UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗീത മിത്തൽ അടുത്ത ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ്; 7 ഹൈക്കോടതികൾക്ക് ചീഫ് ജസ്റ്റിസ്സുമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ കൊളീജിയം ജനുവരി 10നാണ് കെഎം ജോസഫിനെ ജഡ്ജിയാക്കണമെന്ന നിർദ്ദേശം വെച്ചത്.

മാർച്ച് 15ന് ബിഡി അഹ്മദ് വിരമിച്ചതിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് ഗീത മിത്തലിനെ നിയമിക്കണമെന്ന് കൊളീജിയം നിർദ്ദേശിച്ചു. ഇവർ നിലവിൽ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്സാണ്.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായി രാജേന്ദ്ര മേനോനെ കൊളീജിയം ശുപാർശ ചെയ്തു. വികെ താഹിൽരമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സാക്കാനും ശുപാർശ നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതിയിലേക്ക് ഋഷികേശ് റോയിയും, ഒഡിഷ ഹൈക്കോടതിയിലേക്ക് കെഎസ് ഝാവരിയും ജാർഖണ്ഡ് ഹൈക്കോടതിയിലേക്ക് അനിരുദ്ധ ബോസ്സും പാറ്റ്ന ഹൈക്കോടതിയിലേക്ക് എംആർ ഷായും ചീഫ് ജസ്റ്റിസ്സുമാരായി നിയമിക്കപ്പെടും. ഋഷികേശ് റോയ് നിലവിൽ കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ്സാണ്.

കെഎം ജോസഫ്

കേന്ദ്ര സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി, ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന തീരുമാനം കൊളീജിയം ഉറപ്പിച്ചാവർത്തിച്ചു. കെഎം ജോസഫ് പ്രസ്തുത സ്ഥാനത്തിന് അനുയോജ്യനാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി രവിശങ്കർ പ്രസാദ് കൊളീജിയത്തിന് മറുപടി നൽകിയിരുന്നു. ജോസഫ് അനുയോജ്യനാണെന്നതിന് വിരുദ്ധമായ യാതൊന്നും തങ്ങൾക്ക് കണ്ടെത്താനായില്ലെന്ന് കൊളീജിയം വ്യക്തമാക്കി.

ജൂലൈ 16ന് ചേർന്ന കൊളീജിയം യോഗത്തിലാണ് ഈ തീരുമാനം വന്നത്. നിയമമന്ത്രിയുടെ കത്തിലെ ഓരോ കാര്യങ്ങളും വിശദപരിശോധനയ്ക്ക് വിധേയമാക്കിയെന്നും, കെഎം ജോസഫിനെ ജഡ്ജിയാക്കണമെന്ന തങ്ങളുടെ നിർദ്ദേശത്തെ പിൻവലിക്കാൻ തക്കതായി യാതൊന്നും കണ്ടെത്തിയില്ലെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ കൊളീജിയം ജനുവരി 10നാണ് കെഎം ജോസഫിനെ ജഡ്ജിയാക്കണമെന്ന നിർദ്ദേശം വെച്ചത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ഇദ്ദേഹം ബിജെപിക്ക് അനഭിമതനായതിനാല്‍ എങ്ങനെയെങ്കിലും ജഡ്ജിയാകുന്നത് തടയുകയോ, ചുരുങ്ങിയത് നിയമനം വൈകിക്കുകയോ വേണമെന്ന ഉദ്ദേശ്യത്തോടെ പ്രസ്തുത നിർദ്ദേശം തിരിച്ചയച്ചു. അതെസമയം, നിരവധി എതിരഭിപ്രായങ്ങൾക്കിടെ ബിജെപിക്ക് താൽപര്യമുള്ള ഇന്ദു മൽഹോത്രയുടെ നിയമനത്തിന് പിന്തുണ നൽകുകയും ചെയ്തു.

ദീപക് മിശ്രയെക്കൂടാതെ രഞ്ജൻ ഗോഗോയ്, മദൻ ബി ലോകൂർ, കുര്യൻ ജോസഫ്, എകെ സിക്രി എന്നിവരാണ് കൊളീജിയത്തിലുള്ളത്. ഇവർ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സാരൺ എന്നിവരെയും ജഡ്ജിമാരാക്കാൻ ഇതോടൊപ്പം നിർദ്ദേശം വെച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍