UPDATES

വാര്‍ത്തകള്‍

ക്ലീന്‍ ചിറ്റുകള്‍, പക്ഷപാതപരമായ തീരുമാനങ്ങള്‍; അവസാനിക്കുന്നത് കമ്മീഷന്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം നേരിട്ട തെരഞ്ഞടുപ്പ്

കമ്മീഷന്റെ പല തീരുമാനങ്ങളും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടയാക്കി.

രണ്ടര മാസം നീണ്ടുനിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരായ പരാതിയില്‍ കൈക്കൊണ്ട നടപടികള്‍ മുതല്‍ പ്രചാരണം വെട്ടിച്ചുരുക്കിയത് അടക്കമുള്ള നടപടിയില്‍ വരെ കമ്മീഷന്‍ പക്ഷപാതപരമായി ഇടപെട്ടുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് കേള്‍ക്കേണ്ടി വന്നു. കമ്മീഷന്റെ തീരുമാനത്തിനെതിരെ കമ്മീഷനിലെ തന്നെ അംഗം വിയോജിച്ചതും വലിയ വാര്‍ത്തയായി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപപരമായി പെരുമാറുന്നുവെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിലടക്കം കേന്ദ്ര ഭരണകക്ഷിയെ സഹായിക്കുന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചതെന്നായിരുന്നു ആക്ഷേപം.

പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ എടുത്ത നടപടികളാണ് ഏറ്റവും വിമര്‍ശിക്കപ്പെട്ടത്. പ്രധാനമന്ത്രി മോദിയും അമിത് ഷായും നടത്തിയ വര്‍ഗീയ ചുവയുള്ള എന്ന് ആരോപിക്കപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ് വിമര്‍ശിക്കപ്പെട്ടത്. അഞ്ച് പരാതികളാണ് മോദിക്കെതിരെ ഉണ്ടായത്. ആദ്യം പരാതികളില്‍ തീരുമാനമെടുക്കുന്നത് കമ്മീഷന്‍ വൈകിപ്പിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. വര്‍ഗീയ ചുവയുള്ള പ്രസ്താവനകള്‍ക്ക് പുറമെ സൈന്യത്തെയും വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിച്ചു.

മായവതിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിദ്വേഷ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍ പ്രചരണത്തില്‍നിന്ന് വിലക്കിയിരുന്നു. നാളെത്തെ വോട്ടിങ്ങിന് മുമ്പ് പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങിനെതിരായുള്ള പരാതികളിലും കമ്മീഷന്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. പെരുമാറ്റ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 500 ഓളം പരാതികളാണ് കമ്മീഷന് ലഭിച്ചത്.

പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട തീരുമാനത്തോട് വിയോജിച്ച കമ്മീഷന്‍ അംഗം അശോക് ലവാസ, വിയോജനക്കുറിപ്പ് ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്മീഷന്റെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന വാര്‍ത്തയും ഇതോടൊപ്പം പുറത്തുവന്നു.

ബംഗാളില്‍ മമതാ ബാനാര്‍ജിയും ബിജെപിയും തമ്മിലുള്ള പോര് മുറുകിയതിനെ തുടര്‍ന്ന് എടുത്ത നടപടികളാണ് കമ്മീഷനെ വിവാദത്തിലാക്കിയത്. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുകയും വ്യാപകമായ ആക്രമണം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം വെട്ടിക്കുറക്കുന്ന അസാധാരണ നടപടിയും കമ്മീഷന്‍ സ്വീകിരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് റാലികള്‍ തടസ്സം കൂടാതെ നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചതെന്ന് വ്യാപകമായ ആരോപണമുണ്ടായി. കമ്മീഷന്റെ അസാധാരണ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തുവരികയും ചെയ്തു.

വിവിപാറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സ്വീകരിച്ച സമീപനവും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തെ ഫലം വൈകുമെന്ന വാദം ഉയര്‍ത്തിയാണ് കമ്മീഷന്‍ കോടതിയില്‍ നേരിട്ടത്. ഒരു നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംങ് യന്ത്രത്തിലെ വിവിപാറ്റുകള്‍ എണ്ണാനാണ് ഒടുവില്‍ സുപ്രിം കോടതി ഉത്തരവിട്ടത്.

ഏറ്റവും കൂടുതല്‍ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തതും ഈ തെരഞ്ഞെടുപ്പ് കാലത്താണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, കമ്മീഷന്‍ 3439 കോടി രൂപയുടെ അനധികൃത പണമാണ് പിടിച്ചെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ തുക തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തത്. 950 കോടി രൂപ. ഗുജറാത്തില്‍നിന്ന് 552 കോടി രൂപ അനധികൃതമായി കണ്ടെത്തിയപ്പോള്‍ ഡല്‍ഹിയില്‍നിന്ന് 426 രൂപയും കമ്മീഷന്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ വെല്ലുരില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതും ഈ തെരഞ്ഞെടുപ്പിനിടെയായിരുന്നു.

Read More: സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍