UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്: അർവിന്ദ് കെജ്രിവാളിന്റെ ഇനിയുള്ള ദിനങ്ങൾ

വരാനിരിക്കുന്ന ദിനങ്ങൾ എഎപിയെ സംബന്ധിച്ചും അതിന്റെ നേതാക്കളെ സംബന്ധിച്ചും കൊടിയ പരീക്ഷണങ്ങളുടേതായിരിക്കും.

കോൺഗ്രസ്സുമായി സഖ്യം ചേരാൻ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി പാർട്ടി എൻഡിഎ സഖ്യത്തോട് ദയനീയമായി പരാജയപ്പെടുന്ന വിവരമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ആംആദ്മി പരാജയം ആവർത്തിക്കും. ആംആദ്മിക്ക് രാജ്യത്തെവിടെയും നിൽക്കക്കള്ളി ലഭിക്കാനിടയില്ലെന്നും സൂചനകളുണ്ട്. പഞ്ചാബിൽ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും.

ഡല്‍ഹി കോൺഗ്രസ്സിലെ ചില നേതാക്കളും ആംആദ്മിയുടെ നേതാക്കളും ഈ പരാജയത്തെ നേരത്തെ തന്നെ കണ്ടിരുന്നു. ആംആദ്മി പാർട്ടിയുമായി സഖ്യമില്ലെങ്കിൽ താൻ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ്സ് നേതാവ് അജയ് മാക്കൻ പ്രസ്താവിക്കുക വരെയുണ്ടായി. എന്നാൽ ഷീല ദീക്ഷിത് അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ നിലപാടിനോട് വിയോജിച്ചു. ആംആദ്മി പാർട്ടി വിരുദ്ധ വികാരം ഇപ്പോഴേ സൃഷ്ടിച്ചെടുത്തില്ലെങ്കില്‍ 2020ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയമാകുമെന്നായിരുന്നു ദീക്ഷിത് അടക്കമുള്ളവരുടെ നിലപാട്.

ഇപ്പോൾ, ഡൽഹി നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ഷീലാ ദീക്ഷിത് ഏതാണ്ട് പരാജയത്തിലേക്ക് വീണു കഴിഞ്ഞു. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പ്രകാരം ബിജെപിയുടെ മനോജ് തിവാരി 1,55,443 വോട്ടുകൾ നേടി നീങ്ങുമ്പോൾ ഷീലാ ദീക്ഷിത് ഇതുവരെ നേടിയിരിക്കുന്നത് 55,000 വോട്ടാണ്. അജയ് മാക്കനും പരാജയം രുചിക്കുകയാണ്. എതിർ സ്ഥാനാര്‍ത്ഥി 83,978 വോട്ടുകൾ നേടി മുന്നേറുമ്പോൾ അജയ് മാക്കൻ 45,175 വോട്ടുകളാണ് നേടിയിരിക്കുന്നത്.

2014 ലോകസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഡല്‍ഹി തൂത്തുവാരിയിരുന്നു. തങ്ങളുടെ ഭരണനേട്ടങ്ങളും, സംസ്ഥാനത്തെ കേന്ദ്ര ഇടപെടലുകളുമെല്ലാം ചർച്ചയാക്കി ഇത്തവണ നേട്ടം കൊയ്യാമെന്നായിരുന്നു ആംആദ്മിയുടെ പദ്ധതിയെങ്കിലും കോൺഗ്രസ്സ് അതിന് സന്നദ്ധത കാണിച്ചില്ല.

2014 ബിജെപിയുടെ വോട്ടുവിഹിതം 46.40% ആയിരുന്നു. 15.10% ആണ് കോൺഗ്രസ്സിന്റെ അന്നത്തെ വിഹിതം. ആംആദ്മി പാർട്ടിക്ക് 32.90% വിഹിതമുണ്ടായിരുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടുക അബദ്ധമാണെന്ന ധാരണ എഎപിക്കും കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനുമിടയിൽ ശക്തമായതിന് കൃത്യമായ കണക്കുകളുടെ പിൻബലമുണ്ടായിരുന്നു. എന്നാൽ എഎപി തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം നടത്തുമ്പോഴെല്ലാം തങ്ങളുടെ വോട്ടുവിഹിതം കുറയുന്നുവെന്നത് കോൺഗ്രസ്സിലെ ഒരു പ്രബലമായ വിഭാഗത്തിന്റെ പേടിസ്വപ്നമായിരുന്നു.

വരാനിരിക്കുന്ന ദിനങ്ങൾ എഎപിയെ സംബന്ധിച്ചും അതിന്റെ നേതാക്കളെ സംബന്ധിച്ചും കൊടിയ പരീക്ഷണങ്ങളുടേതായിരിക്കുമെന്നു വേണം കരുതാൻ. പൊലീസ് സംവിധാനമടക്കം നിർണായകമായ ഭരണ സംവിധാനങ്ങളൊന്നിന്റെയും നിയന്ത്രണമില്ലാത്ത ഡൽഹി മുഖ്യമന്ത്രി ഇനിയേറെ വിയർക്കേണ്ടി വരും. താൻ കൊല ചെയ്യപ്പെട്ടു കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നുവെന്ന് ഈയിടെയാണ് അർവിന്ദ് കെജ്രിവാൾ ആരോപിച്ചത്. തെരഞ്ഞെടുപ്പിന്റെ ചൂടിലാണെങ്കിൽപ്പോലും അത്തരമൊരു പ്രസ്താവന നടത്താൻ കെജ്രിവാളിനെപ്പോലൊരു നേതാവിന് പ്രേരണയുണ്ടായിട്ടുണ്ടെങ്കിൽ അത് ചെറിയൊരു പ്രശ്നമല്ല. തന്റെ ഭരണത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ഐഎഎസ് ഓഫീസർമാർക്കെതിരെ നടപടിയെടുപ്പിക്കാൻ ഗവർണറുടെ വസതിയിൽ ഇരിപ്പു സമരം വരെ നടത്തേണ്ടി വന്ന കെജ്രിവാളിന് ഇനിയുള്ള ദിനങ്ങൾ മറികടക്കുക അതിലേറെ കഠിനമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍