പ്രതിപക്ഷ സഖ്യത്തെ ചെളിക്കുളത്തോടുപമിച്ചാണ് കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിന് മോദി മറുപടി നൽകിയത്.
രാഹുൽ ഗാന്ധി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചേരുന്ന ആദ്യത്തെ കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി യോഗത്തിൽ പാർട്ടിയുടെ 2019 നയപ്രഖ്യാപന രംഗമാക്കി മാറ്റി സോണിയ ഗാന്ധി. പ്രയോഗത്തിലെത്തിക്കാൻ സാധിക്കുന്ന സഖ്യം സൃഷ്ടിക്കാന്‍ പ്രതിബദ്ധമാണ് കോൺഗ്രസ്സ് എന്ന് സോണിയ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച സോണിയ, പരാജയത്തിലേക്കുള്ള വഴിയിലാണെന്നറിഞ്ഞ നരേന്ദ്രമോദി പരിഭ്രാന്തിയിലാണെന്ന് പറഞ്ഞു. ഇത് മോദിയുടെ വിടുവാക്കുകളിൽ കാണാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ദരിദ്രർക്കിടയിൽ ഭീതിയും നിരാശയും വളർന്നുകഴിഞ്ഞതായി സോണിയ ഗാന്ധി പറഞ്ഞു. ബിജെപി സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും സോണിയ വ്യക്തമാക്കി.
രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, ശക്തി സിങ് എന്നീ നേതാക്കൾ കോൺഗ്രസ്സിന്റെ സഖ്യത്തിന്റെ കേന്ദ്രമാക്കി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. രാഹുൽ ഗാന്ധിയായിരിക്കണം പ്രതിപക്ഷ സഖ്യത്തിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തെ ചെളിക്കുളത്തോടുപമിച്ചാണ് കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിന് മോദി മറുപടി നൽകിയത്. ഈ ചെളിക്കുളത്തിൽ താമര മാത്രമേ വിരിയൂ എന്നും മോദി പറഞ്ഞിരുന്നു. ഇതിനെയാണ് പരിഭ്രാന്തനായ ആളുടെ വിടുവായത്തം എന്ന് സോണിയ വിശേഷിപ്പിച്ചിരിക്കുന്നത്.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടക്കവെയാണ് വർക്കിങ് കമ്മറ്റി മീറ്റിങ് നടക്കുന്നത്. 2019നു ഇലക്ഷനു മുമ്പായി ഇനിയൊരു സമ്പൂർണ പാർലമെന്റ് സമ്മേളനം നടക്കില്ല. കഴിഞ്ഞദിവസം ടിഡിപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തിയ പ്രകടനം പാർട്ടിയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്.