UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് തൊട്ടു മുമ്പ് ഐഎസ്ആര്‍ഒ ജീവനക്കാരുടെ ശമ്പളം കേന്ദ്രം വെട്ടിക്കുറച്ചു; ഉത്തരവ് പുറത്ത്

ഇക്കാര്യം പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് ശാസ്ത്രഞ്ജര്‍ ഉള്‍പ്പെടെയുള്ളവര്‍ ഐഎസ്ആര്‍ഒ തലവന്‍ കെ. ശിവന് കത്ത് നല്‍കിയിരുന്നു

ചന്ദ്രയാന്‍-2 വിക്ഷേപണവും ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണിത്. സിഗ്നല്‍ ബന്ധം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ പതിച്ച ലാന്‍ഡറിനെ സജീവമാക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആര്‍ഓയിലെ ശാസ്ത്രജ്ഞര്‍. അവസാന നിമിഷം ദൗത്യം പൂര്‍ണമായി വിജയിച്ചില്ലെങ്കില്‍ പോലും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ മിടുക്കും പ്രതിബദ്ധതയും നാസ ഉള്‍പ്പെടെ ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ മുതല്‍ ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടേയും ശമ്പളത്തില്‍ നിന്ന് 10,000 രൂപയോളം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഉത്തരവിന്റെ പകര്‍പ്പ് സഹിതം ഇപ്പോള്‍ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 12-ന് കേന്ദ്ര ധനമന്ത്രാലയം- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസിനു നല്‍കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു: “ആറാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടതിനാലും ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 40 ശതമാനം വരെ നല്‍കുന്ന പെര്‍ഫോമന്‍സ് റിലേറ്റഡ് ഇന്‍സെന്റീവ് സ്‌കീം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിനാലും SD, SE, SF, SG  എന്നീ ഗ്രേഡുകളിലുള്ള ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് ‘അധികമായി നല്‍കുന്ന ഇന്‍ക്രിമെന്റക’ളുടെ രൂപത്തിലുള്ള അധിക ശമ്പളം നിര്‍ത്തലാക്കുന്നു”. ഇത് ജൂലൈ ഒന്നു മുതല്‍ പ്രാവര്‍ത്തികമാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

10,000-15,200 മുതല്‍ 16,400-20,000 വരെയുള്ള ശമ്പള സ്‌കെയിലില്‍ ഉള്ള SD മുതല്‍ SG വരെയുള്ള ഗ്രേഡുകാര്‍ക്ക് രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍ നല്‍കാന്‍ 1996-ലാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഐഎസ്ആര്‍ഓയില്‍ ചേരാനും അവിടെ ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. ഇതാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ നിര്‍ത്തലാക്കുകയാണ് എന്നറിയിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് സ്‌പേസ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സന്തോഷ് കുമാര്‍ ഇതൊരു ആഭ്യന്തര കാര്യമാണ് എന്നു മാത്രമാണ് പ്രതികരിച്ചത്. എന്നാല്‍ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് അസോസിയേഷന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന് കത്ത് നല്‍കിയിരുന്നു. “ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്ന പെര്‍ഫോമന്‍സ് റിലേറ്റഡ് ഇന്‍സെന്റീവ് സ്‌കീമും നല്‍കിക്കൊണ്ടിരുന്ന അധിക ഇന്‍ക്രിമെന്റും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്ന് ഇന്‍സെന്റീവാണെങ്കില്‍ മറ്റൊന്ന് ശമ്പളമാണ്. അതുകൊണ്ട് തന്നെ ഒന്ന് ഒന്നിനു പകരമാകില്ല”, കത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. മണിമാരന്‍ ചൂണ്ടിക്കാട്ടി.

കുറഞ്ഞത് മാസം 10,000 രൂപയെങ്കിലും ഐഎസ്ആര്‍ഓയിലെ ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ കുറവുണ്ടാകും എന്നാണ് ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പസ്രിനോട് പ്രതികരിച്ചത്. ജൂലൈ 15-നായിരുന്നു ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണം ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. അതായത്, ചന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ ഉദ്ദേശിച്ചതിന്റെ 15 ദിവസം മുമ്പായിരുന്നു 90 ശതമാനത്തോളം ഐഎസ്ആര്‍ഒ ജീവനക്കാരുടെ ശമ്പളം 10,000 രൂപ വരെ വെട്ടിക്കുറച്ചത്. കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ ഇക്കാര്യം ജൂലൈ 30-ന് രാജ്യസഭയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ശമ്പളം കൊണ്ടു മാത്രം ജീവിക്കുവരാണ് തങ്ങളെന്നും അത് വെട്ടിക്കുറച്ച നടപടി ശരിയായില്ലെന്നുമുള്ള നിലപാടാണ് ജീവനക്കാര്‍ക്കുള്ളത്. ശാസ്ത്രജ്ഞരുടെ ശമ്പളത്തില്‍ തൊടരുതെന്ന് ആറാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്ന കാര്യവും മണിമാരന്‍ തങ്ങളുടെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍