UPDATES

വായിച്ചോ‌

‘Clean the Nation’ ഫേസ്ബുക്ക് ഗ്രൂപ്പ്: വിമർശകരെ ‘രാജ്യദ്രോഹികളെ’ന്നാരോപിച്ച് ജോലി കളയിക്കാന്‍ സംഘപരിവാറിന്റെ സോഷ്യൽ മീഡിയ സംരംഭം

നാൽപ്പത്തിരണ്ട് മെമ്പർമാരാണ് ഈ ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തകർ. ഇവരിൽ എൻജിനീയറിങ് വിദ്യാര്‍ത്ഥികളും സംരംഭകരും, ആർഎസ്എസ്സിന്റെ പ്രവർത്തകരുമെല്ലാം ഉണ്ട്.

ജമ്മു കശ്മീരിലെ പുൽവാമയിൽ നാൽപ്പതോളം സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം പ്രസ്തുത സംഭവത്തെ തീവ്രദേശീയത വളർത്താൻ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെക്കുറിച്ച് റിപ്പോർട്ടുകൾ വരുന്നു. “Clean the Nation” എന്ന പേരിൽ തുടങ്ങിയിട്ടുള്ള ഇത്തരം ഗ്രൂപ്പുകളിലൊന്നിൽ നടക്കുന്ന പ്രവർത്തനം, ‘ദേശദ്രോഹികൾ’ എന്ന് ഇക്കൂട്ടർ വിളിക്കുന്നയാളുകളുടെ ജോലി കളയിക്കലും പഠനം മുടക്കലുമാണ്. മധൂർ സക്ക് സിങ് എന്നയാളാണ് ഈ ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തകരിലൊരാൾ.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശന വിധേയമാക്കുന്ന ആരെയും റിപ്പോർട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഇയാൾ ഒരു ഫേസ്ബുക്ക് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വീഡിയോയിൽ ഇപ്രകാരം പറയുന്നു: “പ്രൊഫൈൽ ചിത്രം മാറ്റുകയും മെഴുകുതിരി ജാഥകൾ നടത്തുകയുമല്ല ഇപ്പോൾ ചെയ്യേണ്ടത്. നിങ്ങളുടെ ജവാന്മാരെ നോക്കി ചിരിക്കുന്നവർ ആരൊക്കെയാണെന്ന് തിരിച്ചറിയുക. ആരോക്കെയാണ് അത് ആഘോഷിക്കുന്നതെന്ന് മനസ്സിലാക്കുക. അവരുടെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുക. വിദ്യാർത്ഥികളാണെങ്കിൽ അവരുടെ സർവ്വകലാശാലകളുമായി ബന്ധപ്പെടുക. അവർക്ക് മെയിലുകളയയ്ക്കുക. നേരിട്ട് വിളിക്കുക. അവരുടെ ജോലി കളയിക്കുക. പഠനം മുടക്കുക.” ഈ വീഡിയോയിൽ മധൂർ സക്ക് സിങ് ധരിച്ചിട്ടുള്ള ടീ ഷർട്ടിന് ഒരു പ്രത്യേകതയുണ്ട്. കശ്മീരി യുവാവിനെ വണ്ടിക്കു മുമ്പിൽ കെട്ടിയിട്ട് ഓടിച്ചുപോയ വിവാദ സംഭവത്തെയാണ് ഷർട്ടിൽ ചിത്രീകരിച്ചിട്ടുള്ളത്.

നാൽപ്പത്തിരണ്ട് മെമ്പർമാരാണ് ഈ ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തകർ. ഇവരിൽ എൻജിനീയറിങ് വിദ്യാര്‍ത്ഥികളും സംരംഭകരും, ആർഎസ്എസ്സിന്റെ പ്രവർത്തകരുമെല്ലാം ഉണ്ട്. ഇക്കൂട്ടത്തിൽ അങ്കിത് ജെയിൻ എന്ന കക്ഷിയുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇയാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്.

ട്വിറ്റർ ഇടതുപക്ഷ ചായ്‌വോടെ പ്രവർത്തിക്കുന്നുവെന്ന പ്രചാരണം ഈയിടെയാണ് സംഘപരിവാർ നടത്തിയത്. ഈ പ്രചാരണത്തിന് ചുക്കാൻ പിടിച്ചയാളാണ് അങ്കിത് ജയിൻ.

ഒരു കുറിപ്പ് ഗ്രൂപ്പിന്റെ മിഷനായി നൽകിയിട്ടുണ്ട്. ഇതിൽ പറയുന്നതു പ്രകാരം ആന്റി നാഷണൽസ് ആയവരെ കണ്ടെത്തി രാജ്യത്തെ ‘ക്ലീൻ’ ആക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ത്യൻ പൗരന്മാരായി നിലനിന്ന് ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നവരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഗ്രൂപ്പിന്റെ അഡ്മിന്മാരിലൊരാളായ അശുതോഷ് വസിഷ്ഠ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരവും ഏറ്റവും മികച്ച പട്ടാളവും ഇന്ത്യയുടേതാണെന്നും ഇയാൾക്ക് അഭിപ്രായമുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമൊത്ത് നിൽക്കുന്ന ചിത്രമാണ് ഇയാൾ പ്രൊഫൈൽ ചിത്രമായി വെച്ചിരിക്കുന്നത്.

വിദേശ ശത്രുക്കൾക്കെതിരെ ഇന്ത്യൻ ആർമി സർജിക്കൽ സ്ട്രൈക്ക് നടത്തുമ്പോൾ രാജ്യത്തിനകത്തെ ശത്രുക്കൾക്കെതിരെ സകർജിക്കൽ സ്ട്രൈക്ക് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് പേജില്‍ നൽകിയിട്ടുള്ള കുറിപ്പിൽ പറയുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 5,400 വരെയെത്തിയിരുന്നു. രാത്രിയോടെ ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടു. ഇത് അഡ്മിന്മാർ തന്നെ ചെയ്തതാണോ അതോ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ആരെ രണ്ടു ദിവസത്തോളമാണ് ആയുസ്സുണ്ടായതെങ്കിലും ഇതിനിടയിൽ അമ്പതിലധികം പേർക്കെതിരെ തങ്ങൾ പരാതി നൽകിയതായും ഇതിൽ വിജയം കൈവരിച്ചതായും ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. ഗുവാഹട്ടിയിലെ ഒരു പ്രൊഫസർ, മണിപ്പൂരിലെ ഒരു മാധ്യമപ്രവർത്തകർ, രാജസ്ഥാനിലെ കശ്മീരി വിദ്യാർത്ഥികൾ, ഉത്തരാഖണ്ഡിലെ കശ്മീരി വിദ്യാർത്ഥികൾ തുടങ്ങിയ നിരവധി പേരെ തങ്ങൾ ലക്ഷ്യം വെച്ചതായി ഗ്രൂപ്പ് അവകാശപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഈ സംഭവങ്ങളെല്ലാം വാർത്തയാകുകയും ചെയ്തിരുന്നു.

കൂടുതല്‍ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍