UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനന്ദ് തെൽതുംദെയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം; എല്ലാ ജനാധിപത്യവാദികളും രംഗത്തുവരണമെന്ന് ആഹ്വാനം

ദളിത് ബുദ്ധിജീവിയായ ആനന്ദ് തെൽതുംദെയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അപലപിച്ചു. ബിജെപിയുടെ സർവ്വാധിപത്യത്തിന്റെ ആക്രമണമെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഒരു വാർത്താക്കുറിപ്പിലൂടെയാണ് ആനന്ദിനെ അറസ്റ്റ് ചെയ്തതിനോട് സിപിഎം പ്രതികരിച്ചത്.

ആനന്ദിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ നിർദ്ദേശം നിലനില്‍ക്കവെയാണ് പൂനെ പൊലീസ് മുംബൈ എയർപോർട്ടിൽ നിന്ന് പുലർച്ചെ 3.30ന് അറസ്റ്റ് നടപ്പാക്കിയതെന്ന് വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. ഫെബ്രുവരി 11 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ പകയോടെയുള്ള സമീപനത്തെയാണ് ഈ അറസ്റ്റ് കാണിക്കുന്നത്. തങ്ങളുടെ വർഗീയ അജണ്ടയോട് എതിരു നിൽക്കുന്നത് ആരായിരുന്നാലും അവരെ നിശ്ശബ്ദരാക്കുക എന്ന നയമാണ് ബിജെപിക്കും അവരുടെ സർക്കാരിനുമുള്ളത്. മനുഷ്യാവകാശ പ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ ഒരു വേട്ട തന്നെ ആസൂത്രണം ചെയ്തിരിക്കുകയാണ് സംഘപരിവാർ. ‘അർബൻ നക്സലുകൾ’ എന്ന ഓമനപ്പേരിട്ടാണ് പണ്ഡിതരെ ബിജെപി കൈകാര്യം ചെയ്യുന്നത്. എല്ലാ ജനാധിപത്യ ശക്തികളും ഈ അറസ്റ്റിനെതിരെ ശക്തമായി രംഗത്തു വരണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഘടിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമെതിരായ സംഘപരിവാറിന്റെ സര്‍വ്വാധിപത്യപരമായ ആക്രമണത്തിനെതിരെ ശക്തമായ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരാനും സിപിഎം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍