UPDATES

ട്രെന്‍ഡിങ്ങ്

പാക് അധീന കാശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയ മൂന്ന് കേന്ദ്രങ്ങള്‍ ഇവയാണ്‌

1971ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നത്

പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകളില്‍ 12 മിറാഷ് യുദ്ധ വിമാനങ്ങള്‍ 1000 കിലോ ബോംബുകള്‍ വര്‍ഷിച്ച് ജയ്ഷ് ഇ മുഹമ്മദിന്റേത് അടക്കമുള്ള ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും തകര്‍ത്തതായാണ് ഇന്ത്യന്‍ വ്യോമസേനയുടെ അവകാശവാദം. ലഷ്‌കര്‍ ഇ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാമ്പുകളും തകര്‍ത്തതായി ഇന്ത്യ അവകാശപ്പെടുന്നു. അതേസമയം ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താനിലേയ്ക്ക് കടന്നെന്നും പാക് വ്യോമസേന ശക്തമായി തിരിച്ചടി നല്‍കി ഇന്ത്യന്‍ വിമാനങ്ങളെ തിരിച്ചുവിട്ടതായുമാണ് പാക് വാദം.

പ്രധാനമായും മൂന്ന് ഇടങ്ങളിലാണ് ആക്രമണം നടത്തിയത് എന്നാണ് ഇന്ത്യ പറയുന്നത്. പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദ്, ചകോട്ടി, ബലാകോട്ട് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. മുസഫറാബാദിലും ബലാകോട്ടിലും ആക്രമണം ഇന്ത്യന്‍ സൈന്യം എത്തിയതായി പാകിസ്താനും സമ്മതിക്കുന്നു. അതേസമയം ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബലാകോട്ടില്‍ ആക്രമണം നടത്തി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ 1971ന് ശേഷം പാക് അധീന കാശ്മീര്‍ അല്ലാത്ത പാകിസ്താന്‍ പ്രദേശത്ത് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമായിരിക്കും ഇത്. എന്നാല്‍ ഇന്ത്യ നിയന്ത്രണരേഖ മാത്രമേ ലംഘിച്ചിട്ടുള്ളൂ എന്നും പാകിസ്താന്‍ പ്രദേശത്ത് പാക് അധീന കാശ്മീരിന് അപ്പുറത്തേയ്ക്ക കടന്നിട്ടില്ലെന്നുമാണ് ഇരു സൈന്യങ്ങളും പറയുന്നത്. ഇപ്പോള്‍ ആക്രമണം നടത്തിയത് പൂഞ്ച് സെക്ടറിന് സമീപമുള്ള പാക് അധീന പ്രദേശമായ ബലാകോട്ടിലാണെന്നാണ് വിശദീകരണം.

21 മിനുട്ട് ആക്രമണം നീണ്ടുനിന്നു. പുലര്‍ച്ചെ 3.45ന് ബലാകോട്ടില്‍. 3.48നും 3.55നുമിടയില്‍ മുസാഫറാബാദില്‍. 3.58നും 4.04നുമിടയില്‍ ചക്കോട്ടിയില്‍. ബലാകോട്ടില്‍ ജയ്ഷ് ഇ മുഹമ്മദും ലഷ്‌കര്‍ ഇ തയിബയും ഹിസ്ബുള്‍ മുജാഹിദീനും ചേര്‍ന്ന് നടത്തുന്ന കാമ്പുകള്‍ ആക്രമിച്ചു. ലോഞ്ച് പാഡുകള്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു. ഭീകര കാമ്പുകളിലുണ്ടായിരുന്നവരെ വധിച്ചു. ഇരുനൂറിനും മുന്നൂറിനും ഇടയ്ക്ക് ഭീകരരെ വധിച്ചതായി ഇന്ത്യ അവകാശപ്പെടുന്നു.

അതേസമയം പ്രത്യാക്രമണത്തിന്റെ പരിഭ്രാന്തിയില്‍ ഇന്ത്യന്‍ വിമാനങ്ങളിലെ ആയുധങ്ങള്‍ ബലാകോട്ടില്‍ വീണതായാണ് പാക് സൈനിക വക്തമാവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചത്. പാകിസ്താന്‍ ഈ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് ആക്രമണം വിശദീകരിച്ച് ഇന്ത്യന്‍ സൈന്യവും രംഗത്തെത്തിയത്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്നു എന്ന കാര്യം ഇരു സൈന്യങ്ങളും സമ്മതിക്കുന്നു. പാക് അധീന കാശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. മുസാഫറാബാദ് സെക്ടറില്‍ ആക്രമണം നടത്തിയതായി ഇന്ത്യ പറയുന്നു. മുസാഫറാബാദില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ എത്തിയതായി പാകിസ്താനും സമ്മതിക്കുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. പാകിസ്താന് മോദി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കിയിരുന്നു. ഇമ്രാന്‍ ഖാന്‍ സമാധാന വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറിയതായി മോദി ആരോപിച്ചപ്പോല്‍ സമാധാനം സ്ഥാപിക്കാന്‍ സമയം തരൂ എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഭരണവിരുദ്ധ വികാരത്തില്‍ പ്രതിരോധത്തിലായ മോദി സര്‍ക്കാരിന് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പിന്തുണ ലഭിച്ചിരുന്നെങ്കിലും പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ ഇന്റലിജന്‍സ് – സുരക്ഷാ വിഴ്ചളുമായി ബന്ധപ്പെട്ട് സര്‍്ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. കാശ്മീരില്‍ പൊലീസിന്റെ ഇന്റലിജന്‍സ് ഇന്‍പുട്ട് ആക്രമണത്തിന് ഒരാഴ്ച മുമ്പ് സിആര്‍പിഎഫിനും ആര്‍മിക്കുമെല്ലാം ലഭിച്ചിട്ടുള്ള കാര്യം വ്യക്തമാണെങ്കിലും നടപടിയോ മുന്‍കരുതലോ ഉണ്ടാക്കാത്തത് നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സത്യപാല്‍ മാലിക് അടക്കമുള്ളവര്‍ സുരക്ഷാവീഴ്ചയെ വിമര്‍ശിച്ച് രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണ സമയത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു എന്ന ആരോപണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍