UPDATES

വിദേശം

ചിന്ത്യ മോശം ഐഡിയയല്ല; ബോള്‍ മോദിയുടെ കോര്‍ട്ടില്‍

Avatar

വില്ല്യം പെസെക്
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഒരു പതിറ്റാണ്ടുമുമ്പ് സകലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ, പ്രത്യേകിച്ചു നിക്ഷേപകരുടെ, ഒരു വാക്ക് രാഷ്ട്രീയനേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ ജയറാം രമേഷ് സൃഷ്ടിക്കുകയുണ്ടായി. അതാണ്‘ചിന്ത്യ’.

പരസ്പരം മത്സരിക്കുന്ന, അതേസമയം സഹകരിക്കുകയും ചെയ്യുന്ന, ഇന്ത്യയും ചൈനയും കൈകോര്‍ക്കുക എന്ന ആശയം പ്രലോഭനീയവും ചടുലവുമായിരുന്നു. അന്നത്തെ ചൈനീസ് പ്രസിഡണ്ട് ഹൂ ജിന്താവോയും, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വലിയ തോതിലുള്ള ആഭ്യന്തര പരിഷ്കരണങ്ങളും മേഖലാ സഹകരണവും വാഗ്ദാനം ചെയ്തു-പക്ഷേ രണ്ടും നടന്നില്ല. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങളിലെ നേതാക്കള്‍ വീണ്ടും അന്തര്‍മുഖരായി.

ഇപ്പോള്‍ ബീജിങ്ങിലും ന്യൂഡല്‍ഹിയിലും പരിഷ്ക്കരണവാദികള്‍എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളാണ് അധികാരത്തില്‍- ക്സി ജീന്‍ പിങ്ങും, നരേന്ദ്ര മോദിയും. ചിന്ത്യ സങ്കല്‍പം പൂവണിയുമോ? തടസങ്ങള്‍ നിസ്സാരമല്ലെങ്കിലും ക്സിയും മോദിയും തീര്‍ച്ചയായും അതിനു ശ്രമിക്കേണ്ടതുണ്ട്.

70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്വപ്നം കണ്ടത് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. സ്വതന്ത്ര ഇന്ത്യയും ചൈനയും, അമേരിക്കയ്ക്കും, സോവിയറ്റ് യൂണിയനുമൊപ്പം യുദ്ധാനന്തര ലോകശക്തികളായി മാറുമെന്നായിരുന്നു നെഹ്റുവിന്റെ സ്വപ്നം. വലിപ്പംകൊണ്ടുതന്നെ ആഗോള സ്വാധീനം ഏതാണ്ടുറപ്പാക്കുന്നുണ്ട് ഈ രാജ്യങ്ങള്‍. ശക്തികളും ദൌര്‍ബല്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുള്ള പരസ്പര താല്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും പങ്കുവെക്കുന്നതിനായിരിക്കണം ഇരു രാജ്യങ്ങളും ഇനി ശ്രദ്ധയൂന്നേണ്ടത്.

എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല. ചൈനയുടെ പാകിസ്ഥാന്‍ അടുപ്പം ഇന്ത്യയേയും, ജപ്പാന്റെ ദേശീയവാദി നേതാവ് ഷിന്‍സൊ ആബേയുമായി മോദി പുലര്‍ത്താന്‍ ശ്രമിക്കുന്ന സൌഹൃദം ചൈനയേയും അസ്വസ്ഥരാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ചൈനയുമായുള്ള അതിര്‍ത്തി സംരക്ഷണത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ അത്ര സുഖകരമായ ബന്ധമല്ല അടുത്തകാലത്ത് പുലര്‍ത്തിയത്. ഏഷ്യയിലെ തങ്ങളുടെ പിടി കൈവിട്ടുപോകാതിരിക്കാന്‍ അമേരിക്ക, ഇന്ത്യ-ചൈന ബന്ധം ദുര്‍ബ്ബലമാക്കാന്‍ ശ്രമിച്ചേക്കുമെന്ന സാധ്യതയും ഇതോടൊപ്പമുണ്ട്.

പക്ഷേ ചിന്ത്യയുടെ വലിയ സാധ്യതകളാണ് ഈ വഴിക്കു നീങ്ങാന്‍ ക്സിയേയും മോദിയെയും പ്രേരിപ്പിക്കുക. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിനും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ച ഈ ശ്രമങ്ങളുടെ ഭാഗമായിക്കാണാം. ഇരുരാഷ്ട്രങ്ങളുടെയും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത പരസ്പര വാണിജ്യസാധ്യതകളാണ് പ്രധാന ചര്‍ച്ചാ വിഷയമാകേണ്ടത്. സംയുക്തമായി 10 ട്രില്ല്യന്‍ ഡോളറിലേറെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (ജി ഡി പി) ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ വെറും 49.5 ബില്ല്യണ്‍ ഡോളറാണെന്നത് അത്ഭുതപ്പെടുത്തുംവിധം പരിതാപകരമാണ്.

അടുത്ത നീക്കത്തിനുള്ള ചുമതല മോദിയുടേതാണ്. ഇന്ത്യയുടെ വികസന മാതൃക ചൈനക്ക് പിറകിലാണെന്നതിന് സംശയമൊന്നുമില്ല. ജയറാം രമേഷ് തലക്കെട്ടുകളില്‍ നിറയുന്നത് സാമ്പത്തിക വികസനത്തെക്കുറിച്ച് പറഞ്ഞല്ല, കക്കൂസുകള്‍ വേണമെന്ന് പറഞ്ഞാണെന്നത് ഇതിന് തെളിവാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന രമേഷിനെ തുറിച്ചുനോക്കിയിരുന്ന വസ്തുത, ഇന്ത്യയുടെ 120 കോടി ജനങ്ങളില്‍ പകുതിയും വെളിമ്പ്രദേശത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നു എന്നാണ്. ശൌചാലയങ്ങളില്ലാത്ത വീടുകളിലേക്ക് കല്ല്യാണം കഴിച്ചു പോകരുതെന്നുവരെ അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെട്ടു. എല്ലാ വീട്ടിലും ഒരു ശൌചാലയം ഉണ്ടാക്കുമെന്ന് മോദിയും പറയുന്നു. ന്യൂഡല്‍ഹി ശൌചാലയ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടവേ റഷ്യയുമായി 400 ബില്ല്യണ്‍ ഡോളറിന്റെ വാതക കരാറിലാണ് ചൈന ഏര്‍പ്പെടുന്നത്; അവിടെ പൊങ്ങുന്നത് അംബരചുംബികളായ കെട്ടിടങ്ങളാണ്.

എങ്കിലും സാധ്യതകളെക്കുറിച്ച് ആലോചിക്കാം. ചൈനയുടെ തീരനഗരങ്ങള്‍ വളര്‍ച്ചയുടെ പടികളിലാണ്. പക്ഷേ ഉള്‍പ്രദേശങ്ങളിലെ സ്ഥിതി അതല്ല. എന്തുകൊണ്ട് ഇരുരാഷ്ട്രങ്ങളിലെയും തൊഴിലാളികളുള്ള സംയുക്ത സംരഭ പ്രദേശങ്ങള്‍ ഇവിടങ്ങളില്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടാ?ചുവപ്പുനാടയുടെ കുരുക്കഴിക്കുന്നതിന് പുറമെ, പുതിയ റോഡുകളും, തുറമുഖങ്ങളും, പാലങ്ങളും, ഊര്‍ജ്ജ സംരംഭങ്ങളുമാണ് ആഗോളതലത്തില്‍ കൂടുതല്‍ മത്സരക്ഷമത നേടാനായി ഇന്ത്യക്ക് വേണ്ടത്. ചൈനയുടെ കനത്ത മടിശ്ശീല  ഇതിനുള്ള നിക്ഷേപം കണ്ടെത്താന്‍ സഹായകമാവും.

ഇതൊരു പരോപകാരപ്രവര്‍ത്തിയായല്ല കാണേണ്ടത്, മറിച്ച് ഇരുകൂട്ടര്‍ക്കും മെച്ചമുള്ള ഒന്നായാണ്. ജി ഡി പിയില്‍ നിര്‍മ്മാണ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചു ആവശ്യമാണ്. (ഇക്കാര്യത്തില്‍, ചൈനയുടെ കാര്യം വിടാം, എന്തിന് തായ്ലന്‍റിനും, ദക്ഷിണാഫ്രിക്കാക്കും പിന്നിലാണ് ഇന്ത്യ എന്നോര്‍ക്കണം) ബീജിംഗിനാണെങ്കില്‍ പുതിയ വിപണികളും കണ്ടെത്തണം. ചൈനയാകട്ടെ ഇന്ത്യ ഇപ്പോള്‍ കടന്നുവരുന്ന കുറഞ്ഞ ചെലവിലുള്ള നിര്‍മ്മാണത്തില്‍ നിന്നും, സംരഭകതലത്തിലുള്ള സാമ്പത്തിക മാതൃകയിലേക്ക് (ഇന്ത്യയിലുള്ള പോലെ)  കടക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം പങ്കുവെക്കലുകള്‍ പ്രായോഗികവുമാണ്.

ചൈനയും ഇന്ത്യയും തമ്മിലുള്ള ഭിന്നതകളിലാണ് നാം മിക്കപ്പോളും ഊന്നല്‍ കൊടുക്കുന്നത്. കാര്യക്ഷമതയില്‍ ബീജിങ്ങിനുള്ള മിടുക്ക് ഏഷ്യയിലെ ഒന്നും മൂന്നും സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള അകലം എത്രയോ ഇരട്ടിയാക്കുന്നു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തോട് ഇന്ത്യക്കുള്ള ബഹുമാനം ചൈനയുടെ സാമൂഹ്യ-മാധ്യമപ്പേടിയെ വെച്ചുനോക്കുമ്പോള്‍ എത്രയോ മുന്നിലാണ്.

ഇതൊക്കെയായാലും രണ്ടു രാജ്യങ്ങളും ഒരുപാട് സമാനതകള്‍ പങ്കുവെക്കുന്നുണ്ട്: ധനികരും ദരിദ്രരും തമ്മിലുള്ള വളര്‍ന്നുകൊണ്ടേയിരിക്കുന്ന അന്തരം,വളര്‍ച്ചയെ അവതാളത്തിലാക്കുന്ന വ്യാപകമായ അഴിമതി, ലക്കും ലഗാനുമില്ലാത്ത മലിനീകരണം,ഊര്‍ജ്ജത്തിനും, മറ്റ് ചരക്കുകള്‍ക്കുമുള്ള അടങ്ങാത്ത ആവശ്യം, പുറംലോകത്തെ ആശങ്കപ്പെടുത്തുന്ന പൊതുകടം, ആണ്‍-പെണ്‍ അനുപാതത്തിലെ അസന്തുലിതാവസ്ഥ, മതവൈരാഗ്യം, പടിഞ്ഞാറന്‍ നാടുകളോടും പാശ്ചാത്യ സ്ഥാപനങ്ങളോടുമുള്ള അവിശ്വാസം, എല്ലാത്തിനുമുപരിയായി ഒന്നും മാറുന്നില്ല എന്നുറപ്പുവരുത്തുന്ന ശക്തരായ ഉദ്യോഗസ്ഥ പ്രഭുക്കളും.

ബെസ്റ്റ് ഓഫ് അഴിമുഖം

കമ്മ്യൂണിസ്റ്റല്ലാത്ത ചൈനക്കാര്‍

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം

ഉദാരീകരണം വേണ്ടെന്ന്‍ ചൈന പറയുമ്പോള്‍

ഭൂട്ടാന് ഇന്ത്യ മണി കേട്ടണോ?

ഇന്ത്യ ശരിക്കും വികസിക്കുന്നുണ്ടോ?

ഒരു മുന്നറിയിപ്പുണ്ട്: മോദിയും ക്സിയും ഈ കൈകോര്‍ക്കലിന്റെ ഫലങ്ങളെക്കുറിച്ചുള്ള വാചകമടിയില്‍ വീണുപോകരുത്. ക്സി-പുടിന്‍ അഭ്യാസം പോലെ പാശ്ചാത്യ ആക്ഷേപത്തില്‍ ഇത് തീര്‍ന്നുപോയാല്‍ പിന്നെ പ്രതീക്ഷയില്ല. സുരക്ഷാ, സാമ്പത്തിക താത്പര്യങ്ങള്‍ വെച്ചുനോക്കിയാല്‍ വാഷിംഗ്ടണില്‍ ഒരു ശത്രുവിനെ സൃഷ്ടിക്കുന്നത് ഇന്ത്യക്ക് അത്ര ഗുണം ചെയ്യില്ല.

ചിന്ത്യയെ ഒരു സാമ്പത്തിക യാഥാര്‍ത്ഥ്യമാക്കുകയാണ്  ഇരുനേതാക്കള്‍ക്കും ചെയ്യാവുന്നത്. ഇത് അവരുടെ 2.5 ബില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മാത്രമല്ല ആഗോള സമ്പദ് രംഗത്തെയും ഗുണപരമായി സഹായിക്കും.

William Pesek is a Bloomberg View columnist based in Tokyo who writes on economics, markets and politics throughout the Asia-Pacific region.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍