UPDATES

ലൈംഗികപീഡന പരാതി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മൊഴി നൽകി; ആരോപണങ്ങൾ നിഷേധിച്ചു

കഴിഞ്ഞ ഏപ്രില്‍ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി എത്തിയത്.

തനിക്കെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആഭ്യന്തര സമിതിക്കു മുമ്പാകെ മൊഴി നൽകി. ഉയർന്നിട്ടുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അതെസമയം സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയോട് സഹകരിക്കില്ലെന്ന് പരാതിക്കാരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര സമിതിയിൽ നിന്നും നീതി കിട്ടില്ലെന്ന് തനിക്ക് ഉറപ്പായ സാഹചര്യത്തിലാണ് ഈ നടപടിയെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ സഹകരണമില്ലെങ്കിലും അന്വേഷണവുമായി മുമ്പോട്ടു പോകാനാണ് ഫുൾകോർട്ട് നിശ്ചയിച്ച സമിതി തീരുമാനിച്ചിരിക്കുന്നത്.

ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് പീഡ‍നപരാതിയിൽ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ആഭ്യന്തര സമിതിയുടെ മറ്റംഗങ്ങൾ. സമിതിക്ക് സുതാര്യതയില്ലെന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും ആയതിനാല്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരുടെ പിന്മാറ്റം.

സമിതിക്കു മുമ്പിൽ തന്റെ വക്കീലിനെ കൊണ്ടുചെല്ലാൻ അനുവദിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ മൂന്ന് വാദം കേൾക്കൽ ഇതിനകം തന്നെ നടന്നിട്ടുണ്ട്. സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ സുഹൃത്തായ എൻവി രമണ ഉൾപ്പെട്ടതു തന്നെ സംശയാസ്പദമാണെന്ന നിലപാടിലായിരുന്നു അവർ.

കഴിഞ്ഞ ഏപ്രില്‍ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി എത്തിയത്. 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഇതേ തുടര്‍ന്ന് സുപ്രീം കോടതി അസാധാരണ സിറ്റിംഗ് നടത്തുകയായിരുന്നു.

ഏപ്രില്‍ 23നു പരാതി പരിശോധിക്കാന്‍ ജഡ്ജിമാരുടെ മുന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതില്‍ ജസ്റ്റിസ് എൻവി രമണ, ഇന്ദിര ബാനർജി എന്നിവരായിരുന്നു അംഗങ്ങള്‍. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണ് എന്നു പരാതിക്കാരി ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് പകരം ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തുകയായിരുന്നു.

ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞ് പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍