UPDATES

ശസ്ത്രക്രിയ ഉടൻ നടത്താനാകില്ലെന്ന് ഡോക്ടർമാർ; കുഞ്ഞിന്റെ നില ഗുരുതരം

കുഞ്ഞിനെ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്.

അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ഹൃദയസംബന്ധമായ നിരവധി പ്രശ്നങ്ങൾ കുഞ്ഞിനുണ്ട്. ഇക്കാരണത്താൽ തന്നെ 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 15 ദിവസമാണ് കുഞ്ഞിന്റെ പ്രായം.

കുഞ്ഞിനെ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്. ശിശുരോഗ വിദഗ്ധരുടെ ഒരു സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

മംഗലാപുരത്തു നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സർക്കാർ ഇടപെടൽ നടത്തിയത്. ഇത്രയും ദൂരത്തേക്കുള്ള യാത്ര അപകടകരമെന്ന് മനസ്സിലായായിരുന്നു ഇടപെടൽ. അമൃത ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയായിരുന്നു നീക്കം. ചികിത്സാച്ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.

ഇതിനിടെ കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുന്നതിനെ ആംബുലൻസിന് വഴിയൊരുക്കാന്‍ നേതൃത്വം നൽകിയ ചൈൽഡ് പ്രൊട്ടക്ഷൻ ടീം എതിർക്കുകയുണ്ടായി. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് വലുതെന്ന ആരോഗ്യമന്ത്രി നിലപാടെടുത്തു. മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുകയായിരുന്നു.

18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരമാണ് ചികിത്സാച്ചെലവ് കണ്ടെത്തുക.

‘റോഡിൽ ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ല’

മംഗലാപുരത്തു നിന്നും എറണാകുളം വരെയുള്ള നാനൂറോളം കിലോമീറ്റർ ദൂരം മറികടക്കാൻ എല്ലാവരും സഹകരിച്ചെന്ന് ആംബുലൻസ് ഡ്രൈവർ ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. ഗതാഗത തടസ്സമുണ്ടാകാതെ പൊലീസ് ശ്രദ്ധിച്ചു. കുട്ടിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കാസറഗോഡ് സ്വദേശികളായ സാനിയ, മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ ടീം കേരള എന്ന സന്നദ്ധസംഘടന ഈ ദൗത്യം ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള മാധ്യമങ്ങളെല്ലാം സഹകരണവുമായെത്തി. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചു.

എയർ ആംബുലൻസിനു വേണ്ടി ആവശ്യമുയരുന്നു

മംഗലാപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്. ഒരു മണിക്കൂർ നേരം കൊണ്ട് ആകാശമാർഗം എത്താവുന്ന ദൂരമാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ അഭിപ്രായരൂപീകരണം നടക്കുന്നുണ്ട്. എയർ ആംബുലൻസ് വേണമെന്നാണ് ആവശ്യം.

ഇതേ ആവശ്യമുന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം സെക്രട്ടറി ഡോ. സുൽഫി നൂഹു ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എയർ ആംബുലൻസിലെ അഭാവത്തിൽ അഥവാ എയർ ആംബുലൻസ് വാടകയ്ക്കെടുക്കാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ് .

ഉദ്യമം വിജയിക്കട്ടെ

പക്ഷേ മംഗലപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്.

വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല.

കേരളത്തിൽ ഉടൻ ആരംഭിക്കണം എയർ ആംബുലൻസ് .

നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്.

എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കും .

സൃഷ്ടിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍