UPDATES

ഇത് തമാശയല്ല; നിയമങ്ങളില്‍ മാറ്റം വരുത്തിയതുകൊണ്ട്‌ കന്നുകാലിയുടെ പേരിലുള്ള കൊലവിളി അവസാനിക്കില്ല

കന്നുകാലി വ്യാപാരികളേയും ബീഫ് ഉപയോഗിക്കുന്നവരേയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ശക്തമായ നടപടികളാണാവശ്യം

കന്നുകാലി വ്യാപാരികള്‍ ക്രൂരമായി കൊല ചെയ്യപ്പെടുകയും വിവാദമായ കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവ് പല സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതിന് ശേഷമാണ് ഏറെ വൈകി കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച തെറ്റിദ്ധാരണകളും സംശയങ്ങളും നീക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞത്. മേയ് 23 ലെ ഉത്തരവ് ജനങ്ങളുടെ ഭക്ഷണശീലത്തിലും അവകാശങ്ങളും കടന്നുകയറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഹര്‍ഷവര്‍ദ്ധന്‍ തള്ളിക്കളഞ്ഞു.

മാറ്റങ്ങള്‍ പെട്ടെന്ന് കൊണ്ടുവരാനാകില്ല. സുപ്രീംകോടതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ നിയമസാധുത പരിശോധിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, എന്‍ഡിഎയ്ക്കകത്ത് നിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളവും കോണ്‍ഗ്രസ് സര്‍ക്കാരുള്ള മേഘാലയയും ഇത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി. ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മേഘാലയയില്‍ പല ബിജെപി നേതാക്കളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് രാജി വച്ചിരുന്നു.

നിലപാട് മയപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. കശാപ്പ് ശാലകളില്‍ നിന്നും അനുബന്ധ വ്യവസായങ്ങളില്‍ നിന്നും പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ച പ്രതികരണങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. പുതിയ ചട്ടങ്ങള്‍ ബന്ധപ്പെട്ട വ്യവസായങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക ശക്തമാണ്. ബീഫ് വിപണിയെ മാത്രമല്ല, അനുബന്ധ വ്യവസായങ്ങളേയും തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം. വലിയ തോതിലുള്ള തൊഴില്‍ നഷ്ടം പ്രധാനമാണ്. ലോക തുകല്‍ വ്യവസായത്തില്‍ ഉല്‍പ്പാദനത്തിന്റെ 13 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. പൊതുവെ ഐടി അടക്കം പല മേഖലകളിലും കൂട്ടപ്പിരിച്ചുവിടലും തൊഴില്‍ നഷ്ടവുമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ വലിയ ബാദ്ധ്യതയാണ് സര്‍ക്കാരിന് മേല്‍ വരുന്നത്. വിവാദ ഉത്തരവില്‍ മാറ്റം വരുത്തുന്നത് അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാമെങ്കിലും കന്നുകാലി വ്യാപാരികളേയും ബീഫ് ഉപയോഗിക്കുന്നവരേയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ എടുക്കാത്ത പക്ഷം യാതൊരു ഗുണവുമുണ്ടാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍