UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയല്‍വക്കത്തെ വ്യാളിയോട് കുട്ടിക്കളി പോര

ടീം അഴിമുഖം

ജീവിതത്തിലായാലും നയതന്ത്രത്തിലായാലും അനുപാതം എന്നൊരു സംഗതിയുണ്ട്. കഴിഞ്ഞയാഴ്ച്ച ഉയിഗൂര്‍ വിമത നേതാവ് ദോല്കുന്‍ ഇസയ്ക്ക് ധര്‍മ്മശാലയിലെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ ടൂറിസ്റ്റ് വിസ അനുവദിച്ചപ്പോള്‍ ന്യൂ ഡല്‍ഹിയിലെ നയവിശകലന സമൂഹം അതിന് ആര്‍പ്പു വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ചൈനയോടുള്ള ഗുസ്തി പിടിക്കുന്ന നയതന്ത്രം ഇതാ എന്നവര്‍ പ്രകീര്‍ത്തിച്ചു. ജെയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങള്‍ക്ക് വിധേയനാക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട ചൈനയ്ക്കുള്ള എണ്ണം പറഞ്ഞ മറുപടി.

പക്ഷേ, ചൈനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇസയുടെ വിസ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതോടെ ആഘോഷം തിങ്കളാഴ്ച്ച ചീറ്റിത്തീര്‍ന്നു. ജര്‍മന്‍ പാസ്‌പോര്‍ട്ടുള്ള ഇസ ഓണ്‍ലൈനിലൂടെ ഒരു ടൂറിസ്റ്റ് വിസയാണ് നേടിയതെന്നും എന്നാലത് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉള്ളതല്ലെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. ഇസക്ക് വിസ അനുവദിച്ചതിലൂടെ ബീജിങ്ങിനായി ഒരു നയതന്ത്ര സന്ദേശവും നല്‍കാന്‍ ഡല്‍ഹി ശ്രമിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. അതുകൊണ്ടുതന്നെ പിന്‍വലിക്കുന്നതിലൂടെ പിന്നോട്ടുപോക്കുമില്ല. 

ഡല്‍ഹിയുടെ വിശദീകരണം തട്ടിപ്പാണ്. ഒരുകൂട്ടം ചൈനാവിമതര്‍ ഭീകരവാദ പ്രശ്‌നമുള്ള ക്‌സിന്‍ജിയാങ്, ഫാലുന്‍ ഗോങ് സംഘം, ജനാധിപത്യ പ്രവര്‍ത്തകന്‍ ജിയാന്‍ലില യാങ് ഈ മാസം അവസാനത്തോടെ പ്രവാസി ടിബറ്റന്‍ സര്‍ക്കാരുമായി കൂടിക്കാഴ്ച്ച നടത്താന്‍ പോകുന്നു എന്നു പൊതുജനത്തെപ്പോലെ സര്‍ക്കാരിനും അറിയാമായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു സമ്മേളനം നടക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല, അതുകൊണ്ടു തന്നെ ഇസയുടെ വിസ ശരിയായ തരത്തിലുള്ളതാണോ എന്ന വിഷയം വെറും സാങ്കേതികം മാത്രമാണ്. ഭീകരവാദത്തെ കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ബീജിങ്ങ് കണക്കിലെടുക്കാത്തത്തിലുള്ള അമര്‍ഷം അറിയിക്കാന്‍ കൂടിയാണ് ഇത്തരമൊരു സമ്മേളനത്തിന് അനുമതി നല്‍കിയത്. 

എന്നാല്‍ ഇതില്‍ നിന്നും പിന്നോട്ടുപോരാനും ഡല്‍ഹിക്ക് കാരണങ്ങളുണ്ട്. ചൈനയെക്കുറിച്ച് ഇന്ത്യയില്‍ എന്തൊക്കെ പറഞ്ഞാലും ഇന്ത്യന്‍ വിഘടനവാദികള്‍ക്ക് ചൈനയില്‍ വേദികള്‍ നല്‍കാറില്ല. ഹൂറിയത് കോണ്‍ഫറന്‍സ് സമ്മേളനങ്ങള്‍ ബീജിങ്ങില്‍ നടക്കാറില്ല. വടക്കുകിഴക്കന്‍ വിഘടനവാദികള്‍ക്ക് അവിടെ സമ്മര്‍ദ്ദ സംഘങ്ങളുമില്ല. ഇസയുടെ വരവിന് ഇന്ത്യ പച്ചക്കൊടി കാട്ടിയിരുന്നുവെങ്കില്‍ ചൈന സമാന സ്വഭാവമുള്ള തിരിച്ചടികള്‍ നടത്തുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല, അസറിനെതിരായ ഉപരോധത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ താരതമ്യേന നിസാരമാണ്; ലെഷ്‌കര്‍ ഇ-തൊയ്ബയ്ക്കും അല്‍ ഖ്വയ്ദക്കും എതിരായ യു.എന്‍ ഉപരോധങ്ങളൊന്നും ഈ ഭീകരവാദ സംഘങ്ങളെ അത്രയൊന്നും ബാധിച്ചിട്ടില്ല എന്ന അനുഭവവുമുണ്ട്.

ഉപരോധങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശ്രമത്തെ തടയുന്ന ചൈനയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ഒരു വഴി കണ്ടെത്തണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ നേട്ടവും കോട്ടവും തമ്മിലുള്ള കൂട്ടിക്കിഴിക്കല്‍ മാത്രമാകണം അതിന് ആധാരം. ഇസക്ക് വിസ നല്‍കും എന്നത് വ്യാളിയുടെ താടിയില്‍ ഒരു തട്ട് കൊടുക്കുന്ന പോലെയാണ്. നമുക്ക് സംതൃപ്തി നല്‍കുമെങ്കിലും അതിനെ നല്ല പെരുമാറ്റത്തിന് പ്രേരിപ്പിക്കാന്‍ അതൊന്നും ഒരു കാരണമേയല്ല. വ്യാളിയെ മെരുക്കാന്‍ ഇത്തരം ബാലസാഹസങ്ങള്‍ മതിയാകില്ല എന്ന സങ്കടകരമായ ഗതികേടാണ് നമ്മള്‍ ലോകത്തിന് മുന്നില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചത്. അനുപാതത്തെക്കുറിച്ചുള്ള വിവേകം നഷ്ടപ്പെടുമ്പോള്‍ പറ്റുന്ന കുഴപ്പമാണിത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍