UPDATES

‘മിഷൻ ശക്തി പ്രഖ്യാപനം’: പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉദ്യോഗസ്ഥ സമിതി

മോദിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ആഭ്യന്തര ചര്‍ച്ചകൾ നടത്തി വരികയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രധാനമന്ത്രിയുടെ ‘മിഷൻ ശക്തി പ്രഖ്യാപനം’ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിച്ചു. ഒരു വാർത്താക്കുറിപ്പിലൂടെയാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

അതെസമയം ഈ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ട സമയക്രമം സംബന്ധിച്ച് നിർദ്ദേശങ്ങൾ വല്ലതും നൽകിയിട്ടുണ്ടോയെന്നത് വാർത്താക്കുറിപ്പിൽ വ്യക്തമല്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ നൽകിയ പരാതികളെത്തുടർന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന് ഇടപെടേണ്ടി വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും ഇതിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞതാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു കമ്മീഷനെ മുൻകൂട്ടി അറിയിച്ചിരുന്നോയെന്നും അറിയിച്ചിരുന്നെങ്കില്‍ അതിന് അനുമതി നൽകിയിരുന്നോയെന്നും യെച്ചൂരി ചോദിച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി നൽകിയതിന്റെ പ്രത്യേക കാരണമെന്തെന്ന് രാജ്യത്തിന് ആഗ്രഹമുണ്ടെന്നും യെച്ചൂരി തന്റെ കത്തിൽ വ്യക്തമാക്കി.

മോദിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ആഭ്യന്തര ചര്‍ച്ചകൾ നടത്തി വരികയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കമ്മീഷന് പക്ഷപാതിത്വമുണ്ടെന്ന് സൂചിപ്പിക്കുന്ന വിമർശനങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യം കൂടി നിലനില്‍ക്കെയായിരുന്നു കമ്മീഷന്റെ നടപടി. രാജ്യസുരക്ഷ സംബന്ധിച്ച അടിയന്തിര സാഹചര്യങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ല. എന്നാൽ ഇത്തരമൊരു അടിയന്തിര സാഹചര്യത്തിലാണോ മോദി തന്റെ പ്രഖ്യാപനം നടത്തിയതെന്നത് പരിശോധിക്കേണ്ടതുണ്ട്. ഇത് പരിശോധിക്കാനായി പ്രതിരോധമന്ത്രാലയത്തിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നടന്നിരുന്നോയെന്ന് പരിശോധിക്കാനും കമ്മീഷൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരികയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍