UPDATES

ട്രെന്‍ഡിങ്ങ്

മണിരത്‌നത്തിന്റെ ‘കാട്ര് വെളിയിടെ’യില്‍, പാക് പിടിയിലായ സൈനികന്‍ അഭിനന്ദന്റെ പിതാവുമുണ്ടായിരുന്നു

ഇത്തരത്തിലൊരു ഫൈറ്റര്‍ പൈലറ്റിന്റെ കഥയാണ് 2017ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ കാട്ര് വെളിയിടെ എന്ന സിനിമ പറഞ്ഞത്.

പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ ഏഴ് പതിറ്റാണ്ട് നീണ്ട ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷങ്ങളില്‍ പലപ്പോഴായി ആവര്‍ത്തിക്കപ്പെട്ട സമാനമായ അനുഭവങ്ങളിലെ, കഥകളിലെ നായകനാണ്. ഏറ്റവും ഒടുവിലെ ഇര. അഭിനന്ദനെ പോലെ ഇന്ത്യന്‍ വ്യോമസേനയുടെ ധീരരായ പല ഫൈറ്റര്‍ പൈലറ്റുമാരും വിവിധ യുദ്ധ സമയങ്ങളിലും മറ്റ് സംഘര്‍ഷ സമയങ്ങളില്‍ പാക് സൈന്യത്തിന്റെ പിടിയലകപ്പെടുകയും കസ്റ്റഡിയിലും ജയിലിലും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു ഫൈറ്റര്‍ പൈലറ്റിന്റെ കഥയാണ് 2017ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ കാട്ര് വെളിയിടെ എന്ന സിനിമ പറഞ്ഞത്.

1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്താന്‍ സൈന്യത്തിന്റെ പിടിയലകപ്പെട്ട് ജയിലിലാവുകയും വലിയ തോതിലുള്ള പീഡനങ്ങള്‍ക്ക് ശേഷം അതിസാഹസികമായി പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയും ചെയ്ത ഫൈറ്റര്‍ പൈലറ്റായി കാര്‍ത്തിയാണ് അഭിനയിച്ചത്. ഇത് ശരിക്കും സംഭവിച്ചിട്ടുള്ള കാര്യമായിരുന്നു. വരുണ്‍ ചക്രപാണി എന്ന കാര്‍ത്തിയുടെ കഥാപാത്രവും സഹപ്രവര്‍ത്തകരും പാക് ജയില്‍ ചാടുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത് 1971ല്‍ പാക് ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഫ്‌ളൈറ്റ് ലെഫ്.ദീലിപ് പരൂള്‍ക്കറിന്റേയും സുഹൃത്തുക്കളുടേയും കഥയാണ്. റാവല്‍പിണ്ടിയിലെ പ്രിസണ്‍ ഓഫ് വാര്‍ കാമ്പില്‍ (PoW) നിന്നും 1972 ഓഗസ്റ്റ് 13ന് ദിലീപ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് ഹരീഷ് സിന്‍ജി, ഫ്ളൈയിംഗ് ഓഫിസര്‍ മന്‍വീന്ദര്‍ സിംഗ് ഗ്രേവാല്‍ എന്നിവരായിരുന്നു ജയില്‍ ചാടിയത്.

‘ഫോര്‍ മൈല്‍സ് ടൂ ഫ്രീഡം’ എന്ന പേരില്‍ ഫെയ്ത് ജോണ്‍സണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി ഈ സംഭവം നോവല്‍ ആക്കിയിട്ടുണ്ട്. ഈ നോവലില്‍ നിന്നും പ്രചോദനം കൊണ്ടാണു മണിരത്നം കാട്രുവെളിയിടൈ എഴുതിയത്. സിനിമയില്‍ വരുണ്‍ ചക്രപാണി രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയെങ്കില്‍ ജീവിതത്തില്‍ ദിലീപ് പരൂള്‍ക്കറിനേയും സംഘത്തേയും പാക് സൈന്യം പിടികൂടി. പിന്നീടാണ് ഇവരെ പാകിസ്താന്‍ വിട്ടയച്ചത്. മൂന്നു മാസങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്ത്യന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതോടെയാണു ദിലീപും മറ്റുള്ളവരും ഇന്ത്യയില്‍ എത്തുന്നത്. വാഗ അതിര്‍ത്തിയില്‍ ഇവര്‍ക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ പാകിസ്താന്റെ പിടിയിലുള്ള അഭിനന്ദന്റെ പിതാവായ എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്‍ ആണ് ഈ സിനിമയുടെ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചത്.

ഈസ്റ്റേണ്‍ കമാന്റ് ചീഫ് ആയിരുന്ന എസ് വര്‍ത്തമാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോറില്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഓഫീസറായിരുന്നു എസ് വര്‍ത്തമാന്‍. കാര്‍ഗിയില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിറാഷ് 2000 വിമാനങ്ങളുടെ അപ്ഗ്രഡേഷനില്‍ എസ് വര്‍ത്തമാന്റെ അനുഭവസമ്പത്ത് ഉപകാരപ്പെട്ടു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന നടത്തിയ ഓപ്പറേഷന്‍ പരാക്രമിന് വെസ്റ്റേണ്‍ സെക്ടറില്‍ നേതൃത്വം നല്‍കിയത് എസ് വര്‍ത്തമാന്‍ ആയിരുന്നു. 41 വര്‍ഷത്തെ സൈനിക ജീവിതത്തിനിടെ നരവധി പ്രധാന പദവികള്‍ എസ് വര്‍ത്തമാന്‍ വഹിച്ചു. ബംഗളൂരുവില്‍ എയര്‍ക്രാഫ്റ്റ് ആന്‍ഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (എ എസ് ടി ഇ) തലവനായി പ്രവര്‍ത്തിച്ചു.

പരിഹസിക്കേണ്ട, കാട്രുവെളിയിടൈയിലെ ജയില്‍ ചാട്ടം കഥയല്ല; 1971 ല്‍ പാക് ജയിലില്‍ നടന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍