ്വാമി ബന്ധം സ്ഥാപിച്ചിരുന്നു. ഒരു സാധാരണ ആള്‍ദൈവത്തില്‍ നിന്ന് രാഷ്ട്രയത്തിലെ കിംഗ് മേക്കര്‍ എന്ന നിലയിലുള്ള ചന്ദ്രസ്വാമിയുടെ വളര്‍ച്ചയ്ക്ക് കാരണം നരസിംഹ റാവുവുമായുള്ള അടുപ്പമാണ്. ചന്ദ്രസ്വാമിക്ക് നല്‍കിയ പണം റാവുവിന് വേണ്ടിയായിരുന്നു എന്ന് ലഖുഭായ് പട്ടേല്‍ പറഞ്ഞിരുന്നു. ചന്ദ്രസ്വാമിക്കെതിരെ നടപടിയെടുക്കാന്‍ റാവുവിന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. 1996ല്‍ നരസിംഹ റാവു അധികാരം ഒഴിയുന്നതിന് മുമ്പ് തന്നെ ചന്ദ്രസ്വാമിയെ സിബിഐ അറസ്റ്റ് ചെയ്തു.

അന്ന് നാല് നിലക്കെട്ടിടമായ ചന്ദ്രസ്വാമിയുടെ ഡല്‍ഹിയിലെ ആശ്രമത്തില്‍ പോകുന്നവര്‍ക്ക് നിരീക്ഷണ സംവിധാനം പിന്തുടരുന്നതായി അനുഭവപ്പെടുമായിരുന്നു. എല്ലാ റൂമിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. മൂന്നാം നിലയിലെ തന്റെ സ്വകാര്യ മുറിയിലെ വലിയ സ്‌ക്രീനില്‍ ചന്ദ്രസ്വാമി എല്ലാം കാണും. ചന്ദ്രസ്വാമി സസ്യഭുക്കായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ ശേഷം നടത്തം. പിന്നെ ബോഡി മസാജിംഗ്. അപ്പോയിന്‍മെന്റുകളുടെ കാര്യം സഹായികള്‍ സെല്ലുലാര്‍ ഫോണില്‍ കൈകാര്യം ചെയ്യും. മാസ്റ്റര്‍ ബെഡ്‌റൂമില്‍ തട്ടുള്ള കട്ടില്‍, ഫ്രിഡ്ജ്, ഒരു കപ്പ് ഐസ് ക്രീം, എപ്പോഴും അടിച്ചുകൊണ്ടിരിക്കുന്ന ടെലിഫോണുകള്‍.

ചന്ദ്രസ്വാമിയുടെ ആശ്രമത്തിലെ റെയ്ഡില്‍ 1994ലും 96നും ഇടയ്ക്ക് ആശ്രമത്തിന് ലഭിച്ച 20 ലക്ഷം രൂപ സംഭാവന സംബന്ധിച്ച രേഖകള്‍ സിബിഐ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നുള്ള സംഭാവന 2.07കോടി രൂപ. ഇന്ത്യയ്ക്കകത്ത് നിന്ന് ആകെ 1.27 കോടി രൂപ. വിദേശ സംഭാവനകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളിലേയ്‌ക്കെല്ലാം നീണ്ടു. സംഭാവനകള്‍ നല്‍കിയെന്ന് പറയപ്പെടുന്നവരില്‍ മിക്കവരും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടവരാണെന്ന് കണ്ടെത്തി. റാവു പ്രധാനമന്ത്രിയായിരിക്കെ ചന്ദ്രസ്വാമി ഡല്‍ഹിയില്‍ കെട്ടിപ്പൊക്കിയ ആശ്രമത്തിന് 2.28 രണ്ട് കോടി രൂപയാണ് സുപ്രീംകോടതി കണക്കാക്കിയത്.

താന്‍ നടത്തിയ ആതുരസേവന പ്രവര്‍ത്തനങ്ങളെ പറ്റി ചന്ദ്രസ്വാമി പലപ്പോഴും വാചാലനായി. ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരകള്‍ അടക്കമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായും ലോകത്താകമാനം ഹിന്ദുമതം പ്രചരിപ്പിച്ചതായും ചന്ദ്രസ്വാമി അവകാശപ്പെട്ടിരുന്നു. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളില്‍ ചന്ദ്രസ്വാമിക്ക് പങ്കുണ്ടെന്ന സിബിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിദേശയാത്രാ വിലക്ക് 2009ലാണ് സുപ്രീംകോടതി ഒഴിവാക്കിയത്. 2011ല്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് സുപ്രീംകോടതി ചന്ദ്രസ്വാമിക്ക് ഒമ്പത് കോടി രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷം ഏറെക്കുറെ വാര്‍ത്തകളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്ന ചന്ദ്രസ്വാമി ഏറെക്കാലമായി വ്ൃക്കരോഗ ബാധിതനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍