UPDATES

പ്രളയം 2019

ദുരിതാശ്വാസ നിധിക്കെതിരായ വ്യാജപ്രചാരണം നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യം: മുഖ്യമന്ത്രി

സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ ക്യാമ്പുകളിലും മറ്റുമുണ്ടാകുന്നതിൽ കൃത്യമായി ഇടപെടാൻ പൊലീസിന് കഴിയണം.

ഒന്നുരണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയോര മേഖലകളിലാണ് പ്രധാന ദുരന്തം ഉണ്ടായിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 60 മരണം സ്ഥിരീകരിച്ചു. 1551 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടേകാൽ ലക്ഷം പേർ ക്യാമ്പുകളിലുണ്ട്. അണക്കെട്ടുകളുടെ സ്ഥിതിയിൽ ഇന്നലത്തേതിൽ നിന്ന് നേരിയ വ്യത്യാസമേ വന്നിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റ്യാടി, പെരിങ്ങൽക്കുത്ത്, ബാണാസുര സാഗർ എന്നീ ഡാമുകളിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. വൈദ്യുതിബോർഡിന്റെ പ്രധാനപ്പെട്ട എല്ലാ അണക്കെട്ടുകളും കഴിഞ്ഞ വർ‌ഷം ഇതേസമയം നിറഞ്ഞിരുന്നു. കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷപ്പെടുത്താൻ കേന്ദ്ര സേനയും അഗ്നിശമന സേനയും രംഗത്തുണ്ട്. അഞ്ച് മണ്ണുമാന്തിയന്ത്രങ്ങൾ അവിടെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സേനകളും രംഗത്തുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തന രംഗത്തുള്ളത്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കുന്നതിന് ഇതുപയോഗിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പത്തും പന്ത്രണ്ടും അടി കനത്തിലാണ് മണ്ണ് വീണിരിക്കുന്നത്. മഴയിൽ ഇത് കനത്ത ചെളിയായി മാറിയിരിക്കുന്നു. ഇതാണ് രക്ഷാപ്രവർത്തനത്തിന് വിഘാതമാകുന്നത്. മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇനി എട്ടുപേരെയാണ് അവിടെ കണ്ടെത്താനുള്ളത്. മണ്ണുമാന്തിയന്ത്രങ്ങൾ ഒമ്പതെണ്ണം ഇവിടെയുണ്ട്. മഴ അൽപ്പം മാറിയിട്ടുണ്ട്. ഇന്ന് പുത്തുമലയിലും മേപ്പാറയിലും നല്ല രക്ഷാപ്രവർത്തനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ക്യാമ്പുകൾ പരാതിരഹിതമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സഹായങ്ങളും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്. സന്നദ്ധപ്രവർത്തകർ സംഭരിക്കുന്ന വസ്തുക്കള്‍ ജില്ലകളിലെ കളക്ടിങ് സെന്ററുകളിലാണ് എത്തിക്കേണ്ടത്. ഏതെല്ലാം ക്യാമ്പുകളിൽ എന്തെല്ലാം വേണമെന്ന കണക്കെടുത്ത് അതാതിടങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ ചെയ്തില്ലെങ്കിൽ സാധനങ്ങൾ അനാവശ്യമായി കെട്ടിക്കിടക്കുന്നതിനും പാഴാകുന്നതിനു കാരണമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്യാമ്പിലില്ലാത്തവർ ക്യാമ്പിനകത്ത് കയറുന്നതിന് അനുവാദമില്ല. ക്യാമ്പിലുള്ളവരെ കാണണമെങ്കില്‍ പുറത്തുവെച്ച് കാണാവുന്നതാണ്. ക്യാമ്പിനകത്തേക്ക് തങ്ങളുടെ അടയാളങ്ങളുമായി കടക്കാൻ പാടില്ല. അനാവശ്യമായ അന്തരീക്ഷം ക്യാമ്പുകളിൽ സൃഷ്ടിക്കരുത്. ക്യാമ്പിന്റെ ചുമതല റവന്യൂ വകുപ്പിനാണുള്ളത്.

സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ ക്യാമ്പുകളിലും മറ്റുമുണ്ടാകുന്നതിൽ കൃത്യമായി ഇടപെടാൻ പൊലീസിന് കഴിയണം.

21 ലക്ഷത്തിലധികം വൈദ്യുത കണക്ഷനുകൾ സംസ്ഥാനത്ത് തകരാറിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോളയാർ ഡാം തുറന്നു വിടാനിടയുണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ വെള്ളം കൂടുന്നതിന് ഇത് കാരണമാകും.

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ശക്തമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തിനു പുറത്തു നിന്നാണ് കാര്യമായി വരുന്നത്. ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്. നമ്മുടെ ജനങ്ങളോടും നാടിനോടും സ്നേഹമുള്ള ഒരാളും ഇത്തരമൊരു പ്രചാരണത്തിന് മുതിരില്ല. ഇത്തരം പ്രചാരണങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ചെലവാക്കുക. പാവങ്ങളിൽ പാവങ്ങളായ ദുരിതബാധിതർക്ക് കൈത്താങ്ങാണിത്. പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. ഇതിൽ കുടുങ്ങിപ്പോകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ദുരിതാശ്വസ നിധിക്ക് വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്. ഇതിൽ അസൂയയുള്ളവരുമുണ്ട്. രാഷ്ട്രീയക്കാർ സാധാരണഗതിയിൽ ദുരതാശ്വാസ നിധിക്ക് ലഭിക്കുന്ന പിന്തുണയെ എതിർക്കാതിരിക്കുകയാണ് വേണ്ടത്. എന്നാൽ സാമൂഹ്യവിരുദ്ധമായ രാഷ്ട്രീയ നിലപാടുള്ളവർ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങളും ദൃശ്യമാധ്യമങ്ങളും നല്ല പിന്തുണയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നിലയിലാണ് അവരിത് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍