UPDATES

ട്രെന്‍ഡിങ്ങ്

ജെയ്ഷെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന വീണ്ടും വീറ്റോ ചെയ്യുമെന്ന് സൂചന

ജയ്ഷെ മൊഹമ്മദിനെ പരാമർശിച്ച് ഭീകരതയ്ക്കെതിരായി രക്ഷാ കൗൺസിലിൽ ഫ്രാൻസിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പ്രമേയത്തിൽ ചൈന ഒപ്പുവെച്ചിരുന്നു.

യുഎൻ രക്ഷാ കൗൺസിലിൽ ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ തങ്ങൾ വീണ്ടും വീറ്റോ ചെയ്തേക്കുമെന്ന് സൂചന നൽകി ചൈന. നേരത്തെ മൂന്നു തവണ സമാനമായ നീക്കങ്ങളെ ചൈന വീറ്റോ ചെയ്തിട്ടുണ്ട്. ജയ്ഷെ മൊഹമ്മദിനെ പരാമർശിച്ച് ഭീകരതയ്ക്കെതിരായി രക്ഷാ കൗൺസിലിൽ ഫ്രാൻസിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പ്രമേയത്തിൽ ചൈന ഒപ്പുവെച്ചിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്തർദ്ദേശീയ സമൂഹം ഇന്ത്യക്കൊപ്പം നിന്ന ഘട്ടത്തിലായിരുന്നു ഇത്.

ഇത്തരം വിഷയങ്ങളിൽ ഉത്തരവാദിത്തപരമായ സമീപനം ചൈന സ്വീകരിക്കുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ എന്ന് ചൈനീസ് വിദേശാകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും യോജിപ്പുള്ള പരിഹാരമാണ് വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീറ്റോ ചെയ്യുമെന്ന സൂചന തന്നെയാണ് ചൈനയുടെ വാക്കുകളിലുള്ളത് എന്നാണ് അനുമാനിക്കപ്പെടുന്നത്.

ഈയിടെ ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് ക്സ്വാൻയൂ പാകിസ്താൻ സന്ദർശിക്കുകയും പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പട്ടാള മേധാവി ഖമർ ജാവേദ് ബജ്‌വയുമായും ഇദ്ദേഹം ചർച്ച നടത്തുകയുണ്ടായി.

അടുത്ത 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാൻ ഇത്രയും സമയമാണ് ഇനി ബാക്കിയുള്ളത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുരക്ഷാസമിതിയുടെ 1267 അൽ ഖായിദ സാങ്ഷൻ കമ്മറ്റി ചട്ടങ്ങൾക്കു കീഴിൽ കൊണ്ടുവരണമെന്ന പ്രമേയം ഫെബ്രുവരി 27നാണ് ഫ്രാൻസും യുകെയും യുഎസ്സും ചേർന്ന് കൊണ്ടുവന്നത്. പത്ത് ദിവസമാണ് ഇതിനെ എതിര്‍ക്കാനുള്ള സമയമായി നൽകിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍